ADVERTISEMENT

കൊച്ചി ∙ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) മാധ്യമശ്രീ അവാർഡിന് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റർ ആർ. രാജഗോപാലും മാധ്യമരത്ന പുരസ്‌കാരത്തിന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി. പരമേശ്വരനും അർഹരായി. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മലയാള മനോരമ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർക്കാണ്. മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രനും അർഹരായെന്ന് ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ഉപദേശക സമിതി അംഗം മാത്യൂ വർഗീസ് എന്നിവർ അറിയിച്ചു.

1989 ൽ വേണാട് പത്രിക സായാഹ്‌ന പത്രത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച ആർ. രാജഗോപാൽ 1996 ലാണ് ജോയിന്റ് ന്യൂസ് എഡിറ്ററായി ദി ടെലിഗ്രാഫിൽ എത്തിയത്. 10 വർഷം കൊണ്ട് അദ്ദേഹത്തിന് ഉത്തരേന്ത്യയിലെ ഏറ്റവും പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടെലിഗ്രാഫിന്റെ ചീഫ് എഡിറ്ററാകാൻ കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ്.

Ipcna-press-meet
ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഭാരവാഹികൾ വാർത്താ സമ്മേളനം നടത്തുന്നു.

കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന സംഭവവികാസങ്ങളെ ലോക മലയാളികളെ അറിയിച്ച വി.ബി. പരമേശ്വരൻ 2001ൽ പാർലമെന്റ് ആക്രമണ സമയത്ത് പാർലമെന്റിനകത്തുണ്ടായിരുന്ന അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാളാണ്. 20 വർഷം ഡൽഹിയിലും 12 വർഷം കേരളത്തിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ മൊറാഴ സ്വദേശിയാണ്.

മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോയിൽ സീനിയർ സ്പെഷൽ കറസ്പോണ്ടന്റായി പ്രവർത്തിക്കുന്ന സുജിത് നായർ മനോരമയുടെ രാഷ്ട്രീയ ലേഖകൻ എന്ന നിലയിൽ വായനക്കാർക്ക് ഏറെ പരിചിതനാണ്. കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിച്ച ഒട്ടേറെ വാർത്തകൾ പുറത്തുകൊണ്ടുവന്നു. മനോരമ ഓൺലൈനിൽ എഴുതുന്ന ‘ക്രോസ് ഫയർ’ എന്ന അഭിമുഖ പംക്തിയും ശ്രദ്ധേയമാണ്. സുജിത്തിന്റെ രാഷ്ട്രീയ വിശകലനങ്ങൾ കേരള രാഷ്ട്രീയത്തിന്റെ നേർകണ്ണാടിയായി മാറി. 

രാഷ്ട്രീയ റിപ്പോർട്ടിങ്ങിലും കായിക റിപ്പോർട്ടിങ്ങിലും പ്രാഗത്ഭ്യം തെളിയിച്ച പി.പി. ശശീന്ദ്രൻ മാഹി സ്വദേശിയാണ്. മാതൃഭൂമിയിൽ ബ്യൂറോ ചീഫായും പ്രത്യേക ലേഖകനായും വാർത്താവിഭാഗം മേധാവിയായും ഡെപ്യൂട്ടി എഡിറ്ററായും പ്രവർത്തിച്ച ശശീന്ദ്രൻ ഡെസ്കിൽ പ്ലാനിങ് ആൻഡ് കോർഡിനേഷൻ ചുമതല വഹിക്കുന്നു.

ipcna-media-awards1

മറ്റു പുരസ്‌കാരങ്ങൾ

മികച്ച ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ്: ജോഷി കുര്യൻ (ബ്യൂറോ ചീഫ് ആൻഡ് സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ടിവി അവതാരക: സ്‌മൃതി പരുത്തികാട് (സീനിയർ കോർഡിനേറ്റിങ് എഡിറ്റർ, മീഡിയവൺ), മികച്ച ടിവി അവതാരകൻ: ഹാഷ്മി താജ് ഇബ്രാഹിം (സീനിയർ ന്യൂസ് എഡിറ്റർ, 24 ന്യൂസ്), മികച്ച റേഡിയോ ജേർണലിസം പുരസ്‌കാരം: ഷാബു കിളിത്തട്ടിൽ (ന്യൂസ് ഡയറക്ടർ, ഹിറ്റ് 96.7 എഫ് എം, ദുബായ്), മികച്ച ഫോട്ടോ ജേർണലിസ്റ്റ് : വിൻസന്റ് പുളിക്കൽ (സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്), മികച്ച ഫീച്ചർ: സീമ മോഹൻലാൽ (സബ് എഡിറ്റർ, രാഷ്ട്ര ദീപിക).

ജനുവരി ആറിനു ബോൾഗാട്ടി പാലസ് റിസോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ അനൂപ്‌ ജേക്കബ്, ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, അൻവർ സാദത്ത്, റോജി എം ജോൺ, ഡോ. മാത്യു കുഴൽനാടൻ, വി.ആർ. സുനിൽകുമാർ, കെ.എൻ ഉണ്ണികൃഷ്ണൻ, ഉമാ തോമസ് കൊച്ചി മേയർ എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി നടക്കുന്ന ഗുരുവന്ദനം ചടങ്ങിൽ കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ടി.ജെ. എസ്. ജോർജ്, ബി.ആർ.പി. ഭാസ്‌കർ, പി. രാജൻ, എം.പി. മോഹനൻ എന്നിവരെ ആദരിക്കും. ഒരു ലക്ഷം രൂപയാണ് മാധ്യമശ്രീയുടെ സമ്മാന തുക. മാധ്യമരത്നയ്ക്ക് 50,000 രൂപയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com