ADVERTISEMENT

പുതുവർഷം തുടങ്ങിയത് സജിൽ ശ്രീധറിന്റെ 'വാസവദത്ത' എന്ന നോവലിലൂടെ.  ആ തുടക്കം മോശമായില്ല. വാസവയും അവളുടെ ജീവിതചര്യകളും പ്രിയ തോഴി ഉത്തരയും ബുദ്ധഭിക്ഷു ഉപഗുപ്തനും കൂടുതൽ അടുത്തറിയേണ്ട മുഖങ്ങളാണ്. അറിഞ്ഞപ്പോൾ, ലവലേശം നിരാശയേകാതെ തുടക്കം മുതൽ ഒടുക്കംവരെ ഒറ്റയിരിപ്പിന് വായിക്കാവുന്ന ലളിതവും സുന്ദരവുമായ ശിൽപചാതുര്യമേറിയ നീണ്ടകഥ.  ദത്തയുടെ സൗന്ദര്യവും ധനമോഹവും രതിമർമ്മരങ്ങളും അനാവശ്യ വളച്ചുകെട്ടലുകൾ, ഭാഷയുടെ ക്ഷുദ്രപദപ്രയോഗങ്ങൾ ഉപേക്ഷിച്ച് സജിൽ ശ്രീധർ വരയുമ്പോൾ ലഭിക്കുന്ന വായനാസുഖം ഏറെ.

 

വാസവദത്തയെയും ഉപഗുപ്തനേയും അറിയാത്ത മലയാളി വായനക്കാർ തുലോം കുറവാണ്. 'കരുണ'യിലൂടെ കുമാരനാശാൻ വരച്ചിട്ട ചിത്രങ്ങളിൽ  നിന്നും സജിൽ ശ്രീധർ കണ്ടെടുത്തതാണ് അവളുടെ ജീവിതം.  തീർച്ചയായും വായനക്കാരെ ആകാംഷാഭരതരാക്കുന്ന ഒന്ന്.  ആരായിരുന്നു അവൾ, എങ്ങനെ വാസവ രതിപുഷ്പമായി പരിലസിച്ചു? ധനത്തോടും പ്രതാപത്തോടും അധികാരത്തോടും മോഹം എങ്ങനെ ഉദിച്ചുയർന്നു..? ആശാൻ ബാക്കിവച്ച ഒരുപാട് ചോദ്യങ്ങൾക്ക് നോവലിസ്റ്റ് ഉത്തരം നൽകുന്നു.

 

വാസവദത്തയുടെ ജീവിതം കുറിക്കുവാൻ തുനിയുമ്പോൾ എഴുത്തുകാരൻ നേരിടുന്ന വലിയ പ്രതിസന്ധി ആ കാലഘട്ടം, ജീവിത രീതികൾ, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അവസ്ഥകൾ ഒക്കെ വർണ്ണിക്കുക എന്നതാണ്. തീർച്ചയായും ചരിത്രത്തിലേക്ക് അയാൾ അതിവേഗം തിരിഞ്ഞു നടക്കേണ്ടതുണ്ട്. ദക്ഷിണ മഥുരാപുരിയിൽ കൗമാരത്തിന്റെ തൊട്ടിലിൽ ഊഞ്ഞാലാടുന്ന സുന്ദരിയുടെ ജീവിതത്തിൽ കഥ തുടങ്ങി, കച്ചവടക്കാരനായ മാണിക്യനിൽ അനുരക്തയായി അയാളോടൊപ്പം ഉത്തരമഥുരാപുരിയിലേക്ക് സ്വന്തം വീടും ഭൂമികയും വിട്ട് നിശയുടെ നീലിമയിൽ പലായനം ചെയ്യുന്ന വാസവദത്തക്ക് പിന്നീട് വന്നുഭവിക്കുന്നതൊക്കെ കൺമുമ്പിൽ നടക്കുന്ന രംഗങ്ങൾ പോലെ കതിരും പതിരും തിരിച്ച് ചിത്രീകരിക്കുവാൻ കഴിയുക  ചെറുകാര്യമല്ല. 

 

 

 

 

ലളിതവും സുന്ദരവുമായ വാക്കുകൾക്കുള്ള ഉദാഹരണത്തിന് കഥയുടെ തുടക്കം തന്നെ നോക്കാം. 'ചിത്രപ്പണികളിൽ സമ്പന്നമായ വാൽകണ്ണാടിയിൽ വാസവദത്ത സ്വന്തം മുഖം ഒരിക്കൽക്കൂടി നോക്കി. അഭിമാനം കലർന്ന ഒരു മൃദുമന്ദഹാസം അവളുടെ മുഖത്ത് വിരിഞ്ഞു.  ചിരിക്കുമ്പോൾ വിടർന്ന ചെന്താമരപോലെ ആ മുഖം ജ്വലിച്ചു. കോപം കൊണ്ട് ജ്വലിക്കുമ്പോഴും വാസവയുടെ മുഖം ചുവക്കാറുണ്ട്.  നുണക്കുഴികൾ വിരിയാറുണ്ട്. അനൽപ്പവും കാന്തികവുമായ സൗന്ദര്യത്തിൻറെ അപാരതയായിരുന്നു കണ്ണാടിയിൽ പ്രത്യക്ഷപ്പെട്ട ആ പ്രതിബിംബം'.  ഇതേപോലെ മറ്റൊരു കണ്ണാടി കഥയുടെ അന്ത്യത്തിലും കാണാം. അജഗജാന്തര വ്യത്യാസമുള്ള ദർപ്പണങ്ങൾ, കാഴ്ച്ചകൾ.

 

വാസവയുടെ സൗന്ദര്യവർണ്ണനപോലെ കാവ്യാത്മകമായ എഴുത്തിനാൽ സമ്പന്നമാണ് ഈ നോവൽ. മാത്രമല്ല, മനുഷ്യജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾ, മണ്ണും പെണ്ണും പൊന്നും എത്രമാത്രം ജീവിതത്തെ തുലാസിൽ ആട്ടുന്നു എന്നൊക്കെ കഥയിലുടനീളം വായിച്ചെടുക്കാം. വാസവയുടെ ജീവിതം സ്ത്രീപുരുഷഭേദമന്യേ ഏതൊരാൾക്കും അനുഭവപാഠമായി തീരുന്നത് അതുകൊണ്ടാണ്. 'ആത്മവിശുദ്ധിയുടെ ഇതിഹാസം' എന്ന് പത്മശ്രീ ഡോ. വെള്ളായണി അർജ്ജുനും, 'ആഖ്യാനകലയിലെ പുതുവിസ്മയമെന്ന്' ഡോ.സിറിയക് തോമസും 'അസാധാരണതയുടെ സാധാരണത 'എന്ന് ഇന്ദുമേനോനും  ഈ പുസ്തകത്തെപ്പറ്റി അഭിപ്രായം പറയുന്നത് വെറുതെയല്ല.

 

കഥയോടൊപ്പം ജീവിതതത്വങ്ങൾ തുന്നിച്ചേർത്തിരിക്കുന്നത് വായനയെ ചിന്തയിലേക്കും ആനയിക്കും. 'നമ്മുടെ വില നിശ്ചയിക്കേണ്ടത് നമ്മളാണ്. ഒരണയ്ക്കും ഒരുലക്ഷം അണയ്ക്കും സ്വയം വിൽക്കാം. നമ്മുടെ മനോഭാവമാണ് ഉയരങ്ങളിലും പാതാളത്തിലും എത്തിക്കുന്നത്' വാസവദത്ത ഇത് പറയുന്നത് തോഴിയായ ഉത്തരയോടാണെങ്കിലും അത് ചെന്ന് പതിക്കുന്നത് വായനക്കാരനിലാണ്. തനിക്ക് ലഭിച്ച അളവറ്റ സമ്പത്തും മണിമാളികയും വിട്ട് വെറുംകയ്യോടെ തെരുവിലേക്ക് വാസവദത്ത ഇറങ്ങുമ്പോൾ 'നമ്മൾ എങ്ങോട്ട് പോകും?' എന്ന ഉത്തരയുടെ ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം നോവലിൻറെ ആമുഖത്തിൽ ഡോ.സിറിയക് തോമസ് എടുത്തുപറയുന്നുണ്ട്.  'അറിയില്ല. പക്ഷെ നമ്മൾ നമ്മുടെ വഴി കണ്ടെത്തിയേ തീരൂ'

 

കാലദേശങ്ങൾ എത്ര പിന്നിട്ടാലും മനുഷ്യജീവിതചര്യകൾക്ക് മാറ്റം ഉണ്ടാകുന്നില്ല. പ്രേമം നടിച്ച് വാസവദത്തയെ തട്ടികൊണ്ട് പോയി മറ്റൊരാൾക്ക് കാഴ്ചവയ്ക്കുന്ന മാണിക്യൻ മുതൽ, സേട്ടുമാരും, പ്രമാണിമാരും, രാക്ഷസൻമാരും അവസാനം എത്തുന്ന ഉപഗുപ്തനും ഇന്നും നമ്മുടെയൊക്കെ കണ്മുന്നിൽ ഉള്ള മനുഷ്യർ തന്നെ.  എത്ര ലഭിച്ചാലും ഒടുങ്ങാത്ത കാമത്തിന്റെ പിടിയിലായിപ്പോകുന്ന വാസവദത്ത തനിക്ക് അനുരൂപനായ പുരുഷനെ തേടുകയും അന്വേഷണം ഉപഗുപ്തനിൽ ചെന്നുറയ്ക്കുകയും ചെയ്യുന്നു. ആ വിരിമാറിൽ കിടക്കുവാനും ചൂടും ചുണ്ടും നുകരുവാനും അവൾ പരവശയായി. തോഴിയെ അയാളുടെ അടുത്തേക്ക്  അയച്ചു. എന്നാൽ  'സമയമായില്ല' എന്ന നിരാശയുടെ മറുപടി ലഭിക്കുന്നു. അവസാനം വാസവതന്നെ നേരിട്ട് ചെന്നു. അതിനും അതേ ഉത്തരം.

 

കഥാന്ത്യം വികാരാവേശത്താൽ പൂർത്തിയാക്കാൻ എഴുത്തുകാരന് കഴിഞ്ഞു. കരചരണങ്ങളും മൂക്കും സ്തനങ്ങളും ഛേദിക്കപ്പെട്ട് കിടക്കുന്ന വാസവദത്തയുടെ ചിത്രം ദയനീയമാണ്. അവിടേക്ക് നടന്നടുക്കുന്ന ഉപഗുപ്തൻ. വേദനയിലും ചേതനയുടെ നിമിഷങ്ങൾ. അവളുടെ ചുണ്ടുകളിലേക്ക് ജീവജലവും പ്രാണൻ വെടിയാനായി ത്വരയുള്ള ശരീരത്തിലേക്ക് ആത്മജലവും പകരുന്ന ബുദ്ധഭിക്ഷുവിന്റെ കരങ്ങൾ. പാപമുക്തയായി, മനശ്ശാന്തിയോടെ വാസവദത്തയുടെ കണ്ണുകൾ അടയുകയും അവൾക്ക് ഉപഗുപ്തൻ ചിതയൊരുക്കുകയും ചെയ്യുന്നു.  ദക്ഷിണ-ഉത്തര മഥുരാപുരികളെ ത്രസിപ്പിച്ച സൗന്ദര്യം അഗ്നിനാളങ്ങൾ ഒപ്പിയെടുക്കുമ്പോൾ നോവൽ അവസാനിക്കുന്നു. 

 

ഗതകാല കഥ പുതുകാല ശൈലിയിൽ അവതരിപ്പിക്കുവാൻ സജിൽ ശ്രീധർ ശ്രമിക്കുന്നു എന്നത് വായനയിലെ രസകരമായ അനുഭവമായി മാറുന്നുണ്ട്. നാലിരട്ടിയോളം വലുപ്പത്തിൽ എഴുതാമായിരുന്ന കഥ പരമാവധി കളകൾ പിഴുതെറിഞ്ഞ് ട്രിം ചെയ്ത് ഭംഗിയാക്കി അവതരിപ്പിച്ചിരിക്കുന്നു. കുറെയേറെ സംഭവപരമ്പരകൾ കഥയിൽ ഉണ്ടെങ്കിലും അനാവശ്യമായ വലിച്ചുനീട്ടലുകൾ ഒഴിവാക്കി ഒതുക്കി കഥപറയുകയാണ്. അതിനാൽത്തന്നെ ഓരോ വരിയും വാക്കും വായനക്കാരൻ ശ്രദ്ധയോടെ കയറിയിറങ്ങണം. വായനക്കാരന്  അറിയാവുന്നതെങ്കിലും തുടക്കം മുതൽ ഒടുക്കംവരെ ആകാംഷ നിലനിർത്തി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല.

 

വാസവദത്തയെ കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാണ് സജിൽ ശ്രീധരന്റെ ഈ എഴുത്തുദ്യമം.

 

പേജ് 144, പ്രസാധകർ സൈകതം ബുക്‌സ്, വില 190 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com