ന്യൂസിലൻഡ് കേരളാ പ്രിമീയർ ലീഗിൽ ചരിത്ര വിജയവുമായി കോട്ടയം വാരിയേഴ്സ്
Mail This Article
ഓക്‌ലാൻഡ് ∙ ന്യൂസിലൻഡിലെ മലയാളികളുടെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റായ കേരളാ പ്രീമിയർ ലീഗ് സീസൺ 4ൽ പുതുചരിതം രചിച്ചുകൊണ്ട് കോട്ടയം വാരിയേഴ്സ് ഹാട്രിക് വിജയം. ഫൈനൽ മത്സരത്തിൽ ആലപ്പുഴ ട്രോജൻസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹാട്രിക് കിരീടം വാരിയേഴ്സിന്റെ ചുണക്കുട്ടൻമാർ തട്ടിയെടുത്തത്.
ടോസ് നേടി ഫീൽഡിങ്ങ് തെരഞ്ഞടുത്ത കോട്ടയത്തിന്റെ ശരത് മുരളീധരൻ, എബിൻ പി. കെ., സെബു എബ്രഹാം, റെനീഷ് ജോയി, ബിനാഷ് നമ്പ്യാർ എന്നിവരുടെ ഉജ്ജ്വല ബൗളിങ്ങിന് മുൻമ്പിൽ 142 റൺസ് എടുക്കാനേ ആലപ്പുഴയ്ക്ക് സാധിച്ചുള്ളു.
143 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയത്തിന്റെ ക്യാപ്റ്റനായ രഞ്ജിത്ത് രവീന്ദ്രനും ഷെറിൻ തോമസും സ്വപ്ന തുല്യമായ തുടക്കമാണ് ടീമിന് നൽകിയത്. ജോസ് ജേക്കബ്, ബിനാഷ് നമ്പ്യാർ എന്നിവരുടെ ഉജ്ജ്വല ബാറ്റിംഗ് വിജയ വഴി ഒരുക്കിയപ്പോൾ 16–ാം ഓവറിൽ ബിബിൻ അലക്സിന്റെ സിക്സ് പറന്ന് ഉയർന്നപ്പോൾ ന്യൂസിലന്റ് മണ്ണിലെ ആദ്യ ഹാട്രിക് കിരീടം എന്ന സ്വപ്ന നേട്ടത്തിന് അവിടെ കൂടിയ കാണികൾ സാക്ഷ്യം വഹിച്ചു.
രഞ്ജിത്ത് രവീന്ദ്രൻ മുന്നിൽ നിന്ന് നയിച്ച കോട്ടയം വാരിയേഴ്സിൽ ബിനാഷ് നമ്പ്യാർ, ഷെറിൻ തോമസ്, റെനീഷ് ജോയി, എബിൻ പി. കെ., ബിബിൻ അലക്സ്, ശരത് മുരളീധരൻ, ജോസ്മോൻ ജേക്കബ്, ആനന്ദ് എൻ. കെ., സെബു എബ്രഹാം, സുബിൻ പോൾ, സജിത്ത് കണ്ണിയോത്ത്, എൽവിൻ ജോഷി, അർജ്ജുൻ സുരേന്ദ്ര ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.
കമന്ററിയും പാട്ടും, ചെണ്ടമേളവും കരിമരുന്ന് കലാപ്രകടനവും കൊണ്ട് കേരളതനിമ വിളിച്ചോതിയ ക്യപാ ഫിസൻഷ്യൽ സൊലൂഷ്യൻസ് കേരളാ പ്രിമിയർ ലീഗ് ഫൈനലിൽ ഷെറിൻ തോമസ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
മലയാളികളുടെ അഭിമാന ടീമായ കേരളാ വാരിയേഴ്സിന്റെ ഓണർമാരായ സബി തൊട്ടിയിൽ, ജോബിറ്റ് കിഴക്കേക്കുറ്റ്, ജിമ്മി പുളിക്കൽ, എബിൻ പഴുക്കായിൽ, ജോബി എറികാട്ട്, ബിജോമോൻ ചേന്നാത്ത് എന്നിവർ തന്നെയാണ് ചാംപ്യൻമാരായ കോട്ടയം വാരിയേഴ്സിന്റെയും പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നത്.
കൃപാ ഫിനാൻഷ്യൽ സൊലൂഷ്യൻസ് മുഖ്യ സ്പോൺസർമാരായ ടൂർണമെന്റിന് ശ്രീകാന്ത് വിദ്യാധരൻ, അലൻ ജോയി, രഞ്ജിത്ത് രവീന്ദ്രൻ, പി. ടി. സുബ്രമണ്യൻ (മുൻ കേരളാ ടിം ക്യാപ്റ്റൻ) എന്നിവരാണ് നേതൃത്വം നൽകുന്നത്. ഓക്‌ലാന്റ് ക്രിക്കറ്റിന്റെയും ഈഡൻ റോസ്കിൽ ക്രിക്കറ്റ് ക്ലബ്, എല്ലേർസിലി ക്രിക്കറ്റ് ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെട്ടത്.
2022, 2023, 2024 തുടർച്ചയായ മൂന്നുവർഷം വിജയം കൈവരിച്ച കോട്ടയം വാരിയേഴ്സിന്റെ മുഖ്യ സ്പോൺസർ Barfoot & Thompson റിയൽ എസ്റ്റേറ്റ് ശരത് ജോസ്, നോവിനോ മോട്ടേഴ്സ് എന്നിവരാണ്.