ADVERTISEMENT

ദുബായ് ∙  ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഇത് താമസക്കാർക്ക് 20 മിനിറ്റിനുള്ളിൽ അവശ്യ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പാക്കുന്നു. 

200 പദ്ധതികളും സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. താമസക്കാർക്ക് 20 മിനിറ്റിനുള്ളിൽ അവശ്യ സേവനങ്ങൾ ലഭ്യമാകുന്ന വിധത്തിലാണ് പുതിയ ദുബായിയെ അവതരിപ്പിക്കുന്നത്. ദുബായിയെ പരിസ്ഥിതി, കുടുംബ സൗഹൃദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. 

പാർക്കുകളും ബീച്ചുകളും ഉൾപ്പെടെ പൊതു സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തും. ഇരുനൂറിലേറെ പാർക്കുകളുടെ വികസനത്തിനു പുറമെ ബീച്ചുകളിൽ സൈക്ലിങ് ട്രാക്കുകൾ 300% വർധിപ്പിക്കും. നൈറ്റ് ബീച്ചുകളുടെ സമയ 60% വർധിപ്പിക്കും. വനിതാ ബീച്ചുകളും തുറക്കും.  ഉൾപ്രദേശങ്ങൾ വികസിപ്പിക്കുന്നതിന് സമഗ്ര പദ്ധതികളും പ്രഖ്യാപിച്ചു. അൽ മിസ്ഹർ 1, അൽ ഖവനീജ് 2, അൽ ബർഷ 2 എന്നീ മൂന്ന് ജില്ലകളെ ഉൾക്കൊള്ളുന്ന മാതൃകാ അയൽപക്കങ്ങൾ രൂപകൽപന ചെയ്ത് സൗകര്യങ്ങൾ വർധിപ്പിക്കും. ആരോഗ്യകരമായ ജീവിത സാഹചര്യം ഊർജിതമാക്കും. നിത്യജീവിതത്തിൽ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചുറ്റുവട്ടത്ത് ക്രമീകരിക്കും.

 115 കി.മീ. കാൽനട, സൈക്ലിങ് ട്രാക്കുകൾ നിർമിക്കും. മൂവായിരത്തിലേറെ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കും. അൽ ഖവനീജ് 2, അൽ ബർഷ 2 നിവാസികൾക്കായി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇരുപതിലേറെ നിക്ഷേപ അവസരങ്ങൾ ഉണ്ടാകും. നിലവിലുള്ള സ്ട്രീറ്റുകൾ നവീകരിക്കും. ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കുമുള്ള പ്രത്യേക പാതകൾ, കാൽനടയാത്രക്കാർക്കുള്ള നടപ്പാതകൾ, വിശ്രമമുറികൾ, കുടുംബ വിശ്രമ കേന്ദ്രങ്ങൾ എന്നിവയും നിർമിക്കും.

താമസക്കാർക്ക് 20 മിനിറ്റ് യാത്രയ്ക്കുള്ളിൽ വേണ്ടതെല്ലാം ലഭ്യമാകുംവിധം 20 മിനിറ്റ് സിറ്റിയും ഒരുക്കും. അതുകൊണ്ടുതന്നെ വേഗത്തിലും എളുപ്പത്തിലും ആവശ്യങ്ങൾ നിറവേറ്റാം. ഓരോ മേഖലകളിലും ഇത്തരം സിറ്റികൾ വ്യാപിപ്പിക്കും. 3 വർഷത്തിനകം എമിറേറ്റിലുടനീളം പുതിയ ഡിസൈനുകളുള്ള 30 പാർക്കുകളും സജ്ജമാക്കും.

English Summary:

Sheikh Hamdan announces Dubai Quality of life strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com