ADVERTISEMENT

സാഹിത്യം സാർത്ഥകമാകുന്നത്, അത് വായനക്കാരിൽ അനുരണനങ്ങൾ സൃഷ്ടിക്കുമ്പോഴാണ് . വായനക്കാരന്റെ ഉള്ളിൽ അത് അണയാത്ത കനലായി മാറുന്നു. കഥയോ കവിതയോ നോവലോ ഓർമക്കുറിപ്പുകളോ ഒക്കെയും അങ്ങനെത്തന്നെ.മനോജ് രാധാകൃഷ്ണൻറെ പല കാലങ്ങളിൽ ചില മനുഷ്യർ എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം എഴുത്തുകാരൻറെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഏടുകളുടെ സംഗമം ആണ്.കേരളത്തിലെ ഒരു കാലത്തെ സാമൂഹ്യാവസ്ഥ മുതൽ ഏറ്റവും പുതിയ കാലം വരെ ഈ കൃതിയിൽ അടയാളപ്പെടുത്തി വയ്ക്കുന്നുണ്ട്.

 

ദേശാതിർത്തികൾ കടന്നുള്ള ബാല്യകാല ഓർമകളുടെ പുനർ വായനയാണ് അസാൻറെ സാന.സ്വാഹിലി ഭാഷയിലുള്ള ഈ ശീർഷകം , മലയാളികളുടെ വായനയ്ക്ക് ഒരു നവ്യാനുഭവം നൽകുന്നുണ്ട്. ആഫ്രിക്കൻ ഭൂപ്രദേശവും അവിടുത്തെ സംസ്കാരവുമെല്ലാം ഈ കുറിപ്പിൽ എഴുത്തുകാരൻ ചേർത്ത് വെച്ചിട്ടുണ്ട്. ദാർ എസ് സലാമും കിളിമഞ്ജാരോ പർവ്വത നിരകളും ഈസ്റ്റ് ആഫ്രിക്കൻ എയർവേയ്സിൻറെ യാത്രാനുഭവങ്ങളുമൊക്കെ , ഈ കുറിപ്പിലൂടെ വായനക്കാരിലേക്കെത്തിച്ചേരുന്നു. ഒനാണ്ടയിലൂടെ സ്വാഹിലിയുടെ ചില ബാലപാഠങ്ങൾ വായനക്കാരനും പഠിച്ചെടുക്കാൻ സാധിക്കും. എന്നാൽ ഒന്നാം മുറിവ് എന്ന ലേഖനം ആർദ്രതയുടേയും ഭൂതദയയുടേയും മഹത്തായ സന്ദേശമാണ് വായനക്കാരന് നൽകുന്നത്. എഴുത്തുകാരൻറെ ബാല്യകാല സുഹൃത്തായ അലിക്കുഞ്ഞിൻറെ കഥ പറയുന്നതിലൂടെ സമൂഹത്തിലെ അസന്തുലിതമായ സാമ്പത്തികാവസ്ഥയേയും അതിലൂടെ കുടുംബങ്ങൾ എങ്ങനെയാണ് വിഭാഗീകരിക്കപ്പെടുന്നതെന്നും മനോജ് രാധാകൃഷ്ണൻ വരച്ചു വെക്കുന്നുണ്ട്. സമാനമായ ജീവിതാവസ്ഥയുടെ മറ്റൊരു ആവിഷ്കാരമാണ് അബൂക്കയുടെ നാരങ്ങാ വെള്ളവും പ്രദീപും എന്ന കുറിപ്പിൽ. പ്രദീപും അലിക്കുഞ്ഞും സമാന്തരമായി അവരുടെ ജീവിത നൌക തുഴഞ്ഞു കൊണ്ടേയിരിക്കുന്നു. സാമ്പത്തികമായ അസമത്വം മനുഷ്യനിൽ അപകർഷതാ ബോധം സൃഷ്ടിക്കുമെന്നും ഈ ലേഖനത്തിലൂടെ വായിച്ചെടുക്കാൻ സാധിക്കും.

 

പരേശരമ്മാനും വെള്ളുവും എന്ന ലേഖനത്തിൽ , അനപത്യതയുടെ നിരാസത്തെ അകൽച്ചയുടെ അടയാളമാക്കി മാറ്റുന്ന ദമ്പതികളെ കാണാം. ദാമ്പത്യമെന്നത് ഇണക്കത്തിൻറെയും പിണക്കത്തിൻറെയും ഇടയിലെ നൂൽവരമ്പിലൂടെയുള്ള സഞ്ചാരമാണ്. പരേശരമ്മാൻറേയും വെള്ളുവിൻറേയും കുരകളിലൂടെ മനുഷ്യരുടേയും മൃഗങ്ങളുടേയും ചിന്തകളിലെ വൈജാത്യത്തെ എഴുത്തുകാരൻ മനസ്സിലാക്കിത്തരുന്നുണ്ട്.

ക്ഷീരദിന ചിന്തകൾ എന്ന ലേഖനത്തിലൂടെ സമൂഹം സ്വയം പര്യാപ്തമാകേണ്ടതെങ്ങനെയെന്ന് ലേഖകൻ ചൂണ്ടിക്കാണിച്ചു തരുന്നു. നമ്മുടെ പൈതൃക സമ്പത്തിൻറെ വഴികളും മനോജ് വായനക്കാരിലേക്ക് തുറന്നിടുന്നു. തെണ്ടൻ, ചടയൻ മുതൽപേരും സുന്ദി മൂപ്പനും ഞാനും എന്ന കുറിപ്പ് ഹാസ്യാത്മകമായിട്ടാണ് ലേഖകൻ എഴുതിയിട്ടുള്ളത്.വാമൊഴിയായി പരന്നൊഴുകിയ മിത്തുകൾ, ഓരോ തലമുറകളിലും ചെലുത്തുന്ന സ്വാധീനത്തെ ഇതിലൂടെ മനോജ് അവതരിപ്പിക്കുന്നു.  അയ്യപ്പനും കോശിയും , അല്ലാ കാരണവരും പണിക്കരും എന്ന കുറിപ്പിൽ പുതിയ കാലത്തെ സിനിമയുമായി ബന്ധപ്പെടുത്തി  പഴയ കാലത്തെ കഥ പറയുകയാണ് എഴുത്തുകാരൻ. വിവാഹം, വിവാഹേതര ബന്ധങ്ങൾ എന്നിവയിലൂടെയെല്ലാം ഈ കുറിപ്പ് സഞ്ചരിക്കുന്നുണ്ട്. 

 

തന്റെ ഓർമകളേയും അനുഭവങ്ങളേയും സാമൂഹ്യാവസ്ഥകളുമായി വിളക്കിച്ചേർത്തു കൊണ്ടാണ് മനോജ് രാധാകൃഷ്ണൻ പല കാലങ്ങളിൽ ചില മനുഷ്യർ എന്ന പുസ്തകം രചിച്ചിട്ടുള്ളത്. ഇതിലെ ഓർമകൾക്ക് യഥാർത്ഥ ജീവിതത്തിന്റെ ആർദ്രതയും നിസ്സഹായതയും സൗന്ദര്യവുമെല്ലാമുണ്ട്. നാം കാണാതെ പോയ പോയ , കാണേണ്ടിയിരുന്ന,  പല കാലങ്ങളിലെ ചില മനുഷ്യരെല്ലാം സമ്മേളിക്കുന്ന ഒരിടമാണ് ഈ പുസ്തകം.ഇരുപത്തിരണ്ട് ലേഖനങ്ങളടങ്ങിയ ഈ പുസ്തകത്തിന്റെ വില 250 രൂപ. പേജ് 204

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com