കോവിഡ് പ്രതിരോധത്തിന്റെ മറവിൽ അഞ്ചു ബില്യൺ ഡോളർ തട്ടിപ്പ്; റിപ്പോർട്ട് പുറത്ത്
Mail This Article
വാഷിങ്ടൻ ∙ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പുകൾ സംഭവിക്കുന്നത് തുടർക്കഥയാവുകയാണ്. കത്രീന ചുഴലിക്കാറ്റിന്റെയും റീറ്റയുടെയും ഫണ്ടുകളുടെ ഓഡിറ്റിങ്ങിൽ ചില പിഴവുകൾ കണ്ടെത്തിയിരുന്നതാണ്. ഇപ്പോൾ യുഎസ് ഹൗസ് സെലക്ട് കമ്മിറ്റി ഓൺ ദ കൊറോണ വൈറസ് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ അഞ്ചു ബില്യൺ ഡോളറിന്റെ തട്ടിപ്പുകൾ നടന്നതായി വെളിപ്പെടുത്തിയിരിക്കുന്നു.
‘ദ ഫാസ്റ്റർ ദ ബെറ്റർ’ എന്ന നിർദേശമാണ് മഹാമാരി പടർന്നുകൊണ്ടിരുന്നപ്പോൾ സാമ്പത്തിക സഹായ അപേക്ഷകളിൽ തീരുമാനമെടുക്കുവാൻ തങ്ങളുടെ ജീവനക്കാർക്ക് അതുവരെ അധികമാരും കേട്ടിട്ടില്ലാത്ത ബ്ളൂ എകോൺ എന്ന ഫിനാൻഷ്യൽ ടെക്നോളജി കമ്പനി നൽകിയത്. കമ്പനി മിന്നൽ വേഗത്തിൽ സാമ്പത്തിക സഹായ അപേക്ഷകളിൽന്മേൽ തീരുമാനമെടുത്ത് ഫെഡറൽ ലോണുകൾ നൽകിയെന്നാണ് ആരോപണം.
ദ്രൂതഗതിയിൽ തീരുമാനമെടുത്ത് നടപ്പിലാക്കിയപ്പോൾ ബ്ളൂ എകോൺ ജീവനക്കാരും കോൺട്രാക്ടർമാരും തട്ടിപ്പിന്റെ സൂചനകൾ കണ്ടില്ലെന്ന് നടിച്ചതായും മുൻ കരുതലുകൾ എടുത്തില്ലെന്നും പിന്നീട് ക്യാപിറ്റോൾ ഹില്ലിൽ നടത്തിയ അഭിമുഖങ്ങളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിച്ച വിവരങ്ങൾ പറയുന്നു. ഭീമൻ ലോണുകൾക്ക് മുൻഗണന നൽകി എല്ലാവർക്കും ഫണ്ടുകൾ ലഭിച്ചു എന്ന് ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം എന്ന് സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാൾ പറഞ്ഞു. പ്രതിഫലമായി ബ്ളൂ എകോൺ ഒരു ബില്യൺ ഡോളർ പ്രോസസിംഗ് ഫീ കൈപ്പറ്റി. കമ്പനി ഉദ്യോഗസ്ഥർ ഭീമമായ ലോണുകളും തരപ്പെടുത്തിയിരിക്കാമെന്നും കരുതുന്നു.
ബ്ളൂ എകോണിനും ഇതേ ബിസിനസിൽ എർപ്പെട്ട മറ്റു കമ്പനികൾക്കുമെതിരെ 120 പേജ് ദൈർഘ്യം ഉള്ള ആരോപണങ്ങൾ ഹൗസ് സെലക്ട് കമ്മിറ്റി ഓൺ ദ കൊറോണ വൈറസ് (ഒരു കോൺഗ്രഷണൽ വാച്ച് ഡോഗ്) നൽകിയിരിക്കുകയാണ്. നീണ്ട 18 മാസത്തെ അന്വേഷണത്തിൽ കമ്മിറ്റി 83,000 പേജ് രേഖകൾ പരിശോധിച്ചു. കണ്ടെത്തലുകൾ ദ വാഷിംഗ്ടൺ പോസ്റ്റുമായി കമ്മിറ്റി പങ്ക് വച്ചു. അനിയന്ത്രിതമായ അധികാര ദുർവിനിയോഗം ഫിൻ ടെക് കമ്പനീസ് എന്നറിയപ്പെടുന്ന ഒരു സംഘം സ്ഥാപനങ്ങൾ ഫെഡറൽ യത്നങ്ങൾ താറുമാറാക്കുകയും ധനം വഴി തെറ്റിച്ച് ഒഴുക്കി എടുക്കുകയും ചെയ്തു. വെറും സ്വകാര്യ ലാഭത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
ഈ തട്ടിപ്പിൽ പങ്കാളികളായ പല കമ്പനികളും ഇതിനു മുൻപ് ഫെഡറൽ ധന സഹായം കൈകാര്യം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മഹാമാരി പടരുന്ന മൂർധന്യ ഘട്ടത്തിൽ തട്ടിപ്പ് ഒഴിവാക്കാനായി ആവശ്യമായ മുൻ കരുതലുകളെടുക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്തില്ല. അവർ ചെറുതും വലുതുമായ ലോണുകൾ നൽകി ഇവയുടെ പ്രോസസിങ് ഫീസും കൈക്കലാക്കി. സ്മാൾ ബിസിനസ് അഡ്മിനിസ്ട്രേഷന്റെ മേൽനോട്ടത്തിൽ ഒഴിഞ്ഞുമാറി നിന്നു.
പ്രശ്നങ്ങൾ ആരംഭിച്ചത് കഴിഞ്ഞ ഭരണ കാലത്തു കോൺഗ്രസ് പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം (2020) ആരംഭിച്ചത് മുതലാണ്. 800 ബില്യൺ ഡോളറിന്റെ ഫെഡറൽ ധനസഹായത്തിൽ നിന്ന് 11 മില്യൻ ലോണുകൾ അടച്ചു പൂട്ടൽ നേരിടുന്ന കമ്പനികൾ തുടർന്ന് നടത്തിക്കൊണ്ടു പോകാൻ സഹായിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ ഈ ധനം തട്ടിപ്പുകാർക്ക് ഒരു വലിയ വരദാനമായി മാറി. നിയമത്തിന്റെ പഴുതുകൾ അവരെ സഹായിക്കുകയും ചെയ്തു.
ഫിൻ ടെക് കമ്പനികളിൽ ബ്ളൂ എകോൺ, വോമ്പ്ളി, കാബേജ് എന്നിവ ഉൾപ്പെടുന്നു. ഇവ മധ്യവർത്തികളായി പ്രവർത്തിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ രോഗവാഹികളെ പോലെ പെരുമാറി. തട്ടിപ്പും നഷ്ടങ്ങളും വരുത്തി. റിപ്പോർട്ടിനുമേൽ എന്ത് തുടർനടപടി ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. നികുതിദായകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടമാണ്. 2022 ഒക്ടോബറോടെ 93% പേ ചെക്ക് പ്രൊട്ടക്‌ഷൻ പ്ലാനിലെ ലോണുകളും എഴുതിത്തള്ളിക്കഴിഞ്ഞു. കോൺഗ്രസിന്റെ നിർദേശ പ്രകാരമാണ് എസ്ബിഎ ഇങ്ങനെ ചെയ്തത്.