ഖത്തറിന്റെ മനസ്സ് കീഴടക്കി ഇന്ത്യന്‍ മാമ്പഴം; ലഭിച്ചത് വൻ സ്വീകാര്യത
Mail This Article
ദോഹ∙ സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴ ഫെസ്റ്റിവൽ സമാപിച്ചു. 10 ദിവസത്തെ മേളയില്‍ വിറ്റഴിച്ചത് 1,26,935 കിലോ മാമ്പഴമാണ്. പ്രതിദിനം 5,000 കിലോ മാമ്പഴത്തിൽ അധികമായിരുന്നു വില്‍പന. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് - 15,500 കിലോ. വിപണിയിലേതിനേക്കാള്‍ ഏകദേശം 20 ശതമാനത്തോളം വില കുറച്ചായിരുന്നു വില്‍പന. ഖത്തറിലെ മാമ്പഴ പ്രേമികള്‍ക്കായി മല്‍ഗോവ, അല്‍ഫോന്‍സ, നീലം, മല്ലിക തുടങ്ങി ഇന്ത്യയുടെ നൂറോളം ഇനങ്ങളിലുള്ള മാങ്ങകളായിരുന്നു കടല്‍ കടന്ന് എത്തിയത്.
പച്ചയും പഴുത്തതുമായ മാങ്ങകള്‍ക്ക് പുറമെ മാങ്ങ അച്ചാറുകള്‍, മാമ്പഴം കൊണ്ടുള്ള ഐസ്‌ക്രീം, ഹല്‍വ, ജാം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള സ്വാദൂറും വിഭവങ്ങളും മേളയുടെ ആകര്‍ഷണമായിരുന്നു. 120 തിലധികം മാങ്ങ ഉല്‍പന്നങ്ങളായിരുന്നു 100 സ്റ്റാളുകളിലായി ഉണ്ടായിരുന്നത്. വിവിധ ഇനങ്ങളിലുള്ള മാവിന്റെ തൈകളുടെ വില്‍പനയും ഉഷാര്‍ ആയിരുന്നു. ആദ്യ ദിനങ്ങളില്‍ 5 മണിക്കൂര്‍ മാത്രമായിരുന്ന മേള സന്ദര്‍ശകരുടെ ആവശ്യത്തെ തുടര്‍ന്ന് 6 മണിക്കൂര്‍ ആയി പ്രവര്‍ത്തനസമയം നീട്ടിയിരുന്നു.
ആദ്യ ദിനം മുതല്‍ തന്നെ സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ വര്‍ധനയാണുണ്ടായിരുന്നത്. പ്രതിദിനം പതിനായിരത്തോളം പേരാണ് മേളയില്‍ എത്തിയത്. ഇന്ത്യക്കാര്‍ മാത്രമല്ല സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും ഇന്ത്യന്‍ മാമ്പഴങ്ങള്‍ കാണാനും രുചിക്കാനും വാങ്ങാനുമായെത്തിയിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും സന്ദര്‍ശകരില്‍ ഉള്‍പ്പെടുന്നു. മികച്ച സന്ദര്‍ശക പങ്കാളിത്തത്തില്‍ വിജയകരമായ ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം അടുത്ത വര്‍ഷവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സൂഖ് വാഖിഫ് അധികൃതര്‍. ഇക്കഴിഞ്ഞ മേയ് 30ന് ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടന്ന മേളയില്‍ 60 കമ്പനികളാണ് പങ്കാളികളായത്.