‘ഓർമ’ രാജ്യാന്തര പ്രസംഗ മത്സരം: ഫെബ്രുവരി 28 വരെ പങ്കെടുക്കാന്‍ അവസരം
Mail This Article
ഫിലഡൽഫിയ ∙ ‘സൃഷ്ടിയുടെ താക്കോലാണ് വാക്ക്. നല്ല വാക്കുകളെ കൂട്ടിയോജിപ്പിച്ച് അടുക്കോടും ചിട്ടയോടും കൂടി പറയുമ്പോള്‍ അതൊരു പ്രസംഗമായി മാറുന്നു. അത്തരം ചില പ്രസംഗങ്ങള്‍ ലോകത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്. 'ഐ ഹാവ് എ ഡ്രീം' എന്ന ഒറ്റ വാചകത്തിലൂടെ പതിനായിരങ്ങളെ ഇളക്കി മറിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പ്രസംഗം ചരിത്രത്തില്‍ ഇടം നേടിയതെങ്ങനെയെന്ന് നമുക്കറിയാം’– ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ അഥവാ 'ഓർമ' ഓണ്‍ലൈനായി ഒരുക്കുന്ന രാജ്യാന്തര പ്രസംഗ മത്സരത്തിന് ആശംസകളര്‍പ്പിച്ച് പ്രശസ്ത മജീഷ്യനും ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫൗണ്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞ വാക്കുകളാണിത്.
മനോഹരമായി പ്രസംഗിക്കാനറിയുന്ന നിരവധി വിദ്യാർഥികള്‍ നമുക്കിടയിലുണ്ട്. അവരിലെ കഴിവുകളെ പുറത്തു കൊണ്ടുവരാനായി 'ഓർമ' ഓണ്‍ലൈനായി ഒരുക്കുന്ന രാജ്യാന്തര പ്രസംഗ മത്സരത്തിന്റെ റജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. ഹൈസ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള മത്സരമാണിത്. ഒന്‍പതാം ക്ലാസ് മുതല്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വരെയുള്ള വിദ്യാർഥികള്‍ക്ക് പങ്കെടുക്കാം. 2022 നവംബര്‍ 15 മുതല്‍ 2023 ഓഗസ്റ്റ് ഏഴു വരെ മൂന്നു ഘട്ടങ്ങളിലായാണ് മത്സരം. ഫെബ്രുവരി 28 വരെ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥിള്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ച് റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി പ്രസംഗ വിഡിയോ അയച്ചു നല്‍കണം. www.ormaspeech.com എന്ന വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഒന്നാം ഘട്ട പ്രസംഗങ്ങളില്‍ നിന്ന് മികവിന്റെ അടിസ്ഥാനത്തില്‍, ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളില്‍ നിന്നായി ഇരുപത് പേരെ വീതവും ഇരു വിഭാഗത്തില്‍ നിന്നും ഒന്നു വീതം വൈല്‍ഡ് കാര്‍ഡ് ജേതാക്കളെയുമാണ് രണ്ടാം ഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുപ്പെടുന്നവരെ ഫൈനല്‍ റൗണ്ടിന് അര്‍ഹരാക്കും. ഫൈനല്‍ റൗണ്ടില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ക്കും മെഗാ ക്യാഷ് അവാര്‍ഡുകള്‍ക്കുമുള്ള പ്രസംഗകരെ നിശ്ചയിക്കുക.
രാജ്യാന്തര തലത്തില്‍ 'ഓർമ' നടത്തുന്ന പ്രസംഗ മത്സരത്തിന് ഗോപിനാഥ് മുതുകാടിനൊപ്പം ആശംസകളറിയിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ‘ഓർമ’ സംഘടിപ്പിക്കുന്ന രാജ്യാന്തര പ്രസംഗ മത്സരത്തിനും അതിലെ മത്സരാർഥികള്‍ക്കും ഭാരവാഹികള്‍ക്കും വിജയാശംസകള്‍ നേരുന്നുവെന്ന് ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
നമ്മുടെ നാട്ടില്‍ നൃത്തവും പാട്ടുമൊക്കെ പരിശീലിക്കുന്നതിന് ഒട്ടേറെ വേദികളുണ്ട്. എന്നാല്‍ പ്രസംഗത്തിന് ഇത്തരമൊരു ട്രെയിനിംഗ് ഒരുക്കുന്നതിലൂടെ കുട്ടികള്‍ക്ക് പുതിയൊരു അവസരമാണ് 'ഓർമ' നല്‍കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഉള്ളില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് മനുഷ്യരെ മാറ്റാനുള്ള ശക്തിയുണ്ടെന്ന് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ പറഞ്ഞു. വാക്കുകളിലൂടെ മറ്റൊരു മനുഷ്യന്റെ ജീവിതത്തെ തളിര്‍പ്പിക്കാന്‍ കഴിയുമ്പോള്‍ പ്രസംഗമെന്നത് കലയെക്കാളുപരി ജീവിതമാകണം എന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ പൊസിഷനില്‍ എത്താന്‍ വിദ്യാഭ്യാസ യോഗ്യതകളെക്കാള്‍ തന്നെ സഹായിച്ചത് കുട്ടിക്കാലത്ത് പരിശീലിച്ച പ്രസംഗ മത്സരങ്ങളായിരുന്നുവെന്ന് കമ്മീഷണര്‍ ഓഫ് റൂറല്‍ ഡെവലപ്മെന്റ് എം.ജി. രാജ മാണിക്യം ഐഎഎസ് പ്രതികരിച്ചു. വേദികളില്‍ ഭയമില്ലാതെ സംസാരിക്കാന്‍ പ്രാപ്തനാക്കുന്നതിലും പേഴ്സണാലിറ്റി രൂപപ്പെടുത്തുന്നതിലും പ്രസംഗ മത്സരത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികള്‍ പല തരത്തിലുള്ള സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കാലത്ത് അവരുടെ ഉള്ളിലെ കഴിവുകള്‍ കണ്ടെത്തി തനിമയിലേക്ക് തിരിച്ചു വരാന്‍ അവരെ സഹായിക്കുന്ന ഈയൊരു മത്സരത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു ഡോ. വിപിന്‍ റോളാന്റ് പറഞ്ഞത്.
പത്ര പ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍, സാഹിത്യ നിരൂപകന്‍ ഡോ. എം.വി. പിള്ള, നജീബ് കാന്തപുരം എംഎല്‍എ, ചലച്ചിത്ര താരം മിയാ ജോര്‍ജ്, നവ ഗായകന്‍ ഋതുരാജ് റിച്ചു, സിനിമാ നടന്‍ ഹരീഷ് പേരടി, മാനേജിങ്ങ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ലൈഫ് കോച്ച് അനൂപ് ജോണ്‍, ഷിനോത് മാത്യൂ സവാരി ചാനല്‍, ലെജിസ്ലേച്ചര്‍ ഡോ. ആനി പോള്‍, മൈന്റ് ട്യൂണര്‍ സി.എ. റസാഖ്, കോര്‍പ്പറേറ്റ് ട്രൈനര്‍ അനൂപ് ജോണ്‍, മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ സജി ചെരിവില്‍ തോമസ്, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളി, ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ.കലാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ മാത്യൂ, അനീഷ് ജെയിംസ്, തങ്കമണി അരവിന്ദത്ത്, എച്ച്ആര്‍ഡി കണ്‍സല്‍ട്ടന്റ് ജോര്‍ജ് കരിനാക്കല്‍, കോര്‍പറേറ്റ് ട്രെയിനര്‍ കസാക്ക് ബെഞ്ചലി, എഡ്യൂഗാര്‍നെറ്റ് ഡയറക്ടര്‍ കലാ ദീപക്, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജിന്‍സോമന്‍ സക്കറിയ തുടങ്ങി നിരവധിയാളുകള്‍ ഓർമ ഇന്റര്‍നാഷനല്‍ ക്രമീകരിച്ചിരിക്കുന്ന രാജ്യാന്തര പ്രസംഗ മത്സരത്തിന് വിഡിയോ സന്ദേശത്തിലൂടെ ആശംസകളറിയിച്ചു.
മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 'ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2023' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപാ സമ്മാനം ലഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി ഒന്നാം സമ്മാന വിജയികള്‍ക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. കാല്‍ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നല്‍കും. 'ഡോ. അബ്ദുള്‍ കലാം പുരസ്‌കാര'ത്തിനുള്ള വിദ്യാ-കലാലയത്തെയും മത്സരത്തിലൂടെ കണ്ടെത്തും. മെഗാ ക്യാഷ് അവാര്‍ഡുകള്‍ നേടാന്‍ കഴിയാത്തവരും എന്നാല്‍ മികച്ച പ്രസംഗം കാഴ്ച്ച വയ്ക്കുന്നവരുമായ പ്രസംഗകര്‍ക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടര്‍ഭാഗമായി, 'ആസാദി കാ അമൃത് മഹോത്സവിനെ' ആദരിച്ചാണ്, ഓര്‍മ ഇന്റര്‍നാഷനല്‍ ടാലന്റ് പ്രമോഷന്‍ ഫോറം രാജ്യാന്തര തലത്തില്‍ പ്രസംഗ മത്സര പരമ്പര ഒരുക്കുന്നത്. 2023 ഓഗസ്റ്റില്‍ ഇന്ത്യന്‍ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ഓര്‍മ്മ ഇന്റര്‍നാഷനല്‍ സമ്മേളനത്തില്‍ വച്ച് ക്യാഷ് അവാര്‍ഡുകളും പുരസ്‌കാര ഫലകങ്ങളും പുരസ്‌കാര പത്രങ്ങളും സമ്മാനിക്കും. നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത വിജയികള്‍ക്ക് സമ്മാനങ്ങള്‍ അയച്ചു നല്‍കും.
അമേരിക്കയില്‍ ഹൈസ്‌കൂള്‍ അധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓർമ ഇന്റര്‍നാഷനല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്. ഡോ. ഫ്രെഡ് മാത്യൂ മുണ്ടയ്ക്കല്‍ (എറണാകുളം വിസാറ്റ് ആട്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍), ഷൈന്‍ ജോണ്‍സണ്‍ (റിട്ടയേഡ് ഹെഡ് മിസ്ട്രസ് തേവര സേക്രഡ് ഹാര്‍ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കുവൈത്തിലെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായ ചെസ്സില്‍ ചെറിയാന്‍ കവിയില്‍, കേരളത്തിലെ യുവ സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എബി ജോസ്, നഴ്‌സിങ്ങ് രംഗത്ത് പ്രവര്‍ത്തന മികവുള്ള ഷിജി സെബാസ്റ്റ്യന്‍ (കെഎസ്എ) എന്നിവരാണ് ഓര്‍മാ ടാലന്റ് പ്രൊമോഷന്‍ അംഗങ്ങള്‍. ജോര്‍ജ് നടവയല്‍ (പ്രസിഡന്റ്), ഷാജി അഗസ്റ്റിന്‍ (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷിന്‍ പ്ലാമൂട്ടില്‍ (ട്രഷറര്‍), ഡോ. ജോര്‍ജ് എബ്രാഹം (ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്റ്), പി.വി. ജോയി (ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി) എന്നിവര്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍.
2009ല്‍ അമേരിക്കയിലെ ഫിലഡല്‍ഫിയയിലാണ് ഓര്‍മാ ഇന്റര്‍നാഷനല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഓര്‍മ്മയ്ക്ക് ശാഖകള്‍ ഉണ്ട്. കുടുംബ മൂല്യങ്ങള്‍ക്കും പെരുമാറ്റ മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി, കേരളത്തിനു വെളിയിലുള്ള മലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുകയാണ് ഓര്‍മ്മ എന്ന സംഘടന ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് തോമസ് (ormaspeech@gmail.com), എബി ജോസ് (91-9447702117), ഷാജി അഗസ്റ്റിന്‍ (91-9447302306), ജോസ് ആറ്റുപുറം (attupuram.jose@gmail.com), ഷൈന്‍ ജോണ്‍സണ്‍ (91-9495604251).