ADVERTISEMENT

18 തികഞ്ഞ മലയാളികൾ ചെയ്യുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് പാസ്പോർട്ട് എടുക്കുക, രണ്ട് ഡ്രൈവിങ് ലൈസൻസ് എടുക്കുക. ആദ്യത്തേതിന്റെ ലക്ഷ്യം വ്യക്തമാണ്. പ്രവാസ യാത്രയുടെ ആദ്യ പടിയാണത്. സ്വന്തം കാലിൽ നിൽക്കാൻ നമ്മുടെ ചെറുപ്പക്കാർക്ക് ധൈര്യം നൽകുന്നത് ഇപ്പോഴും പ്രവാസലോകം തന്നെ. മരുഭൂമിയിൽ ജീവിതം പച്ചപിടിപ്പിച്ചവരാണ് അവരുടെ മാതൃക. അങ്ങനെയൊരു ജീവിതം തേടിയാണ് ഓരോരുത്തരും കടൽ കടക്കുന്നത്. 

ചിലർ, മസറകളിൽ നജീബുമാരും ഗദ്ദാമകളുമൊക്കെ ആയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരുടെയും പ്രവാസ അനുഭവം അതല്ല. അടുത്ത വീട്ടിലെ ചേട്ടൻ വലിയ വീടുവച്ചതും കാറു വാങ്ങിയതും മക്കളെ കല്യാണം കഴിപ്പിച്ചതുമെല്ലാം ഈ മണ്ണിൽ വീണ വിയർപ്പിന്റെ പണം കൊണ്ടാണെന്ന് അറിയാവുന്നവർ വിമാനം കയറുന്നതിനെ ആർക്കു തടയാനാകും. 

അവിടെ വന്നാൽ, എങ്ങനാ, നല്ല ജോലി വല്ലതും കിട്ടുമോ? ഈ ചോദ്യം കേൾക്കാത്ത ഏതെങ്കിലും ഒരു പ്രവാസിയുണ്ടാകുമോ? ഫോണിൽ കുറഞ്ഞത് 5 പേരുടെയെങ്കിലും സിവി ഇല്ലാത്ത ആരെങ്കിലുമുണ്ടോ ഈ മണ്ണിൽ. മറ്റുള്ളവരെയും രക്ഷപ്പെടുത്തണമെന്ന ആഗ്രഹം ഓരോ പ്രവാസിയുടെയും മനസ്സിലുണ്ടാകും. അതിനായി അവർ ആത്മാർഥമായി ശ്രമിക്കുന്നുമുണ്ട്. അതിനിടയിൽ ഇവിടത്തെ ചില നിയമങ്ങളെക്കുറിച്ച് നമ്മളും നാട്ടിലുള്ളവരും അറി​ഞ്ഞിരിക്കുന്നത് നല്ലതാണ്. സന്ദർശക വീസയിൽ എത്തി ജോലി ചെയ്യുന്നത് കുറ്റകരമാണ്. സന്ദർശനത്തിനും വിനോദ സഞ്ചാര ആവശ്യത്തിനുമുള്ളതാണ് സന്ദർശക വീസ. അതുമായെത്തി ജോലിക്കു കയറുന്നത് ചിലരുടെ രീതിയാണ്. അങ്ങനെ വരുന്നവർ ഓർക്കുക, നിങ്ങൾക്കു ജോലി തരുന്നവർ ഒരുപക്ഷേ നിങ്ങളെ ചൂഷണം ചെയ്യാൻ കാത്തു നിൽക്കുന്നവരാകും. 

സന്ദർശക വീസ കാലാവധി എത്രയാണോ അത്രയുംനാൾ ശമ്പളമില്ലാതെ ജോലി ചെയ്യാൻ ഒരാളെ കിട്ടിയതിന്റെ അവസരം മുതലെടുക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ വലയിൽ വീണു പോയവർ ഒടുവിൽ സുമനസ്സുകളുടെ കാരുണ്യം കൊണ്ടോ രാജ്യത്തിന്റെ പൊതുമാപ്പിലൂടെയോ മാത്രമാണ് സ്വന്തം നാട്ടിലേക്കു മടങ്ങിയിട്ടുള്ളത്. സന്ദർശക വീസയിൽ വരുന്നവരെ ജോലിക്കു വയ്ക്കുന്നതും കുറ്റകരമാണ്. 

അതുകൊണ്ട് , ഇപ്പോൾ യുഎഇയിലേക്കു വരുന്നവരോട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചില ചോദ്യങ്ങൾ ചോദിക്കും. എന്തിനാണ് പോകുന്നത്, അവിടെ ആരാണ് ഉള്ളത്, എവിടെയാണ് താമസം, എത്ര പണമുണ്ട് കയ്യിൽ എന്നൊക്കെ? ഇതൊന്നും ആരുടെയും യാത്ര തടസ്സപ്പെടുത്താനല്ല. മറിച്ച്, നിങ്ങൾ അപകടത്തിലോ കെണികളിലോ വീഴാതിരിക്കാനാണ്. സന്ദർശക വീസയിൽ പോകുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കിൽ ഹോട്ടൽ ബുക്കിങ്ങിന്റെ വിവരം ഉദ്യോഗസ്ഥർ തിരക്കും. അതല്ല, ബന്ധുവിന്റെയോ സുഹൃത്തിന്റെയോ കൂടെയാണ് നിൽക്കുന്നതെങ്കിൽ അവരുടെ വിവരങ്ങളും വീസയും ആവശ്യപ്പെടും. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ തനിച്ചുള്ള യാത്രയാണെങ്കിൽ കുറ‍ഞ്ഞത് 5000 ദിർഹമെങ്കിലും കൈയിലുണ്ടാകണം.

ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളിൽ ഏതിനെങ്കിലും നിങ്ങൾക്ക് ഉത്തരമില്ലെങ്കിൽ നിങ്ങളുടെ യാത്ര തടസ്സപ്പെടാം. നിങ്ങളെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയയ്ക്കാം.  

ഇത്തരം കാര്യങ്ങൾ കർക്കശമാക്കിയതിന്റെ കാരണം വീസ തട്ടിപ്പുകേസുകൾ തന്നെയാണ്. ജോലി വാഗ്ദാനം വിശ്വസിച്ചു സന്ദർശക വീസയിൽ വന്ന് പെട്ടു പോയവർ ഒരുപാടുണ്ട്. ഇവിടെ വരുന്നവർ കഷ്ടപ്പെടാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് ഇമിഗ്രേഷനിൽ നടപടികൾ കൂടുതൽ കർശനമാക്കുന്നത്. പണമില്ലാത്തിന്റെ പേരിൽ നിങ്ങൾ ഏതെങ്കിലും റാക്കറ്റിന്റെ പിടിയിൽ പെട്ടുപോകാൻ പാടില്ല. 

റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ടവർ പിന്നീട് ഇഷ്ടമില്ലാത്ത മേഖലയിൽ ജോലി ചെയ്തും ശമ്പളവും താമസവും ഇല്ലാതെ കഷ്ടപ്പെട്ടും ദുരിതമനുഭവിച്ചവരുടെ ഒരുപാടു കഥകൾ ഈ നാടിനു പറയാനുണ്ട്. ഇവിടേക്ക് ആരു വന്നാലും വരുന്നയിടം സുരക്ഷിതമാണോ എന്നും നിങ്ങളുടെ നിസ്സഹായവസ്ഥ ചൂഷണത്തിന് അവസരമൊരുക്കുന്നില്ലെന്നും ഉറപ്പാക്കുക.

English Summary:

Know the rules of gulf to avoid falling for scams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com