ദൈവസന്നിധിയിൽ ശാന്തമായി ധ്യാനിക്കുവാൻ നാം തയാറാവണം: മാർ പീലക്സിനോസ്
Mail This Article
ന്യൂയോർക്ക് ∙ കോവിഡാനന്തര ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനും ജീവിത സമാധാനം ലഭ്യമാക്കുവാനും ശാന്തമായി ദൈവസന്നിധിയിൽ ധ്യാനിക്കുവാൻ നാം തയാറാവേണ്ടിയിരിക്കുന്നുവെന്ന് മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്തമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ പീലെക്‌സിനോസ് എപ്പിസ്‌കോപ്പ.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്റ്റ് റീജിയനൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTH EAST RAC) ആഭിമുഖ്യത്തിൽ സാമൂഹിക, കുടുംബ, വ്യക്തി ജീവിതങ്ങളിൽ നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർഡിനേറ്റർ ടോം ഫിലിപ്പ് കുടുംബ സമ്പുഷ്ടീകരണ പരിപാടിയേയും അതിനു കീഴിൽ നടത്തുന്ന മറ്റു പരിപാടികളെക്കുറിച്ചും പ്രസ്‌താവന നടത്തി. വിവിധ സെഷനുകൾക്ക് ഡോ. അനിൽ ചാക്കോ, ബെറ്റ്സി ചാക്കോ, റവ. ബിജു പി. സൈമൺ എന്നിവർ നേതൃത്വം നൽകി. തുടർന്നു നടന്ന പാനൽ ചർച്ച വളരെ സജീവമായിരുന്നു.
വൈസ് പ്രസിഡന്റ് റവ. വി.ടി. തോമസിന്റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സൂസി ഏബ്രഹാം ജോർജ് വേദവായനയും റവ. പി.എം. തോമസ് സമാപന പ്രാർഥനയും നിർവഹിച്ചു. നോർത്ത്ഈസ്റ്റ് ആർഎസി സെക്രട്ടറി തോമസ് ജേക്കബ് സ്വാഗതവും ട്രഷറർ കുര്യൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.