ഗോൾഡ് കോസ്റ്റിൽ ഈസ്റ്റർ - വിഷു സംയുക്ത ആഘോഷം സംഘടിപ്പിച്ചു

Mail This Article
ഗോൾഡ് കോസ്റ്റ് ∙ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ വിവിധ കലാ-സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ ഓർമോ ഹൈവെ ചർച് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ ജിസിഎംഎ പ്രസിഡന്‍റ് സി.പി. സാജു അധ്യക്ഷത വഹിച്ചു. നടനും കഥാകൃത്തും നിർമാതാവും മോട്ടിവേഷണൽ സ്പീക്കറും സംവിധായകനുമായ ജോയ് കെ. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ റവ.ഫാ. ജെറി വള്ളോംകുന്നേൽ എംസിബിഎസ് ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ്റ് ഹിന്ദു കൾച്ചറൽ അസോസിയേഷൻ പ്രസിഡന്‍റ് നെദ് വിഷു സന്ദേശവും നൽകി. ജിസിഎംഎ സെക്രട്ടറി ആന്‍റണി ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്‍റ് മനോജ് തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇന്‍റർനാഷനൽ വിദ്യാർഥികൾ ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ഉള്ളവർ അവതരിപ്പിച്ച സംഗീത-നൃത്ത വിസ്മയങ്ങൾ ആഘോഷ പരിപാടികൾക്ക് മിഴിവേകി. ജിസിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാന്ദ്ര വി. ബാബു, ജെൽജോ ജെയിംസ്, അരുൺ രാധാകൃഷ്ണൻ, മോൻസ് സക്കറിയ, ബിബിൻ മാർക്കോസ്, വിപിൻ ജോസഫ്, കമൽ ചന്ദ്രൻ, സിബി മാത്യു എന്നിവർ വിവിധ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി. ഈസ്റ്റർ-വിഷു ആഘോഷങ്ങളോടനുബന്ധിച്ചു തനതു കേരളീയ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ സ്‌നേഹവിരുന്നും നടത്തപ്പെട്ടു.
(വാർത്ത ∙ സജു)