ADVERTISEMENT

ദുബായ് ∙ ശരീരഭംഗി വർധിപ്പിക്കാനും മറ്റുമായി കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക്  വിധേയമാകുകയും മുഖത്തിന് മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരോട് ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ അപ്ഡേറ്റ് ചെയ്യാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ദുബായ് എമിഗ്രേഷൻ) ആവശ്യപ്പെട്ടു. മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വ്യക്തിഗത  ഫോട്ടോ അപ്ഡേറ്റ് ചെയ്യണ്ടേത്. പാസ്പോർട്ട് ഇഷ്യൂ ചെയ്തതിനുശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയില്‍ മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം. വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ എമിഗ്രേഷൻ സിസ്റ്റത്തിൽ ശരിയായ ഡേറ്റ ലഭിക്കുന്നത് വരെ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനയ്ക്കായി നിർത്തുകയും ചില ഘട്ടങ്ങളിൽ അവര്‍ക്ക് യാത്ര ചെയ്യേണ്ടുന്ന വിമാനം നഷ്ടപ്പെടാനിടയാക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് അധികൃതര്‍ ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയത്.

 ∙ തട്ടിപ്പ് പിടികൂടുന്നതിന് നൂതന സാങ്കേതികവിദ്യ
ഏറ്റവും പുതിയതും ഉയർന്ന കൃത്യതയുള്ളതുമായ നൂതന സാങ്കേതികവിദ്യകളാണ് എയർപോർട്ടുകളിലുള്ളത്. വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നുവെന്ന് ദുബായ് എയർപോർട്ടിലെ ഡോക്യുമെന്റ് എക്സാമിനേഷന്റെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്‌മദ്‌ അൽ നജ്ജാർ പറഞ്ഞു.

ദുബായ് രാജ്യാന്തര വിമാനത്താവളം. ചിത്രം: ദുബായ് എയർപോർട്.
ദുബായ് രാജ്യാന്തര വിമാനത്താവളം. ചിത്രം: ദുബായ് എയർപോർട്.

കൃത്രിമ യാത്ര രേഖകളുമായി രാജ്യത്തേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ പിടികൂടുന്നതിന്  ദുബായ് ഇമിഗ്രേഷൻ ഫലപ്രദമായ സംവിധാനം ഉണ്ട്. 2024 ആദ്യ മൂന്നുമാസത്തിനുള്ളിൽ  366  കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ദുബായ് എയർപോർട്ട് ടെർമിനൽ ഒന്നിലെ ഡോക്യുമെന്റ് എക്സാമിനേഷന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ്  വ്യാജരെ പിടികൂടിയത്.

ഡോക്യുമെന്റ് എക്സാമിനേഷൻ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്‌മദ്‌ അൽ നജ്ജാർ. ചിത്രത്തിന് കടപ്പാട്: ജിഡിആർഎഫ്എ.
ഡോക്യുമെന്റ് എക്സാമിനേഷൻ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്‌മദ്‌ അൽ നജ്ജാർ. ചിത്രത്തിന് കടപ്പാട്: ജിഡിആർഎഫ്എ.

ഐഡന്റിറ്റി മോഷണം മുതൽ വ്യാജ ഡേറ്റ അല്ലെങ്കിൽ വീസ സ്റ്റാമ്പുകൾ വരെ കേസുകളിൽ ഉൾപ്പെടുന്നു. പരിശീലനം ലഭിച്ച ഇമിഗ്രേഷൻ ഓഫിസർമാരുടെ വൈദഗ്ധ്യത്തിൽ അത്തരം കേസുകൾ കണ്ടെത്തുകയും പരിശോധന കേന്ദ്രത്തിൽ  പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച്  പരിശോധന നടത്തി വ്യാജരെ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ആഗോളതലത്തിൽ സ്പെഷ്യലൈസ്ഡ് അംഗീകൃത ഡോക്യുമെന്റ് ഇൻസ്പെക്‌ഷൻ സെന്റർ ഉള്ള ചുരുക്കം ചില വകുപ്പുകളിൽ ഒന്നാണ് ദുബായ് എയർപോർട്ടിലെ ഈ സെന്റർ എന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ദുബായ് വിമാനത്താവളങ്ങളിലുടെ എത്തുന്ന യാത്രക്കാരുടെ രേഖകളുടെ കൃത്യത പരിശോധിക്കുന്നതിൽ ദുബായ് ജിഡിആർഎഫ്എ രാജ്യാന്തര തലത്തിൽ പ്രശംസ നേടി.

English Summary:

People who have had Cosmetic Surgery Need to Update their Passport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com