ADVERTISEMENT

ദുബായ് ∙ തൊഴിലുടമ മുങ്ങിയതിനെ തുടർന്ന് മലയാളികളുൾപ്പെടെ മുന്നൂറിലേറെ ജീവനക്കാർ പ്രതിസന്ധിയിലായി. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (ഡി െഎപി) ഒന്നിലെ മാർബിൾ–വൂഡ് കമ്പനിയുടെ ഉടമകളായ മൂന്നു ലബനീസ് സ്വദേശികളാണ് അവരുടെ ജീവനക്കാർക്ക് എട്ടു മാസത്തെ ശമ്പളം നൽകാതെ യുഎഇയിൽ നിന്ന് ആരുമറിയാതെ സ്ഥലം വിട്ടത്. ജീവനക്കാർ ദുബായ് ലേബർ കോടതിയില്‍ പരാതി നൽകിയിട്ടുണ്ട്.

company-closed-more-than-300-employees1
ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് 1ലെ കമ്പനി ജീവനക്കാർ ഒാഫിസിന് മുന്നിൽ സമരത്തിൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്


∙എല്ലാ ദിവസവും കമ്പനിക്ക് മുൻപിൽ കുത്തിയിരിപ്പ്
കമ്പനി പ്രവർത്തന രഹിതമായെങ്കിലും ഒാഫിസ് ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ജബൽ അലി വ്യവസായ മേഖലയിലെ ക്യാംപിൽ താമസിക്കുന്ന തൊഴിലാളികൾ എല്ലാ ദിവസവും ഡി െഎപിയിലെ ഒാഫിസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ശമ്പള കുടിശിക എത്രയും പെട്ടെന്ന് കൊടുത്തു തീർക്കണമെന്ന് കോടതി നിർദേശമുണ്ടായിട്ടും ഉടമകളും അധികൃതരും യാതൊരു നീക്കവും നടത്തുന്നില്ലെന്ന് കഴിഞ്ഞ 30 വർഷത്തിലേറെയായി ഇവിടെ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി ശശി പിള്ള മനോരമ ഒാൺലൈനോട് പറഞ്ഞു. പണം നൽകാൻ ഫണ്ടില്ലെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അഭ്യർഥന. എന്നാല്‍ ജീവനക്കാർ ഇതുമൂലം ജീവിതപ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയിലെ വൂഡ് പെയിന്റിങ് സ്പ്രേ ഫോർമാനായ ശശി പിള്ളയ്ക്ക് നാല് മാസത്തെ ശമ്പളമാണ് ലഭിക്കാനുള്ളത്. പ്രതിമാസം 3000 ദിർഹമായിരുന്നു വേതനം. നാല് മാസത്തോളം അസുഖമായി ജോലിക്ക് പോയിട്ടില്ലെങ്കിലും ആ മാസത്തെ ശമ്പളം കൂടി കണക്കാക്കിയാൽ എട്ട് മാസത്തെ ശമ്പളം ലഭിക്കേണ്ടതുണ്ട്. എന്നാൽ നാല് മാസത്തെ ശമ്പളമെങ്കിലും കിട്ടിയിരുന്നെങ്കിൽ നാട്ടിൽ ഭാര്യയ്ക്കും മക്കൾക്കും പട്ടിണി കൂടാതെ കഴിയാമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതുപോലെ നാല് മുതൽ എട്ട് മാസം വരെയുള്ള ശമ്പളം ലഭിക്കാനുള്ളവരാണ് മറ്റെല്ലാവരും. 

കണ്ണൂർ സ്വദേശി മുസ്തഫ, പാലക്കാട് സ്വദേശി അലി, തൃശൂർ സ്വദേശികളായ ഷംസീർ, വിജയൻ, റിജു കൊല്ലം, കോഴിക്കോട് സ്വദേശികളായ ഷിബു, ഷിനോജ് തുടങ്ങിയവരടക്കം പതിനഞ്ചോളം മലയാളികളാണ് കൂട്ടത്തിലുള്ളത്. ബാക്കിയുള്ളവരെല്ലാം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യക്കാരുമാണ്. ഇവരിൽ പലരുടെയും വീസ കാലാവധി കഴിഞ്ഞു. പാസ്പോർട് കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്. ചിലർക്ക് ബാങ്ക് മുഖേനയല്ലാതെ നേരിട്ടായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. ഇവർക്ക് ഇനിയത് തെളിയിക്കാനുള്ള അവസരവും ഇല്ലാതായിരിക്കുന്നുവെന്ന് ശശി പിള്ള പറഞ്ഞു.
∙താമസ സ്ഥലത്ത് നോട്ടീസ് പതിച്ചു
25 മുതൽ 30 വർഷം വരെ ഇതേ കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ് എല്ലാവരും. ആദ്യം കമ്പനിയുടെ ലേബർ ക്യാംപിലായിരുന്നു എല്ലാവരും താമസിച്ചിരുന്നത്. കമ്പനിയിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ എല്ലാവരെയും മറ്റൊരിടത്ത് താമസിപ്പിച്ചു. ഒരു മുറിയിൽ നാലു മുതൽ ആറു പേരായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, താമസിയാതെ ക്യാംപിന്റെ വാടക അടയ്ക്കാത്തതിനാൽ ഒഴിപ്പിക്കൽ ഭീഷണിയിലായി. ഒടുവിൽ ഇൗ മാസം 31ന് താമസ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് പതിച്ചിട്ടുണ്ട്. എങ്ങോട്ട് പോകണമെന്ന് അറിയാതെ എല്ലാവരും കടുത്ത ആശങ്കയിലാണ്. ഇവരിൽ കുറേ പേർ വിവിധ രോഗങ്ങളാൽ വലയുന്നവരാണ്. മാത്രമല്ല, നാട്ടിലെ കുടുംബത്തന് നിത്യച്ചെലവിന് പോലും കാശയക്കാനാകാതെ ദുഃഖിതരുമാണ്. ഇന്ത്യൻ തൊഴിലാളികൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. അധികൃതർ ഇടപെട്ടെങ്കിൽ മാത്രമേ ഇതുവരെയുള്ള അധ്വാനത്തിന്റെ ഫലം ലഭിക്കുകയുള്ളൂ എന്ന് അവർ കരുതുന്നു.

English Summary:

Company closed, More than 300 employees including Malayalis are in crisis in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com