ദുബായിൽ 13.5 കി.മീ. മൾട്ടി യൂസ് ട്രാക്കിലൂടെ മണിക്കൂറിൽ 5,200 പേർക്ക് യാത്ര
Mail This Article
ദുബായ് ∙ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ദുബായിൽ പുതിയൊരു മൾട്ടി യൂസ് ട്രാക്ക് നിർമിക്കുന്നു. സൈക്കിൾ, സ്കൂട്ടർ, കാൽനടയാത്രക്കാർ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന വിധമാണ് പുതിയ പാതയൊരുക്കുന്നത്. സൈക്കിൾ സൗഹൃദ നഗരമാക്കി ദുബായിയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ആർടിഎ അറിയിച്ചു. അൽ സുഫൂഹിനെ ഹെസ്സ സ്ട്രീറ്റ് വഴി ദുബായ് ഹിൽസുമായി ബന്ധിപ്പിക്കുന്നതാണ് 13.5 കിലോമീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള പുതിയ ട്രാക്ക്. ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കു കുറുകെയാണ് പാത കടന്നുപോകുക. സൈക്കിൾ/സ്കൂട്ടർ യാത്രക്കാർക്ക് 2.5 മീറ്റർ വീതിയുള്ള ട്രാക്കും കാൽനടയാത്രക്കാർക്ക് 2 മീറ്റർ വീതിയുള്ള ട്രാക്കുണ്ടാകും.
അൽ ബർഷ, അൽ ബർഷ ഹൈറ്റ്‌സ്, 12 പാർപ്പിട, വാണിജ്യ, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ളവർക്കും മൾട്ടി യൂസ് ട്രാക്ക് ഉപയോഗപ്പെടുത്താം. ഹെസ്സ സ്ട്രീറ്റ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമാണിതെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്‌റ്റേഷനുമായും സമീപത്തെ മറ്റു പ്രധാന സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കും വിധമാണ് ട്രാക്കിന്റെ രൂപകൽപന.
മണിക്കൂറിൽ 5,200 ആളുകൾക്ക് ട്രാക്ക് ഉപയോഗപ്പെടുത്താം. ദുബായിൽ നിലവിൽ 544 കി.മീ. ദൈർഘ്യമുള്ള സൈക്കിൾ ട്രാക്ക് 2030ഓടെ 1,000 കിലോമീറ്ററാക്കി വർധിപ്പിക്കാനാണ് പദ്ധതി. ജുമൈറ, അൽ സുഫൂഹ്, മറീന തുടങ്ങിയ തീരപ്രദേശങ്ങളെ അൽ ഖുദ്ര, സെയ്ഹ് അൽ സലാം, നാദ് അൽഷെബ, അൽ ബർഷ, ദുബായ് ഹിൽസ്, എന്നിവിടങ്ങളുമായി ബന്ധിപ്പിക്കും വിധമാണ് കൂടുതൽ ട്രാക്കുകൾ നിർമിക്കുക.