നിരോധിക്കണമെന്ന് സർക്കാർ, എതിർത്ത് കണ്ടന്റ് ക്രിയേറ്റർമാർ; അമേരിക്കയില്‍ ടിക് ടോക് 'അടി' അടങ്ങുന്നില്ല

tik-tok
SHARE

ഹൂസ്റ്റണ്‍∙ അമേരിക്കയില്‍ ടിക് ടോക്കിനെ ചൊല്ലിയുള്ള പൊല്ലാപ്പ് അടങ്ങുന്നില്ല. നിരോധിക്കണമെന്ന് സര്‍ക്കാരും നിരോധിക്കരുതെന്ന് കണ്ടന്റ് ക്രിയേറ്റര്‍മാരും മുറവിളി കൂട്ടുന്നതിനിടെ ടിക് ടോക് ഉയർത്തുന്ന ഭീഷണിയെന്തെന്നു വെളിപ്പെടുത്തി സൈബര്‍ വിഭാഗം രംഗത്തുവന്നിരിക്കുകയാണ്. 'തന്ത്രപരമായ പ്രശ്‌ന' മാണ് ടിക് ടോക് അമേരിക്കയ്ക്കു ഉണ്ടാക്കുന്നതെന്ന് യുഎസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ സൈബര്‍ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി തിങ്കളാഴ്ച പറഞ്ഞു.

Read Also: 28 വർഷം ജയിലിലടച്ച ഡേവിഡ് റൈറ്റിനെ കുറ്റവിമുക്തനാക്കി

ചൈനീസ് ആപ്പ് ചൈനീസ് സര്‍ക്കാരിന് സ്വാധീനം ചെലുത്താന്‍ ഉപയോഗിക്കാവുന്ന ഒരു 'ലോഡഡ് ഗണ്‍' പോലെയാണെന്ന ചാര ഏജന്‍സിയുടെ മുന്‍ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ റോബ് ജോയ്സ്. അമേരിക്കക്കാര്‍ കാണുന്ന വിവരങ്ങള്‍ എന്താകണമെന്ന് ചൈനീസ് സര്‍ക്കാര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നാണ് വാദം. 

'എന്തിനാണു നിങ്ങള്‍ ട്രോജന്‍ കുതിരയെ കോട്ടയ്ക്കുള്ളില്‍ കൊണ്ടുവരുന്നത്' എന്നാണ് അദ്ദേഹം സമ്മേളത്തില്‍ ചോദിച്ചത്. അമേരിക്കക്കാര്‍ക്കു മോശമായി തോന്നുന്ന വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ ചൈനയ്ക്കു ടിക് ടോക്കിലെ സ്വാധീനം ഉപയോഗിച്ചു കഴിയുമെന്ന് ജോയ്സ് പറഞ്ഞു. ജനങ്ങളുടെ ചിന്തയെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ടിക് ടോക്കിന്റെ അപകടം വളരുമെന്ന ആശങ്കയാണ് അദ്ദേഹം പങ്കുവച്ചത്. 

റോബ് ജോയ്സിന്റെ പ്രസ്താവനകള്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേയും നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ പോള്‍ നകാസോണും ശരിവച്ചു. ഇരുവരും മുന്‍കാലങ്ങളില്‍ തന്നെ സമാനമായ ആശങ്ക പങ്കുവച്ചിരുന്നവരുമാണ്. ടിക് ടോക് ശക്തമായ സ്വാധീന പ്രചാരണങ്ങള്‍ നടത്താന്‍ ഉപയോഗിക്കാമെന്ന് യുഎസ് നിയമനിര്‍മ്മാതാക്കള്‍ക്കു ഇരുവരും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ടിക് ടോക്കും മറ്റു വിദേശ സാങ്കേതികവിദ്യകളും ദേശീയ സുരക്ഷയ്ക്കു അപകടമുണ്ടാക്കുന്ന പക്ഷം നിരോധിക്കാനുള്ള അധികാരം നല്‍കുന്ന നിയമനിര്‍മ്മാണത്തിനുള്ള പിന്തുണ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സൂചിപ്പിച്ചു. യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂവിനെ നേരില്‍ വിളിച്ചു ആപ്പിന്റെ ഡാറ്റ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചു ചോദ്യംചെയ്തിരുന്നു. എന്നാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ചൈനീസ് സര്‍ക്കാരിന് ഡാറ്റ കൈമാറുന്നില്ലെന്നുമുള്ള മുന്‍ വാദത്തില്‍ ച്യൂ ഉറച്ചു നില്‍ക്കുകയാണ്. 

ടിക് ടോക്ക് യുഎസില്‍ നിരോധിക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് കമ്പനിയുടെ സിഇഒ ഷൗ സി ച്യൂ വ്യാഴാഴ്ച യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത്. കമ്പനിയുടെ സ്രഷ്ടാക്കളും മൂന്ന് യുഎസ് ഡെമോക്രാറ്റിക് പാര്‍ട്ടി നിയമനിര്‍മ്മാതാക്കളും ടിക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്തതായി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. 

ചൈനീസ് കമ്പനിയായ ബൈറ്റാന്‍സിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. ചൈനീസ് സര്‍ക്കാരുമായി ഡാറ്റ പങ്കിടുന്നില്ലെന്നും ഡാറ്റ ചൈനയില്‍ കൈവശം വച്ചിട്ടില്ലെന്നുമാണ് കമ്പനി വാദിക്കുന്നത്. മറ്റു സോഷ്യല്‍ മീഡിയ കമ്പനികളേക്കാള്‍ കൂടുതല്‍ ഡാറ്റ ശേഖരിക്കുന്നു എന്ന ആരോപണവും തെറ്റാണെന്ന് ഇവര്‍ പറയുന്നു. ടിക് ടോക്ക് സൃഷ്ടാക്കൾ ചെറുകിട ബിസിനസുള്ള വ്യക്തികളെ സഹായിക്കുന്ന വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നതിനെ നിരോധനം പ്രതികൂലമായി ബാധിക്കും എന്നാണ് വാദം. 

യുഎസിലെ ടിക് ടോക്ക് ഉപഭോക്താക്കളുടെ ഡാറ്റ ചൈനീസ് സര്‍ക്കാരിന് കൈമാറുകയാണെന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ നിരോധനമെന്ന വാദവുമായി മുന്നോട്ടു പോകുന്നത്. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ടിക് ടോക്കിന്റെ ചൈനീസ് ഉടമകളോട് അവരുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം യുഎസില്‍ നിരോധനം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പും നല്‍കിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA