ADVERTISEMENT

റിയാദ് ∙ തപസ്സുപോലെ പല ദിവസങ്ങളായി സിവിൻ എന്ന കട്ട ആരാധകന്റെ കാത്തുനിൽപ്പ് വെറുതെയായില്ല. സിവിന് തന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് തന്റെ ഹീറോ റോണാൾഡോ. ഇന്നലെ രാവിലെ 11 മണിയോടെയാണ് ക്രിസ്റ്റ്യാനോ റോണാൾഡോ അൽ നാസർ ക്ലബ്ബ് കവാടത്തിൽ പ്രതീക്ഷയോടെ സിആർ 7 പോസ്റ്ററുമൊക്കെ പിടിച്ചു നിൽക്കുന്ന സിവിനു സമീപം കാർ നിർത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു നോക്ക് അടുത്തുകാണാൻ കാത്ത് നിൽക്കുകയായിരുന്നു ദുബായിൽ ജോലി ചെയ്യുന്ന മലയാളി ആരാധകനായ ഈ യുവാവ്. പിന്നെ നടന്നത് അസാധ്യമെന്ന് കരുതിയ ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു.

അത്ഭുതത്തോടെ മതിമറന്നു പരവേശത്തോടെ തന്നെ നോക്കി നിൽക്കുന്ന സുവിന്റെ കണ്ണുകളിലേക്ക് , ഡ്രൈവിങ് സീറ്റിലിരിക്കുന്ന ക്രിസ്റ്റ്യാനോ റോണാൾഡോ ഗ്ലാസ് താഴ്ത്തി മുഖം നിറയെ ചിരിയുമായി നോക്കി. ആകെ സ്തബ്ദനായിപ്പോയ സിവിൻ പെട്ടെന്ന് കയ്യിൽ കരുതിയിരുന്ന വെളുത്ത ജെഴ്സി  വിറയ്ക്കുന്ന കൈകളോട് നീട്ടി. കാറിൽ ഇരുന്നു തന്നെ റൊണാൾഡോ കുപ്പായത്തിൽ കയ്യൊപ്പ് ചാർത്തി നൽകി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം നേടിയ ആവേശത്തിൽ സിവിൻ ഉറക്കെ ഒരു നിലവിളിയോടെ പറഞ്ഞു, ലോകമേ കാണുമോ... എന്റെ സ്വപ്നങ്ങളുടെ പിറകേയുള്ള യാത്ര വെറുതേയായില്ല. ഇഷ്ടതാരത്തെ കാണാൻ കൊതിയോടെ മരുഭൂമിയും താണ്ടി 1200 കിലോമീറ്റർ ദൂരം കടന്ന് സിവിൻ നടത്തിയ സാഹസിക പദയാത്രയും 7 ദിവസത്തെ തുടർച്ചയായ കാത്തുനിൽപ്പുമൊക്കെ മനോരമ ഓൺലൈൻ കഴിഞ്ഞ ദിവസം പുറത്തെത്തിച്ചിരുന്നു.

ക്രിസ്റ്റ്യാനോക്കൊപ്പം ഒരു സെൽഫി സ്വപ്നം സാക്ഷാത്കരിച്ച സിവിൻ.
ക്രിസ്റ്റ്യാനോക്കൊപ്പം ഒരു സെൽഫി സ്വപ്നം സാക്ഷാത്കരിച്ച സിവിൻ.

∙ റൊണാൾഡോയുടെ വെളുത്ത ബെന്റ്ലി തൊട്ടരികിൽ നിർത്തി .. എല്ലാം മറന്ന് നിമിഷങ്ങൾ.

ഇന്നലെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിനമെന്ന് മനോരമ ഓൺലൈനിനോട് സിവിൻ പറഞ്ഞു. എല്ലാ ദിവസത്തെയും പതിവ് ഞാൻ 8 മണിക്ക് റൂമിൽ നിന്ന് ഇറങ്ങും അൽ നാസറിന്റെ കവാടത്തിൽ , വൈകിട്ട് 6 വരെയൊക്കെ കാത്തിരിക്കും. സാധാരണ രാവിലെ 11 മണിക്ക് ക്ലബിലേക്ക് റൊണാൾഡോ വരുന്നതും 3ന് മടങ്ങുന്നതും കാണാനും കഴിയുമല്ലോയെന്നോർത്താണ് ആ സമയത്ത് ഞാനും കാലേക്കൂട്ടി എത്തുന്നത്. ആരെങ്കിലും താരത്തെ കാണാൻ എന്തേലും വഴികാണിച്ചു തന്നു സഹായിക്കുമെന്നു കരുതിയാണ് അവിടെ ബാക്കി സമയം തുടർന്നത്.

അൽ നാസർ ക്ലബ് കവാടത്തിൽ ക്രിസ്റ്റ്യാനോ റോണാൾഡോ സിവിന് കുപ്പായത്തിൽ  കൈയ്യൊപ്പ് ചാർത്തി നൽകുന്നു.
അൽ നാസർ ക്ലബ് കവാടത്തിൽ ക്രിസ്റ്റ്യാനോ റോണാൾഡോ സിവിന് കുപ്പായത്തിൽ കൈയ്യൊപ്പ് ചാർത്തി നൽകുന്നു.

'വ്യാഴാഴ്ചയും പതിവ് പോലെ എത്തി ഒറ്റക്ക് ഗെയ്റ്റിൽ കാത്തു നിൽക്കുകയായിരുന്നു.  ഒരു ഏഴാം നമ്പർ വെളുത്ത ബെൻ്റലി കാർ ഒഴുകിയെത്തി എന്റെ അരികിൽ നിർത്തി. പതിവില്ലാതെ ഒരു കാർ എന്റെ സമീപം ചേർന്നു നിർത്തിയിരിക്കുന്നു. ആകാംക്ഷയോടെ ഞാൻ നോക്കി. ഗ്ലാസ് താഴ്ത്തി  നീലകുപ്പായത്തിൽ ഒരാൾ എന്നെ നോക്കി ചിരിക്കുന്നു. ദൈവമേ... എന്റെ റൊണാൾഡോ. എന്റെ എക്കാലത്തെയും ഹീറോ തൊട്ടരികെ. സത്യമോ അതോ തോന്നലോ... പറയാൻ വാക്കുകൾ കിട്ടുന്നില്ല.. പറയാനായി പലവട്ടം ഉരുവിട്ടു പഠിച്ച പോർച്ചുഗൽ ഭാഷയിലെ വാക്കുകൾ എവിടെയൊ മറന്നുപോയി. കൈയും കാലുമൊക്കെ ടെൻഷൻ കയറി വിറച്ചു. ഫോട്ടോ എടുക്കണൊ, വിഡിയോ പിടിക്കണോ എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയാതെ ആകെ ആശയക്കുഴപ്പമായി' - സിവിന്റെ വാക്കുകളിൽ ഇപ്പോഴും ഇടറുന്നു. 

'തിരികെ കിട്ടിയ ശബ്ദത്തിൽ എങ്ങനെയൊക്കെയൊ പോർച്ചുഗീസ് ഭാഷയിൽ അറിയാവുന്നതൊക്കെ പറഞ്ഞൊപ്പിച്ചു. അത് കേട്ട് വീണ്ടും റോണാൾഡോ അതിമനോഹരമായി ചിരിച്ചു. ഞാൻ കൈവശം സൂക്ഷിച്ചിരുന്ന വെളുത്ത നിറത്തിലുള്ള നമ്പർ 7 ജെഴ്സി കൈകളിലേക്ക് നീട്ടിപിടിച്ചു. ഇതിനിടയിൽ മറുകൈയ്യിൽ മൊബൈലിൽ എങ്ങനെയോ സെൽഫി എടുക്കാനായി. എനിക്ക് കൂട്ടായി ആരുമില്ലാത്തതിനാൽ പരിഭ്രമത്തിലും വെപ്രാളത്തിലും എങ്ങനെയൊക്കെയൊ പടം പിടിച്ചു. റൊണാൾഡോ എനിക്ക് സമീപം കാർ നിർത്തിയത് കണ്ടതോടെ സമീപത്തുളള കാറുകളിലുണ്ടായിരുന്ന ആരാധകരായ ചെറുപ്പക്കാരും അദ്ദേഹത്തെ കാണാനും ഫോട്ടോ എടുക്കാനുമായി ഓടി എത്തിയതോടെ ആകെ തിരക്കായി. അവരെല്ലാം കൂടി തിക്കിതിരക്കിയതൊടെ ഞാൻ റോണോൾഡോയുടെ അടുത്ത് നിന്ന് സെൽഫിയെടുക്കാനുള്ള ശ്രമവും പാഴായി' - സിവിൻ പറയുന്നു. 

റോണാൾഡോ കൈയ്യൊപ്പ് ചാർത്തിയ കുപ്പായത്തിന് ഒരു ചുംബനം.
റോണാൾഡോ കൈയ്യൊപ്പ് ചാർത്തിയ കുപ്പായത്തിന് ഒരു ചുംബനം.

കഴിഞ്ഞ ദിവസം അൽനാസർ ക്ലബ് അധികൃതർ സിവിന് ചെറു സമ്മാനം നൽകിയിരുന്നു. തന്റെ ആഗ്രഹവും വന്ന വഴികളുമൊക്കെ അവരൊട് പങ്കു വെച്ചുവെങ്കിലും ആരാധകരെ ഇത്തരത്തിൽ കാണുന്നത് സാധ്യമല്ലെന്നായിരുന്നു ലഭിച്ച മറുപടി. ഇതിനിടെ പ്രാദേശിക മാധ്യമങ്ങളിലും സൗദി എംബിസി ചാനലിലുമൊക്കെ തന്റെ യാത്രയും കാത്തു നിൽപ്പുമൊക്കെ വന്നത് റൊണാൾഡോ കണ്ടിട്ടുവാം. കൂടാതെ എല്ലാ ദിവസവും കാലത്തും വൈകിട്ടും തന്നെ സ്ഥിരമായി ഗേറ്റിൽ കാണുന്നതും ശ്രദ്ധിച്ചിട്ടും ഉണ്ടാവും. മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞിട്ടാവും തന്നെപ്പോലെ ഒരു സാധാരണ ആരാധകന്റെ ചെറുതെന്നു കരുതാവുന്ന വലിയ സ്വപ്നം സാധിച്ചുതരാൻ അരികിലെത്തിയത്. ഏതാനും മിനിറ്റുകൾ മാത്രമാണെങ്കിലും എനിക്ക് ഇത് ജൻമസാഫല്യമാണ് ഇതിൽപരം സന്തോഷം ഒന്നുമില്ല. എന്നും ഓർക്കപ്പടുന്ന തരത്തിൽ ഇത്രയും ദുർഘടമായ പാതയിലൂടെ നടന്നെത്തി അദ്ദേഹത്തെ കാണാനായതിൽ മലയാളി എന്ന നിലയിൽ അഭിമാനിക്കുന്നതായും സിവിൻ പറഞ്ഞു. സ്വപ്നത്തിന് പിറകെ സഞ്ചരിക്കണമെന്ന തന്റെ ടാഗ് ലൈൻ വീണ്ടും വിജയിച്ചതിന്റെ ചാരിതാർഥ്യത്തിൽ ഇനി തിരികെ ഈ യുവാവിന് തിരികെ ദുബായിക്ക് മടങ്ങി ജോലിക്ക് കയറണം .

അദ്ദേഹത്തോട് സംസാരിക്കുന്നതിനായി പോർച്ചുഗീസ് ഭാഷ പഠിച്ചെടുത്തത് ഗൂഗിൾ നോക്കിയായിരുന്നു. ഞാൻ ഇന്ത്യക്കാരനായ കേരളീയനായ അങ്ങയുടെ ആരാധകനാണ്. ദുബായിൽ നിന്നും 38 ദിവസത്തെ കാൽനടയാത്ര നടത്തിയാണ് ഞാൻ വന്നത്. അങ്ങയെ എനിക്ക് ഏറെ ഇഷ്ടമാണ് ആ സ്നേഹവു ആദരവും കാണിക്കാനാണ് ഞാൻ നടന്നുവന്ന് ഇവിടെ കാത്തു നിന്നത്. എനിക്ക് ഒരു ഫോട്ടോക്ക് ഒപ്പം നിൽക്കാമോ, എനിക്ക് ഒരു ഒപ്പ് സമ്മാനിക്കുമോ ഇതായിരുന്നു ഞാൻ പഠിച്ചു വെച്ച റൊണാൾഡോയുടെ ഭാഷ. റൂബുൽ ഖാലി മരുഭൂമിയിലൂടെ നടന്നപ്പോൾ മുഴുവൻ ഒരു മന്ത്രം പോലെ ഉരുവിട്ടു പഠിച്ചിരുന്നു. ഇൻസ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റോണാൾഡോയോട് പറയാനുളള സിവിന്റെ  പോർച്ചുഗീസ് ഭാഷാ പരിശീലനം കണ്ടത്  80 ലക്ഷം ആളുകളാണ് കണ്ടത്.

താമരശ്ശേരി, കോടഞ്ചേരി, കണ്ണോത്ത് സ്വദേശി സിവിൻ ദുബായിൽ നിന്നും 38 ദിവസത്തെ നടത്തത്തിനു ശേഷമാണ് റിയാദിൽ എത്തിയത്. സൗദി അതിർത്തിയെ ഏറ്റവും വലിപ്പമേറിയ വന്യമായ റുബൽ ഖാലി മരുഭൂമിയിലൂടെയാണ് സിവിൻ എകാന്ത യാത്ര തുടർന്നത്. മാർച്ച് 7ന് തുടങ്ങിയ യാത്ര എപ്രിൽ 12-നാണ് റിയാദിൽ എത്തുന്നത്. നാട്ടിൽ ഗ്രോസറി സ്ഥാപനം നടത്തുന്ന കണ്ണോത്ത്, കടിയൻമലയിൽ കെ.ഒ. പൈലിയുടെയും വീട്ടമ്മയായ ജെസ്സിയുടേയും ഏറ്റവും ഇളയ മകനാണ് അവിവാഹിതനായ സിവിൻ. അഞ്ജു, ജെസ്ന എന്നിവർ മുതിർന്ന സഹോദരിമാരാണ്.

മാസങ്ങളോളം നീണ്ടു നിൽക്കുന്ന ഇത്തരം ഏകാന്ത സഞ്ചാരത്തിന് മാതാപിതാക്കളും സഹോദരിമാരുൾപ്പെടെയുള്ളവരുടെ പിന്തുണയുമുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം കൂടാതെ വഴിയിലൂടെയുളള നടത്തത്തിൽ വാഹനങ്ങളെ ശ്രദ്ധിച്ച് നീങ്ങണം എന്നുള്ള കരുതലോടെയുള്ള ഉപദേശമാണ് ലഭിക്കുന്നത്. ഒരു ബാക്ക് ബാഗിൽ എടുക്കാവുന്ന വസ്ത്രങ്ങളും, സാധനങ്ങളും, കുടയും, കൊച്ചുകൂടാരവുമാണ് കുടിവെള്ളവുമാണ് യാത്രയിൽ കൂടെ കരുതുക. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ബിബിഎ നേടിയ 28-കാരനായ ഈ യുവാവിന്  ഏകാകിയായി സഞ്ചരിക്കുമ്പോൾ പുതിയ വ്യക്തിബന്ധങ്ങൾ, ജീവീതഅനുഭവങ്ങൾ, വ്യത്യസ്തരായ ആളുകളെ കാണുക പരിചയപ്പെടുക, വിവിധ സംസ്കാരങ്ങളെ മനസിലാക്കുക എന്നിവയാണ് ലഭിക്കുന്നത്.

English Summary:

Walked for Dream Meet: Kozhikode Native Civin Walked 38 Days, Met Cristiano Ronaldo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com