ഹൂസ്റ്റണ്‍ ∙ സ്വതവേ അരിശക്കാരനാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ ട്രംപിന് അത്ര താല്‍പ്പര്യവുമില്ല. ഇപ്പോഴിതാ ശത്രുത കൂടാന്‍ ഒരു കാരണം കൂടി ബൈഡന്‍ ഒപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് ആയിരുന്നപ്പോള്‍ ട്രംപ് തെരഞ്ഞെടുത്ത നിറങ്ങൾ ഒഴിവാക്കി എയര്‍ ഫോഴ്‌സ് വണ്ണിന് പുതിയ നിറത്തിലുള്ള ഡിസൈന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. ട്രംപ് തിരഞ്ഞെടുത്ത പാലറ്റ് ഉപേക്ഷിച്ച് എയര്‍ഫോഴ്സ് വണ്ണിനായി യുഎസ് എയര്‍ഫോഴ്സ് പുതിയ നിറത്തിലുള്ള സ്‌കീം പുറത്തിറക്കി.
Read Also : ഗാർസെറ്റിയെ ഇന്ത്യയിലെ അംബാസഡറായി സെനറ്റ് അംഗീകരിച്ചു
ജോണ്‍ എഫ് കെന്നഡിയുടെ ഭരണകാലത്തെ രൂപകൽപ്പന നിലനിര്‍ത്തിക്കൊണ്ട്, ക്ലാസിക് ബ്ലൂ ആന്‍ഡ് വൈറ്റ് കളര്‍ സ്‌കീം ആണ് പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള ഡിസൈന്‍ ആണ് 2021 ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞ മുന്‍ പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചിരുന്നത്. ഓവല്‍ ഓഫീസിലെ കോഫി ടേബിളില്‍ ആ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്‌കെയില്‍ മോഡല്‍ ട്രംപ് സൂക്ഷിച്ചിരുന്നു. ഇതെല്ലാമാണ് ഒറ്റയടിക്ക് ബൈഡന്‍ കൈവിട്ടിരിക്കുന്നത്.
ട്രംപിന്റെ രൂപകല്‍പ്പന പ്രകാരം വിമാനത്തിന്റെ മധ്യത്തില്‍ കടും ചുവപ്പ് വരയും താഴ്ഭാഗം കടും നീലയുമായിരുന്നു. എന്നാൽ ഈ നിറങ്ങള്‍ എഞ്ചിനീയര്‍മാര്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായിരുന്നു. ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ എയര്‍ഫോഴ്സ് വണ്‍ വിമാനം പഴയ വിമാനത്തോട് സാമ്യമുള്ളതാണ്. ഫ്യൂസ്ലേജില്‍ മിനുക്കിയ ലോഹം ഉണ്ടാകില്ല. ആധുനിക വാണിജ്യ വിമാനത്തില്‍ ഇവ അനുവദിക്കുന്നില്ല.

2027 ലും 2028 ലും വിമാനം ഡെലിവറി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ 2024 ലെ തിരഞ്ഞെടുപ്പിലെ വിജയിയാകും പുതിയ ജെറ്റുകളില്‍ ആദ്യം പറന്നുയരുക. ബൈഡന്‍ തിരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന് പുതിയ എയര്‍ ഫോഴ്‌സ് വണ്ണില്‍ ആദ്യം പറക്കാം. അതല്ല തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാല്‍ ട്രംപിനാകും ഇതിനുള്ള നറുക്ക് വിഴുക.
എയര്‍ഫോഴ്സ് വണ്‍
അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് സഞ്ചരിക്കാന്‍ മാത്രമായുള്ള വിമാനമാണ് എയര്‍ഫോഴ്സ് വണ്‍. യുഎസിന്റെ സ്വകാര്യ അഹങ്കാരം എന്നു വിശേഷിപ്പിക്കാം ഈ വിമാന ഭീമനെ. ബോയിങ് 747-200 ബി സീരിസില്‍പ്പെട്ട വിമാനം വാര്‍ത്താവിനിമയം, ആരോഗ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
ഒറ്റപ്പറക്കലില്‍ ലോകത്തിന്റെ ഏതു കോണിലേക്കും എത്താന്‍ ശേഷിയുള്ളതാണ് എയര്‍ ഫോഴ്‌സ് വണ്‍. ആകാശത്തുവച്ചു തന്നെ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയം നിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടാവുകയാണെങ്കില്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും സൈനിക നടപടികള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും എയര്‍ഫോഴ്സ് വണ്ണിലുണ്ട്.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസായ ഓവല്‍ ഓഫീസിന്റെ പറക്കുന്ന പതിപ്പാണ് എയര്‍ ഫോഴ്‌സ് വണ്‍. 4,000 ചതുരശ്ര അടി വിസ്താരമാണ് വിമാനത്തിനുള്‍ഭാഗത്തിനുള്ളത്. പ്രസിഡന്റിന് പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുണ്ട്. കിടപ്പറ, ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി.
പ്രസിഡന്റിന്റെ ഓഫീസ്, കോണ്‍ഫറന്‍സ് മുറി, പ്രസിഡന്റിന്റെ സഹായികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക കാബിനുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടം, ജീവനക്കാര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങള്‍. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പടെയുള്ള സന്നാഹങ്ങളുമായി ആശുപത്രിയും ഇതിനുള്ളിലുണ്ടാകും.
English Summary: joe biden decide air force one colour