കാത്തിരിപ്പിന്റെ 12 വർഷം; ഒടുവിൽ ചേതനയറ്റ് മടക്കം: നിയമക്കുരുക്കിൽപ്പെട്ട് സൗദിയിൽ കുടുങ്ങിയ മലയാളി മരിച്ചു

Mail This Article
ഹരിപ്പാട് ∙ ചേതനയറ്റ് ഷിജു മടങ്ങിയെത്തിയപ്പോൾ പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീടിന്റെ 12 വർഷം നീണ്ട കാത്തിരിപ്പ് നിലയ്ക്കാത്ത നിലവിളികളായി. നാട്ടിലേക്കു മടങ്ങാൻ ഷിജുവും ഷിജു മടങ്ങിയെത്തുന്നതു കാണാൻ വീട്ടുകാരും അത്രമേൽ ആഗ്രഹിച്ചിട്ടും വിധിയെതിരായി.
13 വർഷം മുൻപ് തൊഴിൽതേടി സൗദിയിലേക്കുപോയ തയ്യിൽ വീട്ടിൽ ഷിജു(49) 12 വർഷമായി നിയമക്കുരുക്കിൽ സൗദിയിൽനിന്നു മടങ്ങാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. മകൾ ഹെലന് രണ്ടരവയസ്സുള്ളപ്പോഴാണ് ജോലി തേടി ഷിജു സൗദിയിലേയ്ക്ക് പോയത്. ഫ്രീ വിസയിലായിരുന്നു യാത്ര. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് (ഇക്കാമ) ലഭിച്ചില്ല. ഇക്കാമ ഇല്ലാതെ മടങ്ങിയാൽ തിരികെ സൗദിയിൽ പ്രവേശിക്കാനാവില്ല എന്നതിനാൽ നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. നാടണയാനുള്ള 12 വർഷത്തെ പരിശ്രമം ഫലം കണ്ടുതുടങ്ങിയ ഘട്ടത്തിലാണ് മരണം.
സൗദി അറേബ്യയിലെ ജുബൈലിൽ കഴിഞ്ഞ അഞ്ചിനാണ് ഹൃദയാഘാതത്തെതുടർന്നു ഷിജു മരിച്ചത്. ഷിജുവിന്റെ വരവും പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഭാര്യ ബിൻസിക്കും മകൾ ഹെലനും താങ്ങാനാവാത്ത സങ്കടമായി വേർപാട്. 15 വയസ്സിനിടയിൽ പിതാവിനെ ജീവനോടെ ഒരു നോക്ക് കാണാൻ കഴിയാതെ പോയതിന്റെ സങ്കടം ഹെലന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വീട്ടിലെത്തിച്ച് പൊതു ദർശനത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പള്ളിപ്പാട് സെന്റ് തോമസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ സംസ്കരിച്ചു.