പ്രതീക്ഷയുടെ കരംപിടിച്ച് ‘എച്ച് ഫോർ ഹോപ്’; അതിജീവന വിജയഗാഥയിൽ സന്തോഷിച്ച് അബുദാബി
Mail This Article
അബുദാബി∙ ഡോക്ടർമാരുടെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ വേദനകളിൽ നിന്ന് പ്രതീക്ഷയിലേക്കുള്ള യാത്ര അബുദാബിയിലെ അൽ ഖാനയിൽ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞു. "എച്ച് ഫോർ ഹോപ്" എന്ന ഡോക്യുമെന്‍ററി സീരീസിന്‍റെ ആദ്യ പ്രദർശനം പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം സമ്മാനിച്ചു. അനുഭവിച്ച വെല്ലുവിളികളും ആശ്വാസകരമായ വൈദ്യസഹായവും തീവ്രത ചോരാതെ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ അതിജീവിച്ചവരുടെ മുഖങ്ങളിൽ കണ്ണീരും പുഞ്ചിരിയും തെളിഞ്ഞു.
ബുർജീൽ ഹോൾഡിങ്സിനു കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) നിർമിച്ച ഈ ഡോക്യുമെന്‍ററി യഥാർഥ ജീവിതത്തിലെ രോഗികളുടെയും ഡോക്ടർമാരുടെയും അപൂർവവും സങ്കീർണ്ണവുമായ അനുഭവങ്ങൾക്കാണ് ദൃശ്യാവിഷ്ക്കാരമേകിയത്. പ്രദർശനത്തിന് മുന്നോടിയായി ഈ രോഗികളും ഡോക്ടർമാരും ഒരുമിച്ച് റെഡ് കാർപ്പെറ്റിലൂടെ നടന്നു. അഞ്ച് ഹ്രസ്വചിത്രങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ സീസൺ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. ഈ പ്രത്യേക സ്‌ക്രീനിങ്ങിൽ സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
∙ഹൃദയസ്പർശിയായ ജീവിത ആവിഷ്കാരങ്ങൾ
ഗർഭാവസ്ഥയിൽ തന്നെ സ്‌പൈന ബിഫിഡ എന്ന സങ്കീർണ്ണ രോഗാവസ്ഥ കണ്ടെത്തിയ കുട്ടിയുടെയും മാതാപിതാക്കളുടെയും ഹൃദയസ്പർശിയായ യാത്രയാണ് ഹ്രസ്വചിത്രങ്ങളിൽ ഒന്നിന്‍റെ പ്രമേയം. ബിഎംസിയിലെ ഡോ. മന്ദീപ് സിങ്ങിന്‍റെ നേതൃത്വത്തിൽ നടത്തിയ ഗർഭാശയ ശസ്ത്രക്രിയ അവരുടെ ജീവിതത്തിൽ വഴിത്തിരിവായി. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം ദമ്പതികൾ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകി. ഈ യാത്രയിൽ അവർ നേരിട്ട സംഘർഷങ്ങളും ആശങ്കകളും ഡോക്യുമെന്‍ററിയിൽ ചിത്രീകരിച്ചിരിട്ടുണ്ട്.
കഠിനമായ വേദനയാൽ ജീവിതം വഴിമുട്ടിയ ഫുട്ബോൾ പ്രേമിയായ ഒരു കുട്ടിയുടെ യാത്രയാണ് മറ്റൊരു ചിത്രം. ബിഎംസിയിലെ ഡോക്ടർമാർ ഇത് സിക്കിൾ സെൽ രോഗമാണെന്ന് കണ്ടെത്തി. തുടർന്ന്, ഡോ. സൈനുൽ ആബിദീന്‍റെ നേതൃത്വത്തിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഫുട്ബോൾ മൈതാനത്തിലേക്കുള്ള കുട്ടിയുടെ വിജയകരമായ തിരിച്ചുവരവ് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ തിയറ്ററിൽ കയ്യടികൾ ഉയർന്നു.
രോഗികളുടെയും കുടുംബങ്ങളുടെയും അനുഭവങ്ങളും ബിഎംസിയിലെ ലോകോത്തര ഡോക്ടർമാർ നൽകുന്ന പ്രഫഷനൽ വൈദഗ്ധ്യവും പരിചരണവും സമന്വയിപ്പിക്കുന്ന എച്ച് ഫോർ ഹോപ് പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നതോടൊപ്പം മികച്ച പരിചരണത്തിനും മെഡിക്കൽ മുന്നേറ്റങ്ങൾക്കുമുള്ള കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ പുരോഗതി ഉയർത്തികാട്ടുക കൂടിയാണ് ലക്ഷ്യമിടുന്നത്. രോഗത്തെ അതിജീവിച്ച് റെഡ് കാർപെറ്റിലൂടെ നടക്കാനായത് അവിസ്‌മരണീയ അനുഭവമായെന്ന് ചടങ്ങിനെത്തിയവരും കുടുംബാംഗങ്ങളും പറഞ്ഞു.
അബുദാബിയുടെ മെഡിക്കൽ മുന്നേറ്റം പ്രേക്ഷകരുമായി പങ്കിടുന്നതിനാണ് സീരീസിലൂടെ ശ്രമിക്കുന്നതെന്നും പ്രത്യാശയുടെ പ്രതീകങ്ങളാണ് ഇതിലെ ഓരോ അനുഭവങ്ങളെന്നും ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് രോഗികളുടെ ജീവിതത്തിൽ ചെലുത്താൻ കഴിയുന്ന അഗാധമായ സ്വാധീനത്തിന്‍റെ ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഈ ഹ്രസ്വചിത്രങ്ങൾ. എച്ച് ഫോർ ഹോപ് സീരീസിലെ വീഡിയോകൾ ബുർജീൽ മെഡിക്കൽ സിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് കാണാം.