ചരിത്ര പ്രസിദ്ധമായ സിയാദി മസ്ജിദ് വീണ്ടും തുറക്കുന്നു
Mail This Article
മനാമ ∙ ബഹ്‌റൈന്റെ ചരിത്രത്തിൽ മുത്തിനുള്ള (പവിഴം) സ്‌ഥാനം ഏറ്റവും പ്രധാനപ്പെട്ടതാണ്. പലപ്പോഴും ബഹ്റൈനെ അത് കൊണ്ട് തന്നെ പവിഴദ്വീപ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ മുത്തിന്റെ അത്രയുമോ അതിനേക്കാളുമോ പ്രാധാന്യം ഏറെയുള്ള ഒരു ആരാധനാലയം വീണ്ടും തുറക്കുന്നതായി ബഹ്‌റൈൻ പുരാവസ്തു വിഭാഗം അറിയിച്ചിരിക്കുകയാണ്. മുഹറഖ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ സിയാദി മസ്ജിദ് ഈ ആഴ്ച ആദ്യം വീണ്ടും തുറക്കുന്നതായാണ് അധികൃതർ പ്രഖ്യാപിച്ചത്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്‍റിക്വിറ്റീസിന്റെ (BACA) ആഭിമുഖ്യത്തിലാണ് ബഹ്‌റൈൻ ചരിത്രപരമായ പ്രാധാന്യമുള്ള ഈ മസ്ജിദ് വീണ്ടും തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്.
1865-ൽ നിർമിച്ച സിയാദി മസ്ജിദ് ബഹ്‌റൈനിലെ ഇസ്‌ലാമിക വാസ്തുവിദ്യയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെ തെളിവാണ്. ബഹ്‌റൈനിലെ പഴയകാല ആരാധനാലയങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയ സമുച്ചയമാണ് ഇത്. സിയാദി ഹൗസ്, സിയാദി മജ്‌ലിസ്, അഹ്മദ് ബിൻ ജാസിം സിയാദി നിർമ്മിച്ച മനോഹരമായ അതിഥി മുറിയുള്ള രണ്ടാമത്തെ കുടുംബ വസതി, ഈസയും ജാസിം ബിൻ അഹമ്മദ് സിയാദിയും സമൂഹത്തിന് സംഭാവന നൽകിയ സിയാദി മസ്ജിദും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. ബഹ്‌റൈനിലെ മുത്ത് വ്യാപാരികളിൽ (താജിർ അൽ-ലു’ലു’) പ്രമുഖരായ അബ്ദുല്ല ബിൻ ഈസ സിയാദി നിർമിച്ച കുടുംബ വസതിയായ ഈ സമുച്ചയം മുത്ത് വ്യാപാരവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ്.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സിയാദി കുടുംബം ബഹ്‌റൈനിലെ മുത്തുകൾക്ക് പേര് കേട്ട ദ്വീപായ മുഹറഖിൽ എത്തിയത്. മുത്ത് വ്യാപാരം വളരെ വിജയകരമായ രീതിയിൽ നടത്തിക്കൊണ്ടുപോന്നിരുന്ന സിയാദി കുടുംബം സ്വന്തമായി കപ്പലുകൾ അടക്കം സ്വന്തമാക്കുകയും ബഹ്‌റൈനിലെ ഈ വ്യാപാരത്തിൽ നിന്ന് ലഭിച്ച വലിയ സമ്പത്ത് ആത്യന്തികമായി സിയാദി സമുച്ചയം നിർമിക്കാൻ കുടുംബത്തെ പ്രാപ്തമാക്കുകയും ചെയ്തതായാണ് ചരിത്രം പറയുന്നത്. ശില്പചാതുരിയാൽ മനോഹരമായ ഈ ആരാധനാലയത്തിന്റെ ചുവരുകളും മറ്റു കോണുകളും ഇപ്പോഴും ആകർഷകമായി തന്നെ നിലകൊള്ളുന്നു .
ഈ ഒറ്റനില മുറ്റത്തെ മസ്ജിദിൽ ലളിതമായ ഒരു കോണാകൃതിയിലുള്ള മിനാരമുണ്ട്, അത് സജീവമായ ആരാധനാലയമായി തന്നെ തുടരുന്നു. 1910-ൽ ഈ പള്ളി പുതുക്കിപ്പണിതതായി രേഖകൾ പറയുന്നു. ഇന്ന്, മുഹറഖിലെ ഏറ്റവും പഴക്കം ചെന്ന സംരക്ഷിത ആരാധനാലയം എന്ന ബഹുമതിയും മുത്ത് സമ്പദ് വ്യവസ്ഥയിൽ ഇസ്‌ലാമിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന മുഹറഖ് നഗരത്തിന്റെ വാസ്തുവിദ്യാ മാതൃകയായി ഈ മസ്ജിദ് നിലകൊള്ളുന്നു. സിയാദി മസ്ജിദ് വീണ്ടും തുറക്കുന്നത് ബഹ്‌റൈനിന്റെ പൈതൃക, സാംസ്കാരിക മേഖലയിൽ ഒരു സുപ്രധാനമായ നാഴികക്കല്ലായി മാറുമെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നു. ബഹ്‌റൈനിൽ എത്തുന്ന സന്ദർശകർക്കും ചരിത്ര വിദ്യാർഥികൾക്കും രാജ്യത്തിന്റെ സവിശേഷമായ ഈ ചരിത്രസ്മാരകം അനുഭവഭേദ്യമാകുമെന്നുള്ള കാര്യം തീർച്ചയാണ്.