ADVERTISEMENT

ദുബായ് ∙ ''ഒന്നൊന്നര കുരയാ ലൂക്കയുടേത്. ആളൊരു കുഞ്ഞനാണേലും സിംഹമാണെന്നാ വിചാരം'' – ലൂക്കയെ മടിയിലിരുത്തി കൊഞ്ചിച്ചുകൊണ്ട് തിരുവനന്തപുരം ആറ്റിങ്ങൽ മാമം സ്വദേശി കവിത രാജേഷ് പറഞ്ഞു. കേരളത്തിൽ നിന്ന് ആദ്യമായി ഗൾഫിലേക്ക് പറന്ന നായക്കുട്ടിയെന്ന നിലയിൽ വാർത്തകളിൽ ഇടംപിടിച്ച കക്ഷിയാണ് ലൂക്ക. ഓമനമൃഗത്തെ വിദേശത്ത് കൊണ്ടുപോകാനുള്ള അനുമതി കൊച്ചി വിമാനത്താവളത്തിന് ലഭിച്ചതോടെയാണ് ലൂക്ക ഗൾഫിലേക്ക് പറന്നത്. കഴിഞ്ഞ ദിവസമാണ് നയനമനോഹര രൂപമുള്ള ലൂക്ക എന്ന  'സ്മാർട് ബോയ് ' ഏറെ കടമ്പകൾ ചാടിക്കടന്ന് സിയാലിന്‍റെ അനുമതിയോടെ ദുബായ് രാജ്യാന്തര സിറ്റിയിലെ കവിത രാജേഷിന്‍റെ ഫ്ലാറ്റിലെത്തിയത്. നായക്കുട്ടിയോടുള്ള സ്നേഹവാത്സല്യം  മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് കവിത:

രണ്ട് മാസം മുൻപ് ഹൃദയം പറിച്ചുവച്ച പോലെ ലൂക്കയെ നാട്ടിൽ വിട്ടാണ് ഞാനും ഇളയമകൻ ഈശ്വറും ദുബായിലെ പ്രോപർട്ടി ഡെവലപേഴ്സ് കമ്പനിയിൽ പ്രൊജക്ട് മാനേജറായ ഭർത്താവ് രാജേഷ് സുശീലന്‍റെ അരികിലെത്തിയത്. എന്‍റെ സഹോദരിയുടെ വീട്ടിലായിരുന്നു ലൂക്ക. പിരിഞ്ഞപ്പോഴാണ് ലൂക്ക ഞങ്ങളുടെ ജീവിതത്തിൽ എത്രമാത്രം സ്ഥാനം നേടിയിരിക്കുന്നു എന്ന് മനസ്സിലായത്. ഞങ്ങളെ തിരിച്ചുകിട്ടിയപ്പോൾ ലൂക്കയ്ക്കുണ്ടായ സന്തോഷം അവന്‍റെ ഒറ്റ നോട്ടത്തിൽ നിന്നു തന്നെ തിരിച്ചറിയാനും സാധിച്ചു. ഇനിയൊരിക്കുലം ഇവനെ ഞങ്ങൾ പിരിഞ്ഞിരിക്കില്ല–പഞ്ഞിത്തുണ്ടം പോലുള്ള ലൂക്കയുടെ ദേഹത്ത് തലോടിക്കൊണ്ട് കവിത പറയുന്നു.

luca3

∙ ശിവയെ പിരിഞ്ഞ് ഈശ്വറിന്‍റെയരികിലേയ്ക്ക്
കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് അവസാന വർഷ വിദ്യാർഥിയായ, കവിത–രാജേഷ് ദമ്പതികളുടെ മൂത്തമകനായ ശിവയെ വേർപിരിഞ്ഞാണ് ലൂക്ക കടൽകടന്നെത്തിയത്. അതേസമയം, അൽ വർഖ ഔവർ ഓൺ ഇംഗ്ലിഷ് സ്കൂളിലെ ഒൻപതാം തരം വിദ്യാർഥിയായ  ഇളയ മകൻ ഈശ്വറിന് തന്‍റെ ജീവൻ തിരിച്ചുകിട്ടിയ സന്തേഷവുമായിരുന്നു.

20 വർഷത്തോളമായി യുഎഇയിൽ താമസിച്ച ശേഷം ശിവയുടെ ഉപരിപഠനത്തിനായാണ് കവിത നാട്ടിൽ സ്ഥിരതാമസമാക്കിയത്. മക്കൾക്ക് രണ്ടാൾക്കും ഒരു നായക്കുട്ടിയെ വേണമെന്ന കലശമായ ആഗ്രഹം ലൂക്കയെ സ്വന്തമാക്കുന്നതിലെത്തിച്ചു. 38,000 രൂപ നൽകിയാണ് 'ലാസാ ആപ്സോ' ഇനത്തിൽപ്പെടുന്ന, ശരീരം നിറയെ വെള്ളയും തവിട്ടും കലർന്ന നീളൻ രോമങ്ങളുള്ള  ലൂക്കായെ സ്വന്തമാക്കിയത്. ടിബറ്റൻ സ്വദേശിയാണ് പരമ്പരാഗതമായി വീട്ടുകാവലിന് ഉപയോഗിച്ചുവരുന്ന ഈ ഇനം നായ. 

luca2

ജനിച്ചി‌ട്ട് 60 ദിവസം മാത്രമുള്ളപ്പോൾ തിരുവനന്തപുരത്തെ ബ്രീഡറിൽ നിന്ന് ലൂക്കയെ വാങ്ങിക്കുകയായിരുന്നു. ജീവിതത്തിൽ ഇതുവരെ നായയോടുള്ള അടുപ്പമില്ലാതിരുന്നതിനാൽ കവിതയ്ക്ക് ലൂക്കയോട് ആദ്യം അത്ര താത്പര്യമില്ലായിരുന്നു. കൊണ്ടുവന്നാൽ അതിനെ പരിചരിക്കാൻ തന്നെക്കൊണ്ടാവില്ലെന്ന് ആദ്യമേ മക്കളെയും ഭർത്താവിനെയും അറിയിച്ചു. അമ്മ ചുമ്മാതിരുന്നാ മതി, ഞങ്ങൾ നോക്കിക്കൊള്ളാമെന്നായിരുന്നു ശിവയുടെയും ഈശ്വറിന്‍റെയും പ്രതികരണം. എന്നാൽ വൈകാതെ ലൂക്ക കവിതയുടെ കൂടി ജീവിതത്തിന്‍റെ ഭാഗമാകുകയായിരുന്നു; ഒരുപക്ഷേ, മറ്റാരേക്കാളും കൂടുതൽ അടുക്കുകയും ചെയ്തു. ലൂക്കയ്ക്ക് ഇപ്പോൾ മൂന്ന് വയസ്സ് കഴിഞ്ഞു. ശിവയുടടെ എന്‍ജിനീയറിങ് പഠനം അവസാന വർഷത്തിലാണ്. ഒടുവിൽ രാജേഷിന്‍റെ അരികിലേക്ക് കവിതയും ഈശ്വറും വരാൻ തീരുമാനിച്ചു. പക്ഷേ, ലൂക്കയെ എന്തു ചെയ്യും?

∙ ലൂക്ക ഒരു ചക്കപ്രിയൻ; സിനിമ ആ പേരിലെത്തിച്ചു
ഭക്ഷണകാര്യത്തിൽ ലൂക്ക പാതി മലയാളി തന്നെ. ചക്കയാണ് ഏറ്റവും ഇഷ്ടം. അതുകിട്ടിയാൽ പിന്നെ  ലൂക്കയ്ക്ക് ഇരിക്കപ്പൊറുതിയില്ല. തണ്ണി മത്തൻ അടക്കമുള്ള പഴവർഗങ്ങളും നന്നായി ഭക്ഷിക്കും. ചോറും ഉപ്പിടാത്ത കോഴിയിറച്ചിയുമാണ് പതിവായി നൽകുന്നത്. പായ്ക്കറ്റ് ഫൂഡും കൊടുക്കാറുണ്ട്. എവിടെയെങ്കിലും പോകുമ്പോൾ അതു കൊടുക്കാനാണ് എളുപ്പം എന്നതിനാൽ അതും പരിശീലിപ്പിച്ചതാണ്.

luca1

ടൊവീനോ തോമസ് നായകനായ ലൂക്ക എന്ന സിനിമ കണ്ടതോടെയാണ് ആ പേര് കവിതയുടെ മനസിലുറച്ചത്. പിന്നീട് കൂട്ടുകാരിയുടെ വീട് സന്ദർശിച്ചപ്പോൾ അവിടെ ലൂക്കയെന്ന നായക്കുട്ടിയെ കണ്ടു. ലൂക്കാ എന്ന് നീട്ടി വിളിക്കുമ്പോൾ ഓടിയെത്തുന്ന വളർത്തുനായയെ കവിതയ്ക്കും ഇഷ്ടമായി. പിന്നീട് മക്കളുടെ നിർബന്ധത്തിന് വഴങ്ങി വാങ്ങിയ നായക്കുട്ടിക്ക് പേരിടാൻ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.

അതിസമർഥനാണ് ലൂക്കയെന്ന് വീട്ടമ്മയായ കവിത പറയുന്നു. നാട്ടിൽ, വീടിന്‍റെ ഗേറ്റ് ആരെങ്കിലുമൊന്ന് സ്പർശിച്ചാൽ പോലും ലൂക്ക നിർത്താതെ കുരയ്ക്കുമായിരുന്നു. സഞ്ചാരപ്രിയനായ അവൻ എവിടേയ്ക്കെങ്കിലും ഞങ്ങൾ പോകുന്നു എന്നറിഞ്ഞാൽ ഉടൻ തന്‍റെ കിടക്കയും കടിച്ചുകൊണ്ട് കാറിനരികിലെത്തും. അമ്മ പ്രാർഥിക്കുകയാണ്, മോൻ ഇവിടെ നിന്നോ എന്ന് പറഞ്ഞ് പൂജാ മുറിയിൽ കയറിയാൽ ലൂക്ക മിടുക്കനായി വാതിൽക്കൽ കാത്തുനിൽക്കും – കവിതയ്ക്ക് ലൂക്കയെ പറ്റി പറയാൻ നൂറു നാവ്. വളർത്തുമൃഗങ്ങളോട് താത്പര്യമില്ലാത്ത ഇവർക്ക് ലൂക്കയെ പിരിഞ്ഞിരിക്കാൻ വയ്യാതായതിന്‍റെ കാരണങ്ങൾ ഇതൊക്കെയാണ്.

∙ അക്കരെയിക്കരെ നിന്നാലെങ്ങനെ
എങ്ങനെയാണ് ലൂക്കയെ ഇക്കരെയെത്തിക്കുക എന്ന കാര്യത്തിൽ കവിതയ്ക്കോ രാജേഷിനോ മക്കൾക്കോ യാതൊരു അറിവുമില്ലായിരുന്നു. സുഹൃത്തുക്കളോടും പരിചയക്കാരോടുമെല്ലാം അന്വേഷിച്ചു. ഒടുവിൽ ഗൂഗിളിൽ മുങ്ങിത്താണപ്പോൾ കേരളത്തിൽ നിന്ന് ഇതുവരെ ഒരു നായക്കുട്ടിയും ഗൾഫിലെത്തിയിട്ടില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു. എന്നാല്‍ തമിഴ് നാട്ടിൽ നിന്നും ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽ നിന്നും മൃഗങ്ങളെ കൊണ്ടുവന്നിട്ടുണ്ടെന്ന അറിവ് പ്രതീക്ഷ നല്‍കി. ഒടുവിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്ന വോൺ അഞ്ജ റോട്ട് വീലേർസ് എന്ന സ്ഥാപനത്തെക്കുറിച്ചം അതിന്‍റെ സാരഥിയായ ശ്രീജിത് മേനോനെക്കുറിച്ചും അറിഞ്ഞു, സഹായം ആവശ്യപ്പെട്ടു. 

സുരക്ഷയുടെ ഭാഗമായി ലൂക്കയുടെ കഴുത്തിൽ മൈക്രോ ചിപ് ഘടിപ്പിച്ചിരുന്നു. ഇതും വാക്സിനേഷൻ സർ‌ടിഫിക്കറ്റും ശ്രീജിതിന് കൈമാറി. പിന്നെ നടപടികളെല്ലാം പൂർത്തിയാക്കിയത് അദ്ദേഹമായിരുന്നു. മാസങ്ങൾ പിന്നിട്ടപ്പോൾ ലൂക്കയുടെ യാത്രാ രേഖകൾ ഓക്കെയായി. ശിവയാണ് അവനെ യാത്രയാക്കിയത്. കാര്യമെന്താണെന്ന് അറിഞ്ഞില്ലെങ്കിലും യാത്രകളിഷ്ടപ്പെടുന്ന ലൂക്ക ഉത്സാഹത്തോടെ ചാടിയിറങ്ങി. ഒടുവിൽ കൊച്ചി വിമാനത്താവളത്തിൽ ശിവയെ പിരിയുമ്പോൾ അവനൊന്ന് പിണങ്ങി. ഒറ്റയ്ക്കാണ് യാത്ര എന്നറിഞ്ഞപ്പോൾ നിർത്താതെ കുരച്ചു. വിമാനം പറന്നുയരും വരെ വിമാനത്താവളത്തിലിരുന്ന ശിവയുടെ കാതുകളിൽ ലൂക്കയുടെ കരച്ചിൽ വേദനയായി പടർന്നു.

ഈ മാസം 5ന് പുലർച്ചെ ഇന്ത്യൻ സമയം 3.35ന് കൊച്ചിയിൽ നിന്ന് ഖത്തർ വഴിയുള്ള ഖത്തർ എയർവേയ്സിലായിരുന്നു ലൂക്ക യാത്ര ചെയ്തത്. യുഎഇ സമയം രാവിലെ 6.15ന് അവൻ ഖത്തറിലെത്തി. തു‌ടർന്ന് കണക്ഷൻ ഫ്ലൈറ്റിൽ  രാവിലെ 10.20 ന് യുഎഇയിലേയ്ക്ക് തിരിച്ചു. യാത്ര ഇത്തിരി വൈകിയതിനാൽ മാനസിക സമ്മർദത്തോടെ കവിത ഫ്ലൈറ്റ് സ്റ്റാറ്റസ് പിന്തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ വിമാനം പുറപ്പെട്ടു എന്നറിഞ്ഞപ്പോൾ സമാധാനമായി. ദുബായ് എയർപോർട് ഫ്രീസോൺ കാർഗോ വില്ലേജിലായിരുന്നു അനന്തര നടപടികൾ പൂർത്തിയാക്കിയത്. മൈക്രോ ചിപ് സർടിഫിക്കറ്റും 500 ദിർഹം അടച്ച് നേടിയ എക്സിറ്റ് പെർമിറ്റും മറ്റു രേഖകളും ഹാജരാക്കി ലൂക്കയെ കൈയിൽ കിട്ടുമ്പോൾ യുഎഇ സമയം വൈകിട്ട് നാലര.

∙ പ്രിയപ്പെട്ടവരെ കണ്ടപ്പോൾ ലൂക്ക 'ആവേശ് കുമാറാ'യി
ശിവ കൂടെ യാത്ര ചെയ്യുന്നുണ്ടെന്ന് കരുതിയാണ് ലൂക്ക വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്തത്. പുത്തൻ കൂടൊക്കെ കണ്ടപ്പോൾ ആള് 'ആവേശ് കുമാറാ'യിരുന്നു. ഒടുവിൽ കാർഗോ വിഭാഗത്തിൽ ഒറ്റപ്പെ‌ട്ടതോടെ ക്ഷീണിതനായി. കവിതയ്ക്കും കുടുംബത്തിനും ലൂക്കയെ ഓർത്ത് വലിയ ടെൻഷനായിരുന്നു. ഭക്ഷണമൊന്നും ലഭിക്കാത്തതിനാൽ അവൻ നല്ല ക്ഷീണിതനുമായിരുന്നു. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ പ്രിയപ്പെട്ടവരെ കണ്ടപ്പോൾ അവന്‍റെ കുഞ്ഞുകണ്ണുകൾ വിടർന്നു. രാജേഷിന്‍റെ കാറിൽ കവിതയുടെ മടിയില്‍ പറ്റിയിരുന്ന് വാലാട്ടുകയും കൈകളിൽ നക്കുകയും ചെയ്ത് ലൂക്ക സ്നേഹവും ആശ്വാസവും പ്രകടിപ്പിച്ചു. 

ലൂക്കയുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളായ കുഞ്ഞു എലിയും ടെഡ്ഡി ബിയറും നേരത്തെ തന്നെ ദുബായിലെത്തിച്ചിരുന്നു. ഫ്ലാറ്റിലെത്തി അതുകൂടി കണ്ടതോടെ ലൂക്കയുടെ കണ്ണുകൾ വിടർന്നു. പിന്നെ, പഴയ പോലെ കുടുംബത്തിലെ ഒരാളായി ആവേശത്തോടെ ഫ്ലാറ്റിൽ തലങ്ങും വിലങ്ങും ഓടിനടന്ന് കുരച്ചു: ബൗ ബൗ.

English Summary:

Luca: Puppy that First came to the UAE from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com