ADVERTISEMENT

താനൂരിൽ ബോട്ട് മറിഞ്ഞു 22 പേരുടെ ദാരുണ മരണം സംഭവിച്ചത് അധികാരികളുടെ അനാസ്ഥ കൊണ്ട് മാത്രമാണ്. അതിനു കാരണം പണകൊതിയന്മാർക്ക് എല്ലാ നിലയ്ക്കും ഒത്താശ ചെയ്തു കൊടുക്കാൻ രാഷ്ട്രീയ മേലാളന്മാർ എമ്പാടുമുണ്ട്. നിയമത്തിനു പുല്ല് വില കൽപ്പിക്കുന്നു എന്നതാണ് നമ്മുടെ നാടിന്റെ ശാപം.

വിദേശ രാജ്യങ്ങളിലെ നിയമവും ഉദ്യോഗസ്ഥരെയും മാതൃകായാക്കണം നമ്മുടെ ഭരണാധികാരികൾ. ജനങ്ങളുടെ നികുതി പണം കൊണ്ട് വിദേശ രാഷ്ട്രങ്ങളിൽ കുടുംബത്തോടൊപ്പം പരിവാങ്ങളെയും കൂട്ടി പര്യടനം നടത്തി ഉല്ലസിക്കുമ്പോൾ നമ്മുടെ നാടിന് ഗുണകരമായ വല്ല മാറ്റവും കൊണ്ട് വരാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ദുബായ് അബ്രകളിൽ ഒരു ദിർഹംസിന് ഓടുന്ന ബോട്ടുകളിൽ 20 പേരിൽ ഒരാളെ പോലും കൊണ്ട് പോകാൻ അതിന്റെ ഡ്രൈവർമാർ മുന്നോട്ട് വരില്ല. കാരണം  അവർക്ക് പണത്തോടുള്ള കൊതിയില്ലാഞ്ഞിട്ടല്ല. ഇരുവശത്തും അവരെ നിരീക്ഷിക്കാൻ ആർടിഎയുടെ അധികാരികൾ കാത്തു നിൽക്കുന്നുണ്ട്. അവർക്ക് ഫൈൻ കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവർ അനുവദിച്ചതിലും കൂടുതൽ ആളുകളെ കയറ്റാത്തത്.

നമ്മുടെ നാട്ടിൽ ഏൽപ്പിക്കപ്പെട്ട അധികാരികൾക്ക് കൈകൂലി കൊടുത്തത് കൊണ്ടും വാങ്ങുന്നത് കൊണ്ടും നിയമ പാലകർക്ക് അത് ശ്രദ്ധിക്കാൻ കഴിയില്ല. അതാണ് താനൂരിലും സംഭവിച്ചത്. നിയമം കർശനമാക്കിയാൽ ഏറെക്കുറെ ഇത് പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധിക്കും.

ദുരന്തങ്ങൾ വന്നു ജീവൻ പൊലിയുമ്പോൾ മാത്രം താത്കാലിക പരിശോധനയ്ക്ക് ഇറങ്ങിയാൽ പോരാ. മറ്റൊരു ദുരന്തം വരുമ്പോൾ അതിനു പുറകെ പോകുന്ന ശൈലി നമ്മുടെ മാധ്യമങ്ങളും അധികാരികളും മാറ്റണം. അതാത് ഡിപ്പാർട്മെന്റിനു കീഴിൽ ദുരന്തം വരുമ്പോൾ അതിനു ചുമതലപെടുത്തിയ ഉദ്യോഗസ്ഥന്മാരുടെ വീഴ്ച സംഭവിച്ചെങ്കിൽ അവരെയും അവരുടെ മേലാധികാരികളെയും നിയമതിനു മുമ്പിൽ കൊണ്ടു വന്നു ശിക്ഷിക്കണം. 

ഇതിനു മുൻപ്, കോഴിക്കോട് ഉപ്പിലിട്ട സാധങ്ങൾ വിൽക്കുന്ന കടയിൽ നിന്നും ആസിഡ്  കുടിച്ചു കുട്ടിക്ക് പൊള്ളലേറ്റ വാർത്തയുണ്ടായിരുന്നു. സമാനമായ പല സംഭവങ്ങളും അപകടങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് അധികാരികളുടെ അനാസ്ഥയാണ്. ഹെൽത്ത് ഇൻസ്‌പെക്ടർമാർ കൃത്യമായി ചെക്കിങ് നടത്താത്തതു കൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്? നമ്മുടെ കേരളത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഒന്നോ രണ്ടോ ആഴ്ച അതുമായി ബന്ധപ്പെട്ട ചർച്ചകളും ചെക്കിങ്ങും ഉണ്ടാകും. പിന്നെ വേറെ അപകടം വരാൻ വേണ്ടി കാത്തിരിക്കും, അതാണ് സാധാരണ സംഭവിക്കുന്നത്.

അതാത് ഡിപ്പാർട്മെന്റിലെ ഉദ്യാഗസ്ഥർ കൃത്യമായി അവരുടെ ഉത്തരവാദിത്വം നിർവഹിച്ചിരുന്നെങ്കിൽ ഇതു പോലുള്ള അപകടങ്ങൾ കുറക്കാൻ സാധിക്കും. ഒരു വാർത്ത വന്നു അതിനേക്കാൾ വാർത്ത പ്രധാന്യമുള്ള മറ്റൊരു വിഷയം കിട്ടുമ്പോൾ പഴയ വാർത്ത മറക്കുന്ന മാധ്യമങ്ങളെ പോലെ ഉദ്യാഗസ്ഥന്മാരും,  ഡിപാർട്മെന്റും പ്രവർത്തിച്ചാൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടും. ഇപ്പോഴും സ്കൂളിൽ ബസിലും, ബസ് സർവീസുകളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിയമം കാറ്റിൽ പറത്തുന്നുണ്ട്.

ഇനിയും ഒരു ദുരന്തം വരാൻ കാത്തു നില്കാതെ 

ഉപ്പിലിട്ടത് വിൽക്കുന്ന ഷോപ്പുകളിലും, ഭക്ഷണം ഉണ്ടാക്കുന്ന കുടിൽ വ്യവസായങ്ങളിലും, ഫാക്ടറികളിലുo, ജൂസ് ഉണ്ടാക്കി പാക്ക് ചെയ്യുന്ന സ്ഥലങ്ങളിലും, വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കുന്ന സ്ഥലങ്ങളിലും നിരന്തരം പരിശോധനങ്ങൾ ആവശ്യമാണ്. ഇപ്പോൾ ചൂടു കൂടി വരുന്ന സാഹചര്യമാണ്. ഐസ് ഫാക്ടറികളിലും വൃത്തി ഹീനമായ സ്ഥലങ്ങളിലും വെച്ചു ഐസ് ഉണ്ടാക്കി നമ്മുടെ നാട്ടിൻപുറങ്ങളിൽ കൊണ്ടു വന്നു വിൽക്കുന്ന സമയം. 

കൊടും വേനലിൽ ജല ക്ഷാമം ഉണ്ടാകുമ്പോൾ വൃത്തി ഹീനമായ വെള്ളം ഉപയോഗിച്ചാണ് ഐസ് ഉണ്ടാക്കുന്നത്. ഇപ്പോൾ ഒട്ടുമിക്ക സ്ഥാപനങ്ങളിലും അന്യ സംസ്ഥാന തൊഴിലാകളാണ് ജോലി ചെയ്യുന്നത്. വൃത്തി ഹീനമായ സ്ഥലങ്ങളിൽ നിന്നും ഭക്ഷണ, പാനീയങ്ങൾ ഉണ്ടാക്കുന്ന രീതി സോഷ്യൽ മീഡിയകളിലും, വാർത്ത മാധ്യമങ്ങളിലും കാണാറുണ്ട്. ഇത് ഇല്ലാതാകാൻ പഞ്ചായത്ത്‌, മുൻസിപ്പൽ ആരോഗ്യം വിഭാഗം ഉദ്യോഗസ്ഥരാണ് ശ്രദ്ധിക്കേണ്ടത്. 

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൻ നല്ലത് രോഗം വരാതിരിക്കാനുള്ള മുൻ കരുതലും ജാഗ്രതയുമാണ്. അതോടൊപ്പം ഒരു ഉറുമ്പ് കടിച്ചു എന്ന് കരുതി ഉറുമ്പ് കൂട്ടങ്ങളെ ചവിട്ടി കൊല്ലുന്ന രീതിയും ഒഴിവാക്കണം. ഏതെങ്കിലും കച്ചവടക്കാർ അനാസ്ഥ കാണിച്ചു എന്ന് കരുതി ചെറിയ രീതിയിൽ ഉന്തു വണ്ടിയിലും, വഴിയോരങ്ങളിലും കച്ചവടം ചെയ്തു കുടുംബം പോറ്റുന്നവരെ ഉപദ്രവിക്കാതിരിക്കാനും അധികാരികൾ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com