'മലയാളി ഫ്രം ഇന്ത്യ' സിനിമയ്ക്ക് എതിരെ വീണ്ടും കോപ്പിയടി ആരോപണം
Mail This Article
ദുബായ്∙ മലയാളി ഫ്രം ഇന്ത്യ സിനിമയ്ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം. ദുബായിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ എഴുതിയ തിരക്കഥയിലെ ഭാഗങ്ങളാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം. 2020 മുതല്‍ ഇൗ തിരക്കഥയുടെ പിന്നിലായിരുന്നു താനെന്ന് സാദിഖ് പറഞ്ഞു. അടുത്തിടെ മരിച്ചുപോയ സുഹൃത്തും തിരക്കഥാകൃത്തുമായ നിസാം റാവുത്തറിനു വേണ്ടിയാണ് ഈ തിരക്കഥ എഴുതി തുടങ്ങിയത്. തിരക്കഥയുടെ തുടക്കം മുതൽ വാട്സാപ്പിലൂടെയും ഫോണിലൂടെയും ചർച്ച ചെയ്തതിന്റെ ഡിജിറ്റൽ തെളിവുണ്ട്. അബുദാബിയിലെ ഒരു ദ്വീപായിരുന്നു തിരക്കഥയുടെ പശ്ചാത്തലം. അവിടെ ഒരേ മുറിയിൽ ജീവിക്കുന്ന ഒരു മലയാളിയും പാക്കിസ്ഥാനിയും. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളായിരുന്നു ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ഫീൽഗുഡ് മൂവിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്.
ഇതേ ആശയമാണ് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലേതും എന്ന് സിനിമ കണ്ടവർക്ക് മനസിലാകും. നിസാം റാവുത്തർ സംവിധാനത്തിൽ നിന്ന് പിന്മാറുകയും ദുബായിൽ ക്യാമറാമാനായ ജിബിൻ ജോസ് സംവിധാനം ഏറ്റെടുക്കുകയും ചെയ്തു.
തന്റെ തിരക്കഥയുടെ പ്രമേയം അറിയാവുന്നവർ മലയാളി ഫ്രം ഇന്ത്യയ്ക്ക് അതുമായുള്ള സാമ്യം വിളിച്ചറിയിച്ചതായും പിന്നീട് സിനിമ കണ്ടപ്പോൾ തനിക്കും ബോധ്യമായെന്നും സാദിഖ് പറഞ്ഞു. ഒരേ ആശയം രണ്ടു പേരുടെ തലയിൽ ഉദിച്ചതാവും എന്നു കരുതിയാണ് മിണ്ടാതിരുന്നത്. എന്നാൽ, തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് കഥ സ്വന്തമാണെന്നു തെളിയിക്കാൻ കഴിഞ്ഞ ദിവസം ഹാജരാക്കിയ തെളിവുകളുടെ കണ്ടപ്പോൾ ഇത് തന്റെ കഥ തന്നെയാണെന്നു ബോധ്യപ്പെട്ടു. ഷാരിസ് ഹാജരാക്കിയ തിരക്കഥയുടെ പേര് ആൽക്കമിസ്റ്റ് എന്നായിരുന്നു. തന്റെ കഥയുടെ പേരും അതു തന്നെ. ആ പേരിൽ പോസ്റ്ററും ഡിസൈൻ ചെയ്തിരുന്നതായും സാദിഖ് പറഞ്ഞു.
നീതിക്ക് വേണ്ടിയുള്ള ശബ്ദമുയർത്തൽ മാത്രമാണിത്. ഞങ്ങളടക്കം ഇൗ മേഖലയിലേയ്ക്ക് പ്രതീക്ഷകളോടെ കടന്നുവരാൻ ആഗ്രഹിക്കുന്ന ഒരു തലമുറ, അതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പലരുടെയും അടുത്തുപോയി കഥയും മറ്റും അവതരിപ്പിക്കുകയും തിരക്കഥ കൈമാറുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ, അവരെയെല്ലാം തീർത്തും നിരാശരാക്കുകയും എന്നെന്നേക്കുമായി പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രവണത ഇൗ വ്യവസായ മേഖലയ്ക്ക് തന്നെ ശാപമാണ്. അത് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ടെന്നും സാദിഖ് പറഞ്ഞു. ജിബിൻ ജോസ്, ഫിറോസ് ഖാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.