മോഷ്ടിച്ച പണം വിഴുങ്ങി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരി, വിഡിയോ വൈറൽ
Mail This Article
മനില∙ ചൈനീസ് യാത്രക്കാരനിൽ നിന്നും മോഷ്ടിച്ചതായി കരുതപ്പെടുന്ന 300 ഡോളർ വിഴുങ്ങുന്ന സുരക്ഷാ ജീവനക്കാരിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ ലെ ടെർമിനൽ 1 ലാണ് സംഭവം. ഓഫിസ് ഫോർ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി (ഒടിഎസ്) സുരക്ഷാ ജീവനക്കാരിയെ തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തി. സംഭവത്തിൽ തെളിവ് ശേഖരിക്കുകയാണെന്ന് ഒടിഎസ് അറിയിച്ചു.
സുരക്ഷാ ജീവനക്കാരി വായിൽ പണമെന്ന് കരുതപ്പെടുന്ന വസ്തു വയ്ക്കുന്നതും പിന്നീട് വിരൽ ഉപയോഗിച്ച് വായിലേക്ക് തള്ളിയ ശേഷം വെള്ളം കുടിക്കുന്നതും വിഡിയോയിലുണ്ട്. കേസിൽ മനില രാജ്യാന്തര വിമാനത്താവള അതോറിറ്റി ഫിലിപ്പൈൻ നാഷനൽ പൊലീസ് ഏവിയേഷൻ സെക്യൂരിറ്റിയുമായും സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്.
യാത്രക്കാരനെ എക്സ്-റേ സ്കാനിങ്ങിന് വിധേയനാക്കിയപ്പോൾ അയാളുടെ ബാഗിലുണ്ടായിരുന്ന പണം ജീവനക്കാരി മോഷ്ടിച്ചതായിട്ടാണ് സൂചന. സംഭവത്തിൽ ഉൾപ്പെട്ട വനിത ജീവനക്കാരി ഉൾപ്പെട നാലു പേരെ സസ്പെൻഡ് ചെയ്തു
അതേസമയം, ഇതാദ്യമായല്ല സുരക്ഷാ ജീവനക്കാർ യാത്രക്കാരന്റെ പണം മോഷ്ടിക്കുന്നത്. ഈ വർഷമാദ്യം, വിമാനത്താവളത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ തായ് വിനോദസഞ്ചാരിയിൽ നിന്ന് പണം മോഷ്ടിച്ചതിന് പിടിക്കപ്പെട്ടിരുന്നു, അതേസമയം ഒരു ചൈനീസ് യാത്രക്കാരന്റെ വാച്ച് മോഷ്ടിച്ചതിന് മറ്റൊരു സ്‌ക്രീനിങ് ഓഫിസർ അറസ്റ്റിലായി. മറ്റൊരു സംഭവത്തിൽ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിഎസ്‌എ) ജീവനക്കാർ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണവും മറ്റ് സാധനങ്ങളും മോഷ്ടിക്കുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.
English Summary: Philippines Airport Worker Caught Swallowing Cash Allegedly Stolen From Passenger