ശസ്ത്രക്രിയ നടത്താൻ രോഗി അടുത്തുവേണ്ട; ടെലി റോബട്ടിക് റിമോട്ട് ശസ്ത്രക്രിയ വരുന്നു
Mail This Article
അബുദാബി ∙ ചികിത്സാരംഗത്ത് വിപ്ലവത്തിന് തുടക്കമിട്ട് അബുദാബിയിൽ ടെലി റോബട്ടിക് റിമോട്ട് ശസ്ത്രക്രിയ. ദക്ഷിണ കൊറിയയിലെ സോളിൽ മസ്തിഷ്കാഘാതം ബാധിച്ചയാളെ (ഡമ്മി) അബുദാബിയിലെ ഡോക്ടർ റിമോട്ട് കൺട്രോൾഡ് റോബട്ടിക് സിസ്റ്റം ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.
തലച്ചോറിൽ കട്ടപിടിച്ച രക്തമാണ് ഇതുവഴി നീക്കം ചെയ്തത്. അബുദാബിയിൽ നടന്ന ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിൽ പ്രദർശിപ്പിച്ച ഈ ദൃശ്യം ആരോഗ്യരംഗത്തെ ഭാവി സാധ്യതകളിലേക്കാണ് വെളിച്ചം വീശിയത്. 7000 കിലോമീറ്റർ അകലെയുള്ള രോഗിക്കാണ് അബുദാബിയിലിരുന്ന് ഡോ. വിറ്റർ മെൻഡസ് പെരേര റോബട്ടിക് ശസ്ത്രക്രിയ നടത്തിയത്. കാനഡയിലെ സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിലെ എൻഡോവാസ്കുലർ റിസർച് ആൻഡ് ഇന്നവേഷൻ ഡയറക്ടർ ആണ് ഡോ. പെരേര.
ഇത്തരം സാങ്കേതികവിദ്യ വ്യാപകമാകാൻ കുറച്ചു വർഷങ്ങൾകൂടി വേണ്ടിവരും. കിലോമീറ്ററുകൾ അകലെയുള്ള റോബട്ടിക് കൈകൾ വിദൂരമായി നിയന്ത്രിക്കാമെന്നാണ് പരീക്ഷണ ശസ്ത്രക്രിയയിലൂടെ സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ വർഷത്തിൽ 1.5 കോടി പേർക്ക് മസ്തിഷ്ക്കാഘാതം ഉണ്ടാകുന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. മസ്തിഷ്കത്തിലെ രക്തക്കുഴലിലെ കട്ടപിടിച്ച രക്തം ഒരു മൈക്രോകത്തീറ്റർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ നീക്കുന്നത് എങ്ങനെയെന്നും ഡോ. വിറ്റർ കാണിച്ചു. ഇത്തരം ചികിത്സയിൽ സമയം ഏറെ വിലപ്പെട്ടതാണ്. ഇത്തരം സങ്കീർണതകളാണ് എൻഡോവാസ്കുലർ ടെലിറോബട്ടിക്സ് വഴി പരിഹരിക്കാൻ ശ്രമിക്കുന്നത്. സ്ട്രോക് ബാധിച്ചവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിതെന്നും അദ്ദേഹം സമ്മേളനത്തിൽ വിശദീകരിച്ചു.