പൂക്കളുടെ മഹോത്സവമായ യാൻമ്പു പുഷ്പോത്സവത്തിന് നാളെ സമാപനം
Mail This Article
യാൻമ്പു ∙ മൂന്നു മാസമായി നടന്നുവരുന്ന പൂക്കളുടെ മഹോത്സവമായ യാൻമ്പു പുഷ്പോത്സവത്തിന് ഏപ്രിൽ 30 ചൊവ്വാഴ്ച സമാപനം. സമാപന ദിവസം സന്ദർശകർക്കായി പ്രത്യേക പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. വാരാന്ത്യ അവധി ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും പതിനായിരങ്ങളാണ് പുഷ്പ നഗരിയിലെനെത്തിയത്.
മലയാളി വിനോദ യാത്രാ സംഘങ്ങളും കുടുംബങ്ങളും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ വർഷം മേള കാണാനെത്തി. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം യാൻമ്പു പുഷ്പമേള കാണാനെത്തിയതായി സംഘാടകർ അറിയിച്ചു.
'എല്ലാ തുടക്കത്തിനും അവസാനമുണ്ട്. ഞങ്ങൾ പൂക്കളും മനോഹരമായ പരിപാടികളും നിങ്ങൾക്കു നൽകിയപ്പോൾ നിങ്ങൾ അതു കൈ നീട്ടി സ്വീകരിച്ചു. ഏപ്രിൽ 30 ചൊവ്വാഴ്ച പതിനാലാമത് പുഷ്പമേളയുടെ സമാപനത്തിൽ പൂക്കളും പ്രത്യേക പരിപാടികളുമായി ഞങ്ങൾ നിങ്ങളോട് വിടപറയുകയാണ്. സമാപന പരിപാടികളിൽ പങ്കെടുക്കാൻ നിങ്ങളെ ഓരോരുത്തരെയും ഞങ്ങൾ ക്ഷണിക്കുകയാണ്". പത്രക്കുറിപ്പിൽ സംഘാടകർ കുറിച്ചു.
ആഗോള ശ്രദ്ധനേടിയ സൗദി- യാൻമ്പു പുഷ്പമേള മൂന്ന് ലോക റെക്കോഡുകളാണ് ഇത്തവണ നേടിയത്. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, പൂക്കൾകൊണ്ടുള്ള ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃക എന്നിവയാണത്. അതിവിശാലമായ പൂ പരവതാനിക്ക് രണ്ടു തവണ ഗിന്നസ് വേൾഡ് റെക്കോഡ് പുഷ്പമേള നേരത്തേ സ്വന്തമാക്കിയിരുന്നു.