ADVERTISEMENT

മെല്‍ബൺ∙ സെന്‍റ് തോമസ് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്‍റെ മെത്രാഭിഷേക ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിശുദ്ധ ദൈവമാതാവിന്‍റെ സന്ദര്‍ശന തിരുന്നാള്‍ ദിനമായ മെയ് 31 ന് മെല്‍ബണിലെ ക്യാമ്പെല്‍ഫീല്‍ഡിലുള്ള കല്‍ദായ കത്തോലിക്കാ ദേവാലയത്തിലാണ് (ഔര്‍ ലേഡി ഗാര്‍ഡിയന്‍ ഓഫ് പ്ലാന്‍റ്സ്) മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുന്നത്. വൈകിട്ട് 4.45 ന് ബഹുമാനപ്പെട്ട മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. 

മെല്‍ബണ്‍ രൂപത മെത്രാന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ സ്വാഗതം ആശംസിക്കും. മാര്‍ ജോണ്‍ പനന്തോട്ടത്തിലിനെ മെല്‍ബണ്‍ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ടുള്ള പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ് ഓസ്ട്രേലിയായിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ വായിക്കും. സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ബോസ്കോ പുത്തൂര്‍, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി തിരുക്കര്‍മ്മങ്ങളില്‍ ആര്‍ച്ച് ഡീക്കനായി പങ്കെടുക്കും. ചാന്‍സിലര്‍ ഫാദര്‍ സിജീഷ് പുല്ലങ്കുന്നേല്‍ ചടങ്ങുകളില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരിക്കും.

മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ബോസ്കോ പുത്തൂര്‍ പിതാവും റെമിജിയൂസ് ഇഞ്ചനാനിയില്‍ പിതാവും സഹകാര്‍മ്മികരാകും. ബ്രിസ്ബെന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ക്ക് കോള്‍റിഡ്ജ് പിതാവ് വചനസന്ദേശം നൽകും. വിശുദ്ധ കുര്‍ബാനക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ വച്ച് രൂപതയുടെ ഉപഹാരമായി ബോസ്കോ പുത്തൂര്‍ പിതാവിന്, മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എല്‍സി ജോയി എന്നിവര്‍ ചേര്‍ന്ന് മൊമെന്‍റൊ സമ്മാനിക്കും. തുടര്‍ന്ന് മാര്‍ ബോസ്കോ പുത്തൂര്‍ പിതാവും മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ പിതാവും ചടങ്ങുകള്‍ക്ക് നന്ദി അര്‍പ്പിക്കും. മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിന്‍റെ യാത്രയയപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധികരിക്കുന്ന സുവനീറിന്‍റെ പ്രകാശനകര്‍മ്മം ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്‍റും പെര്‍ത്ത് അതിരൂപത ആര്‍ച്ച് ബിഷപ്പുമായ അഭിവന്ദ്യ തിമോത്തി കോസ്റ്റെല്ലൊ പിതാവ് നിര്‍വ്വഹിക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ് കൃതഞ്ജത അര്‍പ്പിക്കും.

യുറോപ്പിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, രാജ്കോട്ട് ബിഷപ്പ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, ഷംഷബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, തൃശ്ശൂർ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ഉള്‍പ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളില്‍ നിന്നുള്ള 30 ഓളം ബിഷപ്പുമാരും മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്യുന്ന മുഴുവന്‍ വൈദികരും ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും മറ്റു രൂപതകളില്‍ സേവനം അനുഷ്ഠിക്കുന്ന മലയാളി വൈദികരും രൂപതയുടെ വിവിധ ഇടവകകളില്‍ڔനിന്നും മിഷനുകളില്‍ നിന്നുമായി ആയിരത്തോളം അത്മായരും സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി എത്തിച്ചേരും. ഓസ്ട്രേലിയന്‍ ഫെഡറല്‍-വിക്ടോറിയ സംസ്ഥാനതല മന്ത്രിമാരും സാമുഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

തിരുക്കര്‍മ്മങ്ങളും സ്ഥാനാരോഹണ ചടങ്ങുകളും ഏറ്റവും മനോഹരമായും ലളിതമായും ക്രമീകരിക്കുന്നതിനായി വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി ജനറല്‍ കണ്‍വീനറായും കത്തീഡ്രല്‍ വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ് എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക അസിസ്റ്റന്‍റ് വികാരി ഫാദര്‍ ജോയിസ് കോലംകുഴിയില്‍ സി.എം.ഐ യുടെ നേതൃത്വത്തില്‍ മെല്‍ബണിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 75 പേരടങ്ങുന്ന ഗായകസംഘം തിരുക്കര്‍മ്മങ്ങളിലെ ഗാനശുശ്രൂഷകള്‍ നയിക്കും. ഫാദര്‍ ജോയിസ് കോലംകുഴിയിലിനോടൊപ്പം ഫാദര്‍ ടിജൊ പുത്തന്‍പറമ്പില്‍ (സണ്‍ഷൈന്‍കോസ്റ്റ്), ഫാദര്‍ അജിത്ത് ചെരിയക്കര (അഡ്ലേയ്ഡ് നോര്‍ത്ത്), ഫാദര്‍ ആന്‍റോ ചിരിയങ്കണ്ടത്ത് (ഗോള്‍ഡ്കോസ്റ്റ്), ഫാദര്‍ പ്രിന്‍സ് തൈപ്പുരയിടത്തില്‍ (ബ്രിസ്ബെന്‍ ക്നാനായ) എന്നീ വൈദികരും യുവജനങ്ങളും ഗായകസംഘത്തില്‍ അണിചേരും. തിരുക്കര്‍മ്മങ്ങള്‍ ശാലോം ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനോടൊപ്പം രൂപതയുടെ ഫേസ്ബുക്ക് പേജിലും യുടൂബ് ചാനലിലും ശാലോം മീഡിയ ഓസ്ട്രേലിയയുടെ ഫേസ്ബുക്ക് പേജിലും 'മൈ ശാലോം' യുടൂബ് ചാനലിലും തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com