ADVERTISEMENT

അബുദാബി ∙ യുഎഇയുടെ ആദ്യ വനിതാ കർഷകയായ അംന ഖലീഫ അൽ ഖെംസിക്ക് രാജ്യത്തിന് കാണിക്കയായി നൽകാനുണ്ടായിരുന്നത് താൻ നട്ടുവളർത്തിയ ജൈവിക പച്ചക്കറികളും പഴങ്ങളും. പതിറ്റാണ്ട് മുൻപ് തന്റെ വീടിന് ചുറ്റും നട്ടുവളർത്തിയ പഴവും പച്ചക്കറികളും യുഎഇയുടെ സ്ഥാപക പ്രസിഡന്റും രാഷ്ട്രപിതാവുമായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്  ഉപഹാരമായി സമർപ്പിച്ചിരുന്നു. അന്ന് ഇൗ സ്വദേശി വനിതയുടെ കാർഷികവൃത്തിയോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ് കൃഷി ചെയ്യാനായി ഒരു ഫാം തന്നെ അദ്ദേഹം അനുവദിച്ചുനൽകി. ഇപ്പോഴിതാ ചരിത്രം ആവർത്തിക്കുന്നു; കഴിഞ്ഞ ദിവസം  പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നേരിട്ട്  ഇൗ വയോധിക വിഭവങ്ങൾ സമർപ്പിച്ചപ്പോൾ ഒരു സ്വദേശി വനിതയുടെ ആത്മസർപ്പണത്തിന്റെ കേളികൊട്ടായി മാറി അത്.

യുഎഇയുടെ ആദ്യ വനിതാ കർഷകയായ അംന ഖലീഫ അൽ ഖെംസിയെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചപ്പോൾ. Credit-WAM
യുഎഇയുടെ ആദ്യ വനിതാ കർഷകയായ അംന ഖലീഫ അൽ ഖെംസിയെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചപ്പോൾ. Credit-WAM

∙ ഒന്നും രണ്ടുമല്ല, ഒൻപത് കുട്ടകളിൽ പഴം പച്ചക്കറികൾ
ഒന്നും രണ്ടുമല്ല, ഒൻപത് കുട്ടകളിൽ നിറയെ പഴങ്ങളും പച്ചക്കറികളുമാണ് അംന ഷെയ്ഖ് മുഹമ്മദിന് സമർപ്പിച്ചത്. അംനയെ ഷെയ്ഖ് മുഹമ്മദ് ആദരിക്കുകയും ചെയ്തു. 

uae-first-female-farmer-amna-khalifa-al-qemzi
അംന ഖലീഫ അൽ ഖെംസി തന്റെ ഫാമിൽ. Credit: Video screen shot/abudhabi awards

∙ തക്കാളി, മുന്തിരി, അത്തിപ്പഴം, തണ്ണിമത്തൻ; വിദേശങ്ങളിൽ നിന്നും വിത്തുകൾ
വർഷങ്ങളായി തക്കാളി, മുന്തിരി, അത്തിപ്പഴം, തണ്ണിമത്തൻ, ചുവന്ന മുളക് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന വിളകൾ കൃഷിചെയ്യുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിത്തുകൾ യുഎഇയിൽ നടാനും അവർക്ക് കഴിഞ്ഞു.  അത് ശീതകാല നടീലിൽ മാത്രം ഒതുങ്ങി നിന്നില്ല, വേനൽക്കാലത്തും കൃഷി ചെയ്തു.  

uae-first-female-farmer-amna-khalifa-al-qemzi
അംന ഖലീഫ അൽ ഖെംസി തന്റെ ഫാമിൽ. Credit: Video screen shot/abudhabi awards

ആദ്യനാളുകളിൽ അബുദാബിയുടെ പന്ത്രണ്ടാമത്തെ ഭരണാധികാരിയായ ഷെയ്ഖ് ഷഖ്ബുത് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാലഘട്ടത്തിലാണ് അംന കൃഷി ഒരു ഹോബിയായി ആരംഭിച്ചത്. തണ്ണിമത്തൻ വിത്തുകൾ നട്ടുപിടിപ്പിച്ച് അവ വിജയകരമായി വിളവെടുത്തതും ഷെയ്ഖ് ഷഖ്ബുത്തുമായി വിളവ് പങ്കിട്ടതും അവർ ഓർക്കുന്നു. അംന  കൃഷി പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തതിനാൽ തങ്ങളുടെ ഭൂമി തീർച്ചയായും അനുഗ്രഹീതമാണ് എന്നായിരുന്നു അന്ന് അംനയുടെ നേട്ടങ്ങളിൽ ആകൃഷ്ടനായ ഷെയ്ഖ് ഷഖ്ബുത് അഭിപ്രായപ്പെട്ടത്. അബുദാബി അവാർഡ്സ് പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.    ഇത്തിരി സ്ഥലത്ത് അംനയുടെ കാർഷിക പദ്ധതി ആരംഭിച്ചെങ്കിലും അവരുടെ ഉത്സാഹവും അഭിനിവേശവും കാർഷിക സംരംഭം വിപുലീകരിക്കാൻ പ്രാപ്തയാക്കി. ആ വിളകളിൽ ആകൃഷ്ടനായ ഷെയ്ഖ് സായിദ് അംനയ്ക്കായി ഒരു ഫാം റജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. അത്തിപ്പഴം, മുന്തിരി, 70-ലേറെ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ വിപുലമായ വിളകൾ കൃഷി ചെയ്യാൻ ഇത് പ്രേരകമായി.

uae-first-female-farmer-amna-khalifa-al-qemzi
അംന ഖലീഫ അൽ ഖെംസി തന്റെ ഫാമിൽ. Credit: Video screen shot/abudhabi awards

∙സ്ഥലമുണ്ടോ എന്ന് നോക്കേണ്ട; ഉള്ള സ്ഥലത്ത് കൃഷിചെയ്യുക
സ്ഥലത്തിന്റെ വലിപ്പച്ചെറുപ്പം കണക്കിലെടുക്കാതെ കൃഷിയിൽ ഏർപ്പെടാൻ പൊതുസമൂഹത്തെ അംന പ്രോത്സാഹിപ്പിക്കുന്നു. വീട്ടിന് ചുറ്റും സ്ഥലമുള്ള എല്ലാവരെയും, അത് എത്ര ചെറുതാണെങ്കില്‍പോലും പഴം–പച്ചക്കറി ചെടികൾ നടാൻ  പ്രോത്സാഹിപ്പിക്കുന്നു. ഏത് കർഷകനും തന്റെ വിളവെടുപ്പ് കാണുമ്പോൾ നൽകുന്ന സന്തോഷം അനിര്‍വചനീയമായിരിക്കും. ചരിത്രം, ആധികാരികത, കൊടുക്കൽ, ഔദാര്യം എന്നിവയുടെ പ്രതീകമായിട്ടാണ് താൻ അംനയെ കാണുന്നതെന്ന് സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചർ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് മാനേജർ ഇബ്രാഹിം അൽ ഹാഷ്മി അബുദാബി അവാർഡിന്റെ വിഡിയോയിൽ പറഞ്ഞു. അവർ അതുല്യയാണ്. ഈ സ്ത്രീ ഭാവി തലമുറകൾക്ക് ഒരു മാതൃകയാണ്. 

∙അംനയുടെ വിജയകഥ യുവജനതയ്ക്ക് മാതൃക
യുഎഇയിലെ നിരവധി യുവ കർഷകർക്കും യുവാക്കൾക്കും അംനയുടെ ജീവിതം ഒരു മാതൃകയും പ്രചോദനവുമാകുന്നുവെന്ന് ഓർഗാനിക് ഫാമിന്റെ സഹസ്ഥാപകൻ സയീദ് അൽ റെമേത്തി പറഞ്ഞു. അംനയെ കാർഷികരംഗത്തെ ഒരു മുൻനിരക്കാരിയായാണ് താൻ പരിഗണിക്കുന്നതെന്നും പറഞ്ഞു.

English Summary:

UAE’s first female farmer Amna Khalifa Al Qemzi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com