ADVERTISEMENT

‘‘പശിയടങ്ങാതെ എരിയുന്ന
വയറിൽ തീയാളുമ്പോൾ
കാഴ്ചകൾക്ക് 
അത്രമേൽ 
നിറപ്പകിട്ടാകുന്നതെങ്ങനെ ?" – സമീറ നസീറിന്‍റെ രാപ്പകലിലെ യാത്രക്കാർ എന്ന കവിതാ സമാഹാരത്തിലെ വരികളാണിത്.

എല്ലാ സൗന്ദര്യവും ആസ്വാദ്യകരമാവുന്നത് വയറിലെ തീ അണയുമ്പോൾ മാത്രമാണ്" എന്ന വരികളിലൂടെ സമീറ നൽകുന്ന സന്ദേശം, യഥാർഥ സന്തോഷവും സൗന്ദര്യബോധവും അനുഭവിക്കാൻ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട് എന്നതാണ്.കഷ്ടതകളിൽ നിന്ന് മുക്തി നേടുമ്പോൾ മാത്രമാണ്, ഓരോ മനുഷ്യനും പ്രണയവും സൗന്ദര്യവുമൊക്കെ ആസ്വാദ്യകരമാകുന്നത് എന്നാണ് സമീറ വ്യക്തമാക്കുന്നത്. ദുരിതങ്ങളിൽ നിന്നുള്ള വിമോചനം മാത്രമേ യഥാർഥ സന്തോഷത്തിനും സ്നേഹത്തിനും വഴിയൊരുക്കൂ. "നരച്ച കുപ്പായങ്ങൾ" എന്ന കവിത ജീവിതത്തിന്‍റെ വിവിധ വശങ്ങളിലെ ദുരിതങ്ങളും അനീതിയും വരച്ചുകാട്ടുന്നു. തെരുവിലുറങ്ങുന്ന അമ്മ, മകളുടെ സുരക്ഷിതത്വം ദൈവത്തിനെയാണ് ഏൽപ്പിക്കുന്നത്.  ആകാശം പുതച്ചുറങ്ങുന്ന പെൺകൗമാരങ്ങളെക്കുറിച്ചുള്ള ആധിയാണ്, ഈ കവിതയിലുടനീളം കവി പ്രകടിപ്പിക്കുന്നത്.

സമീറ നസീറിന്‍റെ കവിതകളെ രണ്ട് പ്രധാന വിഭാഗങ്ങളായി തിരിക്കാം: വ്യക്തികേന്ദ്രീകൃതവും സാമൂഹ്യകേന്ദ്രീകൃതവും. സാമൂഹ്യകേന്ദ്രീകൃത കവിതകളിൽ ശക്തമായ രാഷ്ട്രീയവും സാമൂഹികവുമായ വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. സമൂഹത്തിലെ അനീതികളെയും ദുരിതങ്ങളെയും ഇത്തരം കവിതകളിൽ ചിത്രീകരിക്കുന്നു. അതേസമയം,വ്യക്തികേന്ദ്രീകൃത കവിതകൾ ഭാവസാന്ദ്രവും വൈകാരികവുമാണ്. കവിയുടെ വ്യക്തിപരമായ അനുഭവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

പ്രാർത്ഥനകളിലൂടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുന്ന ഒരു ദുഃഖിത സ്ത്രീയുടെ ചിത്രം ഈ കവിതയിൽ കാണാം.വിത്തിട്ട് മുള വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരു കർഷകനെപ്പോലെ, ജീവന്‍റെ തുടിപ്പ് പുറത്തേക്ക് നീട്ടുന്ന നാമ്പുകൾക്കായി കാത്തിരിക്കുന്ന, ഒരു പെൺചിത്രമാണ് ദൈവമേ എന്ന കവിതയിൽ. മഴ കിട്ടാതെ പോയൊരു വേഴാമ്പലിന്‍റെ സങ്കടപ്പെയ്ത്ത് പോലൊരു കവിതയാണ് ഒസ്യത്ത്. ഓർമച്ചൂളകളിൽ ഹൃദയത്തെ ചുട്ടു പഴുപ്പിക്കുന്ന വരികളാണ് ഒസ്യത്തിലേത്.പ്രാർഥനയോടെ ഖബ്റിൽ മൂന്ന് പിടി മണ്ണ് വാരിയിടണമെന്ന് ആഗ്രഹിക്കുന്ന ഒരു പെൺമനസ്സുണ്ട് ഈ കവിതയിൽ. ആണ്ടിലൊരിക്കൽ വന്ന് കുശലം പറഞ്ഞ് പോകണമെന്ന് പറയുമ്പോൾ, ഓർമകൾ ഇല്ലാതാകുമ്പോൾ മാത്രമേ ഒരാൾ മരിക്കുന്നുള്ളൂ എന്ന യാഥാർഥ്യത്തിലേക്ക് കവി വിരൽ ചൂണ്ടുന്നുണ്ട്.

തഴച്ച് വളരുന്ന ഒരു മരമാണ് ഓരോ മനുഷ്യദുഖവുമെന്ന്, വിഷാദമരമെന്ന കവിതയിൽ സമീറ പറയുന്നു. വിഷാദം പൂക്കുമ്പോഴാണ്, കിനാവുകൾ കരിഞ്ഞു ചാരമാകുന്നത്. മനസ്സ് വാചാലമാകുമ്പോൾ , നാവ് നിശ്ചലമാകുന്ന പ്രതിഭാസത്തിലിരുന്ന് കൊണ്ടാണ്, ആത്മശുശ്രൂഷാ പരമായ ഓരോ കവിതകളും സമീറ എഴുതിയിട്ടുള്ളത്. വീണ്ടും എന്ന കവിതയിൽ, മനുഷ്യർക്കിടയിലെ വിവേചനങ്ങളെ ശക്തിയുക്തം എതിർക്കുന്ന വരികളാണ്.  ദേവാലയങ്ങളുടെ അകത്തളങ്ങളിൽ ഒളിച്ചിരിക്കാത്ത ദൈവത്തെ കണ്ട് മുട്ടുന്ന നാളുകൾക്കായുള്ള പ്രതീക്ഷയാണ് കവി പങ്ക് വെക്കുന്നത്. കട്ടച്ചോരയിൽ മരവിച്ച തെരുവിന്‍റെ ആവിഷ്കാരമാണ് പ്രതീക്ഷാ നാമ്പുകൾ എന്ന കവിത. പീരങ്കിക്കുഴലിന്‍റെ താരാട്ട് കേട്ട് മയങ്ങുന്ന കുഞ്ഞുങ്ങളുടേയും മൈലാഞ്ചിയണിഞ്ഞ് നിക്കാഹ് കൂടാൻ കാത്തിരിക്കുന്ന പെൺകൊടികളുടേയും ചിത്രങ്ങൾ, കട്ടച്ചോരയിൽ മരവിച്ച തെരുവിൽ അനാഥമായി പാറി നടക്കുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ള യുദ്ധഭൂമികയിൽ ദുരികമനുഭവിക്കുന്ന മനുഷ്യരുടെ ചിത്രമാണത്. സ്വർഗത്തിലേക്ക് ചുവന്ന ഉടുപ്പുകളാൽ യാത്ര പോയ കുഞ്ഞു കുട്ടികൾ, ഭൂമിയിലെ രക്ത സാക്ഷികളായ മാലാഖമാരാണ്. 

പ്രകൃതിയിലെ ഓരോ പ്രതിഭാസവും ഭൂമിയിലെ സകല മനുഷ്യരോടും സമഭാവനയോടെ പെരുമാറുന്നു എന്നതിന്‍റെ നേർസാക്ഷ്യമാണ് ജാതി ചോദിക്കാത്ത പ്രകൃതി. ഗുൽമോഹർ കൊണ്ട് ഭൂമിക്ക് തണൽ നൽകി, ആദമിനേയും ഹവ്വയേയും ഭൂമിയിലേക്കയച്ച ദൈവം,  അവരുടെ സന്തതി പരമ്പരകൾ പരസ്പരം രക്തം ചിന്തുന്നത് കണ്ട് നിസ്സഹായനായി നോക്കി നിൽക്കുന്നു.

കാശ്മീർ, പലസ്തീൻ , ഇങ്ങനെ മനുഷ്യർ രാഷ്ട്രീയ ദുരിതമനുഭവിക്കുന്ന ദേശങ്ങളൊക്കെ സമീറ തന്‍റെ കവിതകളിൽ ചേർത്ത് വെച്ചിട്ടുണ്ട്. രാത്രിയുടെ പുതപ്പിനുള്ളിൽ താരാട്ടിയുറക്കി ഒറ്റയ്ക്കായിപ്പോയതിന്‍റെ വേവലാതിയാണ് ഒറ്റ മഴത്തുള്ളികൾ എന്ന കവിതയിൽ. സ്വപ്നങ്ങളെ ഖബറടക്കുന്ന ഭൂഖണ്ഢങ്ങളിലെത്തുമ്പോൾ, ഭൂമിയിൽ മനുഷ്യരെ ഖബറടക്കാൻ ഒരിടം തേടുന്ന മനുഷ്യരെയാണ് നമുക്ക് കാണാൻ കഴിയുന്നത്. സ്വാതന്ത്ര്യമെന്നത് യാഥാർഥ്യമല്ലാതാവുകയും അത്  പേരിൽ മാത്രമാവുകയും ചെയ്യുന്നതിനേയും അവിടെ മനുഷ്യർ കുറ്റവാളികളാക്കപ്പെടുകയും ചെയ്യുന്നതിന്‍റെയും ചിത്രമാണ് ഈ കവിതയിൽ വരച്ചിട്ടിരിക്കുന്നത്.

 ശക്തവും മൂർച്ചയുള്ളതുമായ ഭാഷയാണ് , സമീറ നസീറിന്‍റെ രാപ്പകലിലെ യാത്രക്കാർ എന്ന സമാഹാരത്തിലെ ഓരോ കവിതകളുടേയും സവിശേഷത. വാക്കുകളുടെ സംയോജനവും വാക്യങ്ങളുടെ സമ്മേളനവും ഈ കവിതകളെ മനോഹരമാക്കുന്നു. രാഷ്ട്രീയ -സാമൂഹ്യ-ജീവിത പരിസരങ്ങളെ നിലപാടിലുറച്ച് കൊണ്ട് വീക്ഷിക്കുകയാണ് കവി. നാൽപത് കവിതകൾ ഉൾകൊള്ളുന്ന ഈ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത് പേജ് ഇന്ത്യ ആണ്.100 രൂപ വിലയുള്ള ഈ പുസ്തകത്തിന് 56 പേജുകളാണ്.

English Summary:

Sameera Nazeer's Book Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com