ADVERTISEMENT

മലയാള ഭാഷയ്ക്ക് വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടമാണ് ടി. പി ഭാസ്ക്കര പൊതുവാളിന്റേത്. അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെയുള്ള ഇന്ദിരാ ബാലന്റെ യാത്രയാണ് ഈ പുസ്തകം. പതിനെട്ടോളം അധ്യായങ്ങളിലൂടെ കടന്നു പോകുമ്പോൾ മാഷിനെ തൊട്ടറിയാൻ വായനക്കാരനു കഴിയും. കവിതയും നാടകവും പ്രഭാഷണങ്ങളും പഠന ക്ളാസുകളുമായ് ജീവിത സപര്യയുടെ 73 ആണ്ടുകൾ പിന്നിട്ട മലയാളഭാഷയുടെ പുണ്യം. 

ബഹുമുഖ പ്രതിഭയായിരുന്ന സഹോദരൻ ടി.പി.എൻ കൈതപ്രത്തിന്റെ ഓർമ്മകളിലൂടെയാണ് തുടക്കം. ഹിന്ദി, മലയാളം, ബംഗാളി ഭാഷകൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം അദ്ധ്യാപകൻ, പ്രഭാഷകൻ, നടൻ, ചിത്രകാരൻ എന്നീ നിലകളിലൊക്കെ പ്രശോഭിച്ചിരുന്നു. രാഷ്ട്രപതിയുടെ അധ്യാപക പുരസ്കാരം നേടിയ ജേഷ്ഠൻ ഭാസ്ക്കരൻ മാഷുടെ ജീവിതത്തിൽ ഏറെ സ്വാധീനിച്ചിരുന്നു. 

 

മധുര കൽക്കണ്ടം പോലെ മലയാളം പഠിപ്പിച്ചിരുന്ന ശങ്കരൻ മാഷായിരുന്നു പ്രാസംഗികനാവാനുള്ള ചുവടുവയ്പിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത്. കണക്കിൽ കണക്കായിരുന്നപ്പോൾ നാരായണ അയ്യർ മാഷ് കണക്ക് രസകരനായ് പഠിപ്പിച്ചതും സുകുമാരി ടീച്ചറുടെ പ്രോത്സാഹനവും ഭാസ്ക്കരൻ മാഷ് ഓർത്തെടുക്കുന്നു. 

 

കുട്ടിക്കാലത്ത് തന്നെ കവിതകളോടും, നാടകത്തോടും അഭിനിവേശമായിരുന്നു. നാടക ഗുരുവായ കരുണാകരൻ മാഷുടെ പ്രോത്സാഹനത്തോടെ 'കണക്ക് പുസ്തകം' എന്ന നാടകമെഴുതിയതും  കുഞ്ഞുണ്ണിമാഷെ കണ്ട് ആദ്യ കവിത എഴുതി കാണിച്ചതും മാഷ് ഓർത്തെടുക്കുന്നുണ്ട്. 

 

അക്ഷര ശ്ളോകത്തിന്റെ വിദ്ഞാനവും, വിനോദവും മനുഷ്യ ജീവിതത്തോടും ആവാസവ്യവസ്ഥയോടും അഭേദ്യമായ ബന്ധമുള്ള കലയാണ് തെയ്യം. ഒരുകാലത്ത് ജീവിച്ചിരുന്നു എന്നു വിശ്വസിച്ചിരുന്ന ചില വിസ്മയങ്ങളാണ് പിന്നീടു തെയ്യങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. തെയ്യങ്ങളും കാവുകളും ഭാസ്ക്കരപൊതുവാളിന്റെ നാടക പ്രവർത്തനങ്ങളിൽ ഏറെ സ്വാധീനിച്ചതായി പറയുന്നു. മുച്ചിലോട്ട് ഭഗവതിയുടേയും പൊട്ടൻ തെയ്യത്തിന്റെയും പുരാണം പുസ്തകത്തിൽ മാഷ് പറയുന്നുണ്ട്.

 

"നിങ്ങളെ കൊത്യാലും ചെഞ്ചോരതന്നെ

 

നാങ്കളെ കൊത്യാലും ചെഞ്ചോര തന്നെ" 

 

കർട്ടൻ പിടിച്ച് തുടങ്ങിയ നാടക ജീവിതം. സമൂഹവുമായ് നാടകത്തിനുണ്ടാകുന്ന ആത്മബന്ധം. സമഗ്രമായ ഒരു കലയാണ് നാടകമെന്ന അനുഭവ സാക്ഷ്യം. എസ്ക്കെ പൊറ്റക്കാടിനെ പോലെ പ്രമുഖർ നാടകം കണ്ട് അനുഗ്രഹിച്ച ഓർമ്മകൾ. പഠനം കഴിഞ്ഞ് അധ്യാപക ജീവിതത്തിലേക്കുള്ള ചുവട് വയ്പ്. 36 വർഷത്തെ അധ്യാപക ജീവിതം. കാഞ്ഞങ്ങാട് രാമചന്ദ്രനെ പോലെയുള്ള പ്രമുഖരായ ശിഷ്യ സമ്പത്ത്. 

 

വൈലോപ്പിള്ളി ശ്രീധരമേനോൻ, അക്കിത്തം, മുല്ലനേഴി, എം ടി തുടങ്ങി മലയാളത്തിലെ പ്രമുഖരുടെ ഓർമ്മകൾ എല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. മകൾ ബിന്ദുവിന്റെ അകാല വിയോഗം തീർത്ത ശൂന്യത, മലയാളം പാഠശാലയിലേക്ക് വരുന്നവർക്ക് സ്നേഹം ഭക്ഷണത്തിലൂടെ പകുത്തുനൽകുന്ന ഭാര്യ ജാനകി. 'കാറൽ കോപ്പക്ക' പോലുള്ള ലോകോത്തര നാടകങ്ങളെ കുറിച്ചുള്ള വിശകലനം, സ്വാധിനം. ആദ്യ നാടകം മൃത്യുശിൽപം മുതൽ 20 തോളം നാടകങ്ങൾ 1979ൽ പുറത്തിറങ്ങിയ "ഉദയ സംക്രാന്തി" എന്ന നാടകം 2000 വേദികളിൽ കളിച്ചു. ഇപ്പൊഴും പ്രസക്തമായ രചന.കൈതപ്രം  നാടക കളരിയുടെ തുടക്കവും 'ശകല്യൻ' എന്ന തൂലികാ നാമത്തിൽ സംവിധായകനായതും മാഷുടെ ഓർമ്മയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. 

 

പയ്യന്നൂരിലെ മലയാളം പാഠശാലയിൽ മട്ടന്നുർ ശങ്കരൻ വന്നു ചെണ്ടകൊട്ടിയതും ഒഎൻവി തൊട്ട് മലയാളത്തിലെ പ്രമുഖരായവർ സന്ദർശം നടത്തുന്നതും മാഷുടെ ഓർമ്മയായ് ഇന്ദിരാ ബാലൻ അക്ഷര സൂര്യനിൽ കുറിച്ച് വയ്ക്കുന്നുണ്ട്. മലയാള ഭാഷയുടെ പുണ്യമാണ് ടി പി ഭാസ്ക്കരപൊതുവാൾ. പയ്യന്നുരിന്റെ അഭിമാനവും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com