ADVERTISEMENT

മലങ്കര ഓർത്തഡോക്‌സ്‌ സഭയുടെ അങ്കമാലി, കോട്ടയം, ഇടുക്കി, അമേരിക്കൻ  ഭദ്രാസനങ്ങളിൽ  വിവിധ കാലഘഘട്ടങ്ങളിലായി 33 വർഷത്തിലധികം  ഇടയശ്രേഷ്ഠനായിരുന്ന് ആയിരങ്ങളുടെ ഹൃദയങ്ങളിൽ ത്യാഗപൂർണമായ ജീവിത മാതൃകകൊണ്ട് ഇടം പിടിച്ച മാത്യൂസ്‌ മാർ ബർണബാസ്‌ മെത്രാപ്പോലീത്തയുടെ ഓർമ  ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഹൃദയം തൊട്ട ഒരുപിടി സന്ദർഭങ്ങൾ മനസിലെത്തുന്നു .

 

ഇടയന്റെ ജീവിതം  ലാളിത്യത്തിലൂന്നിയാവണമെന്നു ജീവിതത്തിലൂടെ കാണിച്ചുതന്ന മഹദ് വ്യക്തിയാണ് അദ്ദേഹം. മെത്രാപ്പോലീത്തയ്‌ക്ക് സ്വർണവടിയും സ്വർണ സ്ലീബായും ആവശ്യമില്ല ,ലളിത ജീവിതമാണ്‌ ആവശ്യമെന്ന് ജീവിതത്തിലൂടെ തെളിയിച്ച ഇടയൻ . തടികൊണ്ടുള്ള വടിയും സ്ളീബായും കാവി  വസ്ത്രവുമായി ലാളിത്യത്തിന്റെ പ്രതീകമായി ജീവിതത്തിൽ സാക്ഷ്യം വഹിച്ച സ്നേഹ സമ്പന്നൻ . രണ്ട്  പതിറ്റാണ്ടോളം അമേരിക്കൻ  ഭദ്രാസനത്തിൽ  സമൃദ്ധിയുടെ നടുവിലായിരുന്നിട്ടും തടിക്കുരിശും വടിയും അദ്ദേഹം ഉപേക്ഷിച്ചില്ല.  സ്‌നേഹ ദൂത്‌ പകർന്ന്  വിശ്വാസികളുടെ  ഹൃദയം കീഴടക്കിയ ഇടയൻ ഒരു പരിത്യാഗിയുടെ മനസോടെ എല്ലാം വിട്ടുപേക്ഷിച്ച്  നാട്ടിലേക്ക് മടങ്ങി.    

 

അങ്കമാലി, കോട്ടയം ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തയായും ഇടുക്കി , അമേരിക്കൻ  ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായും   സേവനം ചെയ്ത അദ്ദേഹം, 2009 ഏപ്രിലിൽ  ആരംഭിച്ച  `നോർത്ത്  ഈസ്റ്റ് ' അമേരിക്കൻ  ഭദ്രാസനത്തിന്റെ  പ്രഥമ മെത്രാപ്പോലീത്തയായിരുന്നു. കേരളത്തിലെ വിവിധ ഭദ്രാസനങ്ങളിലായി 14 വർഷവും, അമേരിക്കൻ ഭദ്രാസനങ്ങളിൽ  19 വർഷവും സേവനം ചെയ്തു .

 

1992-2009 കാലത്ത്  അമേരിക്കൻ  ഭദ്രാസനത്തിന്റെ  സമഗ്ര  വളർച്ചയ്ക്ക്  മുഖ്യപങ്കാളിയായി . അമേരിക്കൻ  ഭദ്രാസനത്തിൽ  1990കളിൽ  ഭരണ നിർവഹണത്തിനായി എത്തിയ  തിരുമേനിക്ക്  താമസിക്കുന്നതിന്‌ ഒരു  മുറിപോലും ലഭിച്ചിരുന്നില്ല . ഓരോ വീടുകളിലായാണ്  അന്ന് താമസിച്ചത് .  ഭദ്രാസനത്തിലെ പ്രത്യേക സാഹചര്യത്തിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും  സൗമ്യമായി നേരിട്ടു .

 

ബർണബസ് തിരുമേനി ഇട്ട  അടിത്തറയിലാണ് അമേരിക്കൻ ഭദ്രാസനം ഇന്നു  വളർന്ന് പന്തലിച്ചത് . ഫാമിലി യൂത്ത് കോൺഫറൻസ്‌ ,മർത്ത  മറിയം സമാജം, എംജിഒസിഎസ്എം  തുടങ്ങിയ  മിനിസ്ട്രികൾ  ഇന്ന് നേടിയ വളർച്ചയ്ക്ക് പ്രചോദനമായതും തിരുമേനിയുടെ ദീര്ഘവീക്ഷണത്തിലൂന്നിയ  പ്രവർത്തനങ്ങളാണ്. യുവാക്കളെ ആദ്ധ്യാൽമികതയിലേക്കും അതുവഴി വൈദികവൃത്തിയിലേക്കും ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തടിക്കുരിശും  കൊണ്ടു നടന്ന്  എളിമയുടെ മാതൃക  തിരുമേനി ജീവിതത്തിൽ പങ്കുവെച്ചു . അമേരിക്കയിൽ സമൃദ്ധിയുടെ നടുവിലായിരുന്നിട്ടും തിരുമേനി ഇവിടുന്ന് ഒരു പൈസയും കൊണ്ട് പോയില്ല, എല്ലാം ഭദ്രാസനത്തിന് നൽകി അദ്ദേഹം നാട്ടിലേക്ക് മടങ്ങി.

 

തിരുമേനിയെ   നേരിട്ട് കാണാനും ആ ലാളിതൃം  അറിയുവാനും സാധിച്ചത് ജീവിതത്തിലെ ഭാഗ്യമായി ഞാൻ കരുതുന്നു. കോട്ടയത്ത്‌ ബസേലിയോസ് കോളേജിൽ  ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കാലത്ത്  ആഴ്ച അവസാനം കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്ക് പോകുന്നതിനായി  കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ടി എം എസ് ബസിൽ  കേറിയിരുന്നു. ബസിൽ കേറി  നേരത്തെ സീറ്റ്‌ പിടിച്ച്  സൈഡ്‌  സീറ്റിൽ  നല്ല കംഫർട്ടിബിൾ  ആയി ഇരിക്കും . ബസ്,  സ്റ്റാൻഡ് വിടുന്നതിനുമുമ്പ് തന്നെ വണ്ടി തിങ്ങി നിറഞ്ഞ് ആള് കേറിയിരിക്കും . പാമ്പാടി ദയറയുടെ സ്റ്റോപ്പ്‌ എത്തുമ്പോൾ കക്ഷത്തിൽ  ബാഗും പിടിച്ച്  ഒരു  ചെറിയ മനുഷ്യൻ കൈ കാണിക്കുന്നത് പതിവായിരുന്നു .തിങ്ങി ഞെരുങ്ങി നിൽക്കുന്ന ആളുകൾക്കിടയിൽ ഏറെ പ്രയാസപ്പെട്ട്  വണ്ടിയിൽ കയറിപ്പറ്റുന്ന തിരുമേനി ബാഗും പിടിച്ച് തൂങ്ങി നിൽക്കുന്നത് പതിവ് കാഴ്ചയായിരുന്നു .  ഒന്നു രണ്ടു തവണ   ഞാൻ ഇരിക്കുന്ന സീറ്റ്‌ ഒഴിഞ്ഞു കൊടുത്തതും  തിരുമേനി സന്തോഷത്തോടെ അവിടെ  ഇരുന്നതും ഞാൻ ഓർക്കുന്നു . തിരുമേനിയെ അടുത്ത് കാണാൻ സാധിച്ച ആ നിമിഷങ്ങൾ ഞാൻ മനസ്സിൽ എന്നും നെഞ്ചേറ്റുന്നു . തിരുമേനി സന്തോഷപൂർവം എന്നോട് പേരൊക്കെ ചോദിക്കുമായിരുന്നു. പക്ഷെ അന്നൊന്നും  ഇത്ര വല്യ വിശുദ്ധിയുളള ആളോടാണ് സംസാരിക്കുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല . സൺഡേസ്കൂൾ  അധ്യാപകനായിരുന്ന എന്റെ പിതാവിനോട് ചോദിച്ച്  കൂടുതൽ കാര്യങ്ങൾ  മനസിലാക്കിയതോടെ  ആ വന്ദ്യ പുരോഹിതനെ ഞാൻ എന്റെ മനസോട് ചേർത്തുവെച്ചു .

 

 ഞാൻ അമേരിക്കയിലെത്തിയ ശേഷവും തിരുമേനിയുടെ ലാളിത്യം കണ്ടറിയാനായ സന്ദർഭങ്ങളുണ്ടായി. തൊണ്ണൂറുകളിലായിരുന്നു അത് . മാർത്തോമാ മാത്യുസ് ദ്വിതീയൻ ബാവായുടെ കാലത്തായിരുന്നു തിരുമേനി അമേരിക്കൻ ഭദ്രാസന മെത്രപ്പോലീത്തയുടെ ചുമതലയിൽ  നിയോഗിക്കപ്പെട്ടത്. തിരുമേനിക്ക്  ഇവിടെ വന്ന് കഴിഞ്ഞ് താമസിക്കാൻ സ്ഥലം ഇല്ലായിരുന്നു.  ഒരു അരമന മേടിക്കാനുളള നെട്ടോട്ടത്തിലായിരുന്നു തിരുമേനി. അമേരിക്കൻ ഭദ്രാസനത്തിന്  ഇവിടെ സ്വന്തമായിട്ട് ഒരു അരമന സ്ഥാപിക്കാൻ തിരുമേനി ഏറെ ബുദ്ധിമുട്ടി. ഞാൻ ന്യൂജേഴ്‌സിയിൽ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സമയം,  ഒരു ദിവസം വൈകുന്നേരം വീട്ടിലേക്ക്  ഒരു ഫോൺ കോൾ , ' അരമനയുടെ ഒരു ഫണ്ട്  റെയ്സിങിനു വേണ്ടി തിരുമേനി ഇവിടെ വന്നിട്ടുണ്ട്. ഞങ്ങൾ വീട്ടിലേക്ക് വരട്ടേ എന്ന്  '. തിരുമേനിയെ സ്വീകരിക്കാൻ യാതൊരു തയ്യാറെടുപ്പുകളും നടത്താത്ത  സാഹചര്യം ഞാൻ  വ്യക്തമാക്കിയെങ്കിലും തിരുമേനിക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. 'ഇതാ ഇപ്പോൾ നിങ്ങളുടെ വീട്ടിലേക്ക് വരുന്നു, ഭക്ഷണത്തിന് എന്തെങ്കിലും ഉണ്ടെങ്കിൽ  എടുത്ത് വച്ചോളു എന്ന്  പറഞ്ഞു. കുറച്ച് കഞ്ഞി  കുടിക്കാം എന്ന്  ഞങ്ങൾ കരുതിയ ദിവസമായിരുന്നു അത് , അതുകൊണ്ടുതന്നെ മറ്റ് വിഭവങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല '  . തിരുമേനി എത്തുന്നതറിഞ്ഞതോടെ ഞങ്ങൾ പെട്ടെന്ന്   ഉണ്ടായിരുന്ന ഭക്ഷണം എടുത്ത് വച്ചു  . ഒരു മഴ പെയ്ത  സമയത്ത്  നനവാർന്നൊരു  കുപ്പായത്തിലാണ്  അദ്ദേഹം കേറിവന്നത്  ,ആരാണ് ഒപ്പമുണ്ടായിരുന്നതെന്ന് എനിക്ക് ഓർമയില്ല . തിരുമേനി അവരുടെ കൂടെ   സന്തോഷത്തോടെ വന്ന്  ആ  കഞ്ഞിയും കുടിച്ച് , എന്റെ കഴിവനുസരിച്ച്   ഞാൻ നൽകിയ ചെറിയ തുകയും സ്വീകരിച്ച്  പ്രാർത്ഥിച്ച്  മടങ്ങിയത് ഹൃദയം തൊടുന്ന അനുഭവമായി, ഒരിക്കലും മറക്കാനാവാത്ത അനുഭവം .

 

മറ്റൊരു അനുഭവം പറഞ്ഞാൽ ഞാൻ ഇടവകാംഗമായിരുന്ന മോണ്ട് ക്ലെയർ   സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ  പലപ്പോഴും വൈദികരുടെ  ക്ഷാമം  ഉണ്ടായിരുന്നു ,വെദികർ  ഇല്ലായിരുന്നു അന്ന്  അമേരിക്കൻ ഭദ്രാസനത്തിൽ . തിരുമേനി പറഞ്ഞു 'ഞാൻ ഇവിടെ ഉണ്ടെങ്കിൽ  നിങ്ങൾ എപ്പോൾ വിളിച്ചാലും ഞാൻ   വന്നിരിക്കും, നിങ്ങൾ എന്നെ ഒന്ന് വന്നു കൊണ്ടുപോയാൽ മതി എന്ന് .  ന്യൂയോർക്കിൽ  പോയി തിരുമേനിയെ ഞങ്ങൾ ഇവിടെ കൊണ്ടുവരും. ബ്ലഡ്‌ ഷുഗറും മറ്റ് ശാരീരിക പ്രശ്നങ്ങളുമൊക്കെ  ഉണ്ടായിരുന്നെങ്കിലും തിരുമേനി ഞങ്ങൾക്കൊപ്പം വന്നു വിശുദ്ധ ബലി അർപ്പിച്ചു മടങ്ങിയിരുന്നു,  ഒരു പ്രതിഫലവും  ഇല്ലാതെ. വളരെ  ചെറിയ ഒരു ഇടവകയെ പോലും നില നിർത്താൻ തിരുമേനി കാണിച്ച  ആത്മാർഥതയും അർപ്പണ മനോഭാവവും  എടുത്തുപറയേണ്ടതാണ്. വളരെ ദൂരം യാത്ര ചെയ്തും ബുദ്ധിമുട്ടിയും  ഞങ്ങളുടെ ഇടവകയടക്കം ഓരോ ചെറിയ ഇടവകയെയും   തിരുമേനി വളരെ സ്നേഹത്തോടെ  പരിഗണിച്ചത് നന്ദിയോടെ സ്മരിക്കുന്നു  .

 

തിരുമേനി കുറച്ചേ സംസാരിച്ചുള്ളുവെങ്കിലും ആ വാക്കുകൾ വളരെ   പവർഫുൾ ആയിരുന്നു.  എന്നെ പ്രത്യേകിച്ച് ആകർഷിച്ച തിരുമേനിയുടെ ഒരു വാചകമുണ്ട് , 'നിങ്ങൾ ചെയ്യുന്നതെല്ലാം തിരുനാമ മഹത്വത്തിനായി ചെയ്യുവിൻ, നിങ്ങൾ   ഭക്ഷിച്ചാലും കുടിച്ചാലും എന്തു ചെയ്താലും അത് ദൈവ തിരുനാമ മഹത്വത്തിനായി ചെയ്യുവിൻ' എന്നത് . ആ വാചകം ഞാൻ  എപ്പോഴും മനസ്സിൽ കൊണ്ട് നടക്കാൻ ഇഷ്ടപ്പെടുന്നു  , അതു എല്ലാവരോടും പങ്കുവയ്ക്കാൻ എനിക്ക്  താൽപര്യവുമാണ്.

 

തിരുമേനിക്ക് ഈ ഭദ്രാസനത്തിന്റെ ഭാവിയെപ്പറ്റി നല്ലൊരു  ദീർഘ വീക്ഷണം  ഉണ്ടായിരുന്നു,  ഇതെങ്ങനെ മുന്നോട്ട്  പോകണമെന്ന് . അതുകൊണ്ട് തന്നെ  തിരുമേനി  ഭദ്രാസന ഭരണം പൂർത്തിയാക്കിയ ശേഷം ഈ ഭദ്രാസനത്തെ ഒരു പിൻഗാമിയെ കണ്ടെത്തി, ശക്തമായൊരു കരങ്ങളിൽ ഏൽപ്പിച്ചാണ് നാട്ടിലേക്കു പോയത് .

 

തിരുമേനി  നമ്മുടെയൊക്കെയും  സ്വർഗീയ മധ്യസ്ഥനാണെന്നു ഞാൻ വിശ്വസിക്കുന്നു.  നമുക്ക് വേണ്ടി അനുദിനം മധ്യസ്ഥത യാചിക്കുന്ന പരിശുദ്ധനായ ഒരു പിതാവായി തിരുമേനി നമുക്കായി സ്വർഗത്തിലിരുന്ന്  പ്രാർഥക്കുന്നു. ആ  പ്രാർഥനകൾ  നമുക്ക് കോട്ടയായിരിക്കട്ടെ ജീവിത  വിശുദ്ധിയിൽ ജീവിച്ച ആ   പിതാവിന്റെ മാധ്യസ്ഥം നമുക്കുണ്ടാകട്ടെ . അദ്ദേഹം കാറിന്‍റെ ആഡംബരങ്ങളിലും വേഷങ്ങളുടെ വര്‍ണവൈവിധ്യത്തിലും സ്വർണത്തിളക്കത്തിലും വിഭ്രമിച്ചില്ല. പണ കിലുക്കവും അദ്ദേഹത്തെ ആകര്ഷിച്ചില്ല.  ക്രിസ്തുവില്‍ ആശ്രയിച്ച ആ ഇടയ ശ്രേഷ്ഠൻ  വിശുദ്ധിയുടെ പര്യായമായിരുന്നു.  

 

തിരുമേനിയുടെ വിയോഗം പതിറ്റാണ്ടു പിന്നിടുമ്പോൾ സഭയിലും സമൂഹത്തിലും പ്രത്യേകിച്ച് യുവജനങ്ങളിലും  ഇന്നും പടരുന്ന അഗ്നിയായി ആ ജീവിതശോഭ നിലനിൽക്കുന്നു , ക്രിസ്തുവിൽ  ശിലയിട്ട ആ ജീവിതം ആയിരങ്ങൾക്ക് വെളിച്ചമാകട്ടെ  എന്ന്  പ്രാർത്ഥിക്കുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com