സ്വപ്നച്ചിറകിൽ പറന്ന് ന്യൂസീലൻഡിൽ; 'കടത്തിണ്ണയിൽ' ഉറക്കം, നാട്ടിലേക്ക് മടങ്ങാൻ പോലും പണമില്ലാതെ മലയാളികൾ 'പെരുവഴിയിൽ'
Mail This Article
ഓക്‌ലൻഡ്∙ കേരളത്തിൽ നിന്നും തന്‍റെ കുടുംബത്തിനായി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുക എന്ന സ്വപ്നവുമായി ന്യൂസീലൻഡിലേക്കു വിമാനം കയറിയ ഒരു ഗൃഹനാഥൻ, ന്യൂസീലൻഡിലെ ഓക്‌ലാൻഡ് നഗരത്തിൽ എത്തിയപ്പോളാണ് താൻ വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ലക്ഷങ്ങൾ കടംവാങ്ങി നാട്ടിലെ ഏജൻസിയിൽ കൊടുത്തു വീസ സംഘടിപ്പിച്ചപ്പോൾ ലഭിച്ച വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് മനസ്സിലായപ്പോഴേക്കും വളരെ വൈകി.വിസിറ്റ് വീസയിൽ എത്തുന്നവർക്ക് ജോലി കണ്ടുപിടിക്കുക എന്നത് അപ്രായോഗികമായ ഒരു വസ്തുതയാണ് എന്ന സത്യം വേദനയോടെ മനസ്സിലാക്കിയ അദ്ദേഹത്തിന് തന്‍റെ പക്കലെ പണം തീർന്നപ്പോൾ, അന്തിയുറങ്ങാൻ കട വരാന്തകളെ ആശ്രയിക്കേണ്ടി വന്നു . നിലവിൽ ഇവിടുത്തെ ചില സുമനസുകളുടെ സഹായത്തിൽ ഒരു മലയാളിയുടെ വീട്ടിൽ താത്കാലികമായി താമസിക്കുകയാണ് . നാട്ടിലേക്കു തിരികെ പോകാനുള്ള പണം പോലും കയ്യിലില്ലാതെ ഇദ്ദേഹത്തെപ്പോലെ അനേകം മലയാളികളാണ് നിലവിൽ ന്യൂസീലൻഡിൽ ഉള്ളത്.
വീസ തട്ടിപ്പിന്‍റെ ന്യൂസീലൻഡ് ഇരകൾ പ്രധാനമായും ഗൾഫ് നാടുകളിൽ നിന്നും വരുന്നവരും , നാട്ടിലെ ചുറ്റുപാടുകളിൽ നിന്നും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിവരുന്ന സാധാരണക്കാരുമാണ്. ലക്ഷങ്ങൾ എണ്ണി വാങ്ങിയതിന് ശേഷം ടൂറിസം ആവശ്യങ്ങൾക്കായി നല്കുന്ന വിസിറ്റ് വീസ നൽകിയതിന് ശേഷം , ന്യൂസീലൻഡിൽ എത്തിപ്പെട്ടാൽ ഉടനടി ജോലി , താമസം , ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്‌തു കബളിപ്പിച്ച് വ്യാജ ഏജൻസികൾ വിമാനം കയറ്റി വിടുന്നു . ഇവിടെയെത്തി യാഥാർഥ്യം മനസ്സിലാക്കിയതിനു ശേഷം ഏജൻസിയെ ബന്ധപ്പെടുവാൻ ശ്രമിക്കുമ്പോൾ , ആ നമ്പർ നിലവിൽ ഉണ്ടാകില്ല. ഗൾഫ് നാടുകളിലെ പോലെ വിസിറ്റ് വീസയിലെത്തി ജോലി ലഭികുന്ന കീഴ്വഴ്ക്കം ന്യൂസീലൻഡിൽ നടക്കില്ലെന്ന വിവരം ഈ വ്യാജ ഏജൻസികൾ സാധാരണക്കാരിൽ നിന്നും മറച്ചു വയ്ക്കുന്നു.
‘ചേട്ടാ,ഞങ്ങൾ വിസിറ്റിങ് വീസയിൽ വന്നു പെട്ടു പോയി,ഏതെങ്കിലും തരത്തിൽ ജോലി ഒപ്പിച്ചു തരുവാൻ കഴിയുമോ ? ഇത്തരത്തിൽ വിളിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരുകയാണ്. പലരും നാട്ടിൽ നിന്ന് പോലും മെസേജ് അയച്ച് ചോദിക്കും.എന്നാൽ വിസിറ്റ് വീസയിൽ വന്ന് ജോലി ചെയ്യുവാൻ കഴിയുന്ന ഒരു രാജ്യമല്ലെന്ന് പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചാലും പലരും അത് ഉൾകൊള്ളുവാൻ തയ്യാറാവാറില്ല’- ന്യൂസീലൻഡിലെ സാമൂഹിക പ്രവർത്തകനായ ജെയ്‌മോൻ മേനാച്ചേരി പറഞ്ഞു
‘ആയിരം പേർ കയറി വരുമ്പോൾ അതിൽ ഒന്നോ രണ്ടോ പേർക്ക് അപൂർവമായി അവരുടെ ഭാഗ്യം കൊണ്ട് ജോലി ലഭിച്ച അനുഭവം ഉണ്ട്.പലപ്പോഴും തട്ടിപ്പ് ഏജൻസികൾ ഇത് പർവ്വതീകരിച്ച് കാണിക്കുന്നതിനും കൂടുതൽ പേരെ വലയിൽ ചാടിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ഇങ്ങനെ കയറി വരുവാൻ ശ്രമിക്കുന്നവരോട് ഇതാണ് സത്യാവസ്ഥ എന്ന് പറഞ്ഞാലും അത് ഉൾകൊള്ളാതെ ഭാഗ്യം പരീക്ഷിക്കുവാൻ തയ്യാറാവുകയാണ് പലരും.എന്നാൽ പിന്നീട് ഇവർ തന്നെ ഞങ്ങൾ വീസ തട്ടിപ്പിൽ പെട്ടു പോയി എന്ന് പരിതപിച്ചു കൊണ്ട് സഹായിക്കണം എന്നപേക്ഷിച്ചു വരാറുണ്ട്, പക്ഷെ അപ്പോഴേക്കും വൈകിപോയിരിക്കും’ - ജെയ്‌മോൻ കൂട്ടിച്ചേർത്തു.
ന്യൂസീലൻഡിലെ മലയാളി സമാജങ്ങളിലേക്കു ദിവസ്സേന ധാരാളം അന്വേഷണങ്ങളും , സഹായാഭ്യർഥനകളുമാണ് വരുന്നത്. ന്യൂസീലൻഡിൽ എത്തി ദുരിതമനുഭവിക്കുന്ന ഏകദേശം മുപ്പതിലധികം ആളുകൾ ഈ അടുത്തിടെ എന്നെ സമീപിച്ചിരുന്നു അതിൽ കുടുംബങ്ങളുമുണ്ടന്നതാണ് ഏറ്റവും വിഷമം. പലപ്പോഴും ഞങ്ങൾ നിസ്സഹായരാണ്- ഓക്‌ലാൻഡ് മലയാളി സമാജം ട്രഷറർ ലെസ്ളി കൊറേ പങ്കുവെച്ചു. " ഇമ്മിഗ്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമാജങ്ങൾക്കു യാതൊരുവിധത്തിലും ഇടപെടാൻ സാധിക്കില്ല, പിന്നെ എങ്ങനെയാണു ഇത്രയധികം ആളുകളെ നമുക്ക് സഹായിക്കാൻ പറ്റുന്നത്? ലെസ്‌ലി കൂട്ടിച്ചേർത്തു
∙ തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം
ന്യൂസീലൻഡിൽ ഇമ്മിഗ്രേഷനുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ എല്ലാവർക്കും നല്കാൻ സാധിക്കില്ല. പ്രധാനമായും ഇമ്മിഗ്രേഷൻ ന്യൂസീലൻഡ് ലൈസൻസ് നൽകിയിട്ടുള്ള ഇമ്മിഗ്രേഷൻ അഡ്വൈസർമാർകോ , അഭിഭാഷകർക്കോ മാത്രമാണ് ഇത്തരത്തിൽ ഉപദേശങ്ങൾ നൽകാനോ , നിങ്ങളുടെ പേരിൽ വീസ അപേക്ഷകൾ സമർപ്പിക്കുന്നതിനോ സാധിക്കുക . മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകൾ അത്തരത്തിലുള്ള നിയമപരമായ സർവീസുകൾ നൽകിവരുന്നു. താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ അത്തരത്തിൽ ലൈസെൻസുള്ള വ്യക്തികളുടെ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.
https://iaa.ewr.govt.nz/PublicRegister/Search.aspx
ഇമ്മിഗ്രേഷൻ ന്യൂസീലൻഡിന് വെബ്സൈറ്റിൽ , ഇമിഗ്രഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ട്. ഇമ്മിഗ്രെഷനുമായി ബന്ധപ്പെടണം എന്നാവശ്യമുള്ളവർക്കു അതിനു വേണ്ട നമ്പറുകൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
https://www.immigration.govt.nz/
∙ വ്യാജ വീസകളെ എങ്ങനെ തിരിച്ചറിയാം?
ഒറിജിനലിനെ വെല്ലുന്ന വ്യാജ ഫോട്ടോഷോപ്പ് വീസകൾ നൽകി ആളുകളെ കബളിപ്പിക്കുന്ന സംഘങ്ങളും നിലവിൽ വ്യാപകമാണ്.എയർപോർട്ടിൽ എത്തുമ്പോളാണ് പലരും തങ്ങൾക്കു പറ്റിയ ചതിവിനെക്കുറിച്ചു മനസ്സിലാക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിങ്ങളുടെ വിശദവിവരങ്ങൾ നൽകിയാൽ , നിങ്ങൾക്കു ലഭിച്ചിരിക്കുന്ന വീസ വ്യാജമാണോ ഒറിജിലനാണോ എന്ന് തിരിച്ചറിയാം
https://www.immigration.govt.nz/about-us/our-online-systems/visa-verification-service
വീസാ തട്ടിപ്പുകളെപ്പറ്റി ആളുകളെ ബോധവത്ക്കരിക്കാൻ മലയാളികളുടെ നേതൃത്വത്തിൽ ഫേസ്ബുക്ക് , വാട്ട്സ്ആപ്പ് കൂട്ടായ്മകളും നിലവിലുണ്ട് , ന്യൂസീലൻഡ് മലയാളി എന്ന ഫേസ്ബുക് പേജ് അതിനൊരുദാഹരണമാണ്.
( ന്യൂസീലൻഡിലെ ഓക്‌ലാൻഡ് മലയാളി സമാജത്തിന്‍റെ സെക്രട്ടറിയാണ് ലേഖകൻ )