സൗത്ത് ഇന്ത്യൻ യൂഎസ് ചേംബർ ഓഫ് കോമേഴ്‌സ് പത്താം വാർഷികം ആഘോഷിച്ചു
Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ നിറഞ്ഞു നിന്ന വേദി. കേരളത്തിൽ നിന്നും എത്തിയ ജലവിഭവ വകുപ്പ് മന്ത്രി. അമേരിക്കയിലെ വിവിധ കർമ്മ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് അവാർഡുകൾ ഏറ്റുവാങ്ങാൻ വന്ന വിശിഷ്ട വ്യക്തികൾ. തുടർച്ചയായി 5 മണിക്കൂർ കണ്ണഞ്ചിപ്പിക്കുന്ന വർണപ്പകിട്ടാർന്ന കലാപരിപാടികൾ. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ പത്താം വാർഷികം ചരിത്ര സംഭവമാക്കി അഭിമാനത്തോടെ ഡയറക്ടർ ബോർഡ് അംഗങ്ങളും.
സൗത്ത് ഇന്ത്യൻ ചേംബർ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് (എസ്ഐയുസിസി) പത്താം വാർഷികാഘോഷ പരിപാടികൾ സെപ്റ്റംമ്പർ 11 നു നടത്തി. 5 മണിക്ക് സോഷ്യൽ ഹവർ ആരംഭിച്ചപ്പോൾ തന്നെ നൂറു കണക്കിന് അതിഥികൾ എത്തി തുടങ്ങി. കൃത്യം ആറുമണിക്ക് മുൻപ് തന്നെ ക്ഷണിക്കപ്പെട്ട അതിഥികളെ കൊണ്ട് ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു.
ലോക പ്രശസ്ത നർത്തകി കലാശ്രീ ഡോ.സുനന്ദ നായർ ആൻഡ് ടീമിന്റെ പ്രാർഥന നൃത്തത്തോടെയായിരുന്നു തുടക്കം. സംഘടനയുടെ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജിജി ഓലിക്കൻ അധ്യക്ഷ പ്രസംഗം നടത്തി.
തുടർന്ന് കേരളാ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചേംബറിന്റെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
മുഖ്യാതിഥികളായി എത്തിയ യുഎസ് കോൺഗ്രസ് അംഗങ്ങളായ ഷീലാ ജാക്സൺ ലീ, അൽ ഗ്രീൻ എന്നിവർ തങ്ങളുടെ ഇന്ത്യ സന്ദർശനത്തെപറ്റിയും, ചേംബറിന്റെ പ്രവർത്തനങ്ങളെ പറ്റിയും പറഞ്ഞു.
സ്റ്റേറ്റ് റപ്രസെന്ററ്റീവ് റോൺ റെയ്നോൾസ്, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ സെസിൽ വില്ലിസ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെണ്ട് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഫോർട്ട് ബെൻഡ് കോൺസ്റ്റബിൾ പ്രെസിൻക്ട് 2 ഡാറിൽ സ്മിത്ത്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) പ്രസിഡന്റ് സുനിൽ തൈമറ്റം, പ്രതാപ് നായർ, ഇൻഫോസിസ് വൈസ് പ്രസിഡന്റ് ജോ ആലഞ്ചേരിൽ, സ്‌പോൺസർമാർ, അവാർഡ് ജേതാക്കൾ തുടങ്ങിയവർ ഉദ്ഘാടന വേദിയെ സമ്പന്നമാക്കി. അമേരിക്കൻ കോൺഗ്രസ് അംഗംങ്ങൾ സൗത്ത് ഇന്ത്യൻ ചേംബറിന് റെക്കഗ്നിഷൻ അവാർഡുകൾ നൽകി ആദരിച്ചപ്പോൾ മുഖ്യാതിഥികളായി എത്തിയവർക്ക് ചേംബറും മെമെന്റോകൾ നൽകി.
'ഹാൾ ഓഫ് ഫെയിം' അവാർഡുകൾക്ക് അർഹരായ ടോമർ ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ പ്രസിഡന്റും സിഇഓയുമായ തോമസ് മൊട്ടയ്ക്കൽ (ന്യൂജഴ്‌സി), ന്യൂമാർട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) എന്നിവരെ നിറഞ്ഞ ഹർഷാരവത്തോടെയാണ് വേദിയിലേക്ക് ആനയിച്ചത്. മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും അവർ അവാർഡുകൾ ഏറ്റുവാങ്ങി.
വിവിധ കർമ്മ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള കമ്മ്യൂണിറ്റി അവാർഡുകളും അവാർഡ് ജേതാക്കൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി . ഫോർട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, ബിൽഡർ ഡോ.പി.വി.മത്തായി (ഒലിവ് തമ്പിച്ചായൻ), പ്രശസ്ത മോഹിനിയാട്ടം പ്രതിഭ കലാശ്രീ ഡോ. സുനന്ദ നായർ, ജീവകാരുണ്യ,സാമൂഹ്യ പ്രവർത്തക ബിന്ദു ഫെർണാണ്ടസ് ചിറയത്ത്, പ്രിന്റിങ് രംഗത്തെ പ്രമുഖൻ തോമസ് ജോർജ് (ബാബു) ഹൂസ്റ്റൺ മെട്രോ പൊലീസ് ഓഫിസർ മനോജ് പൂപ്പാറയിൽ, സാമൂഹ്യപ്രവർത്തകയും നഴ്സുമായ ക്ലാരമ്മ മാത്യൂസ്, എഴുത്തുകാരനും വ്യവസായിയുമായ സണ്ണി മാളിയേക്കൽ, ജീവകാരുണ്യ പ്രവർത്തകൻ സാം ആന്റോ, വിദ്യാഭ്യാസ രംഗത്ത് പ്രതിഭ തെളിയിച്ച കലാകാരി മാലിനി. കെ.രമേശ് എന്നിവരാണ് കമ്മ്യൂണിറ്റി അവാർഡുകൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.
തുടർന്ന് തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് സംഗീത വിസ്മയം തീർക്കുന്ന ഗായകൻ സ്റ്റീഫൻ ദേവസിയുടെ പ്രകടനത്തിൽ കാണികൾ ഇളകിമറിഞ്ഞു. കൂടെ കൊഴുപ്പേകാൻ ചെണ്ടമേളവുമായി 'കൊച്ചു വീട്ടിൽ ബീറ്റ്സും' ഒപ്പം ചേർന്നു. സീരിയൽ സിനിമ നടി അർച്ചനയും സംഘാംഗങ്ങളും അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ സദസിലിരുന്ന കാണികളെ ഇളക്കിമറിച്ചു. അര മണിക്കൂറോളം നീണ്ടു നിന്ന 'ഫാഷൻ ഷോ' വേറിട്ടതും വ്യത്യസ്തവുമായ ഒരു ഷോയായിരുന്നു.
ജിജി ഓലിക്കൽ (പ്രസിഡന്റ്) ഡോ.ജോർജ് കാക്കനാട്ട് (സെക്രട്ടറി), ജിജു കുളങ്ങര (ഫിനാൻസ് ഡയറക്ടർ) ബേബി മണകുന്നേൽ (എക്സിക്യൂട്ടീവ് ഡയറക്ടർ) സാം സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ ഡയറകട്ബോർഡിന്റെ മാസങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഫലമാണ് ഈ പരിപാടിയുടെ വിജയമെന്നു സംഘാടകർ പറഞ്ഞു.
ഹൂസ്റ്റനിൽ നടത്തിയിട്ടുള ഇന്ത്യക്കാരുടെ പരിപാടികളിൽ ഏറ്റവും മികവ് പുലർത്തിയ ഒരാഘോഷമായിരുന്നു മെഗാ ഇവന്റ്. ലൈറ്റ് ആൻഡ് സൗണ്ട്സ്, സ്റ്റേജ് അറഞ്ച്മെന്റ് എല്ലാം ഒന്നിനൊന്നു മെച്ചം. വിഭവ സമൃദ്ധമായ ഭക്ഷണവും ഇവെന്റിനെ മികവുറ്റതാക്കി. 7 വിഭാഗങ്ങളായി തിരിച്ചാണ് പരിപാടികൾ നടത്തിയത്. ശ്രുതി, അനീഷ്, ശ്വേതാ, നിതിൻ എന്നിവർ എംസിമാരായിരുന്നു.
വർണപ്പകിട്ടാർന്ന മറ്റു കലാപരിപാടികൾക്കും കലാശക്കൊട്ടിനും ശേഷം ആഘോഷങ്ങൾ സമാപിച്ചു. ഫിനാൻസ് ഡയറക്ടർ ജിജു കുളങ്ങര നന്ദി അറിയിച്ചു.