മോദിയെ സ്വീകരിക്കാൻ ബൈഡനും ഭാര്യയും; ചൈനയ്ക്കെതിരെയുള്ള നീക്കങ്ങളില്‍ പങ്കാളിയാക്കും
Mail This Article
ഹൂസ്റ്റണ്‍ ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ചരിത്രമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് വൈറ്റ് ഹൗസ്. ചൈനയെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പങ്കാളിയാക്കാനുള്ള നീക്കങ്ങളാകും യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക. മോദിയുടെ യുഎസ് സന്ദര്‍ശനത്തിലൂടെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കാന്‍ സാധിക്കും എന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്.
തന്ത്രപരമായ സാങ്കേതിക പങ്കാളിത്തം വർധിപ്പിക്കുന്നതിന് ബൈഡനും മോദിയും ചര്‍ച്ച നടത്തും. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ഗില്‍ ബില്‍ഡനും സന്ദര്‍ശത്തിന് നേരിട്ട് ആതിഥേയത്വം വഹിക്കും. ജൂണ്‍ 22 നാണ് മോദിയുടെ സന്ദര്‍ശനം തുടങ്ങുക.
പ്രധാനമന്ത്രിയും പ്രസിഡന്റും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്യും. പ്രതിരോധം അടക്കമുള്ള മേഖലളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്തുന്നതും അജണ്ടയിലുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരന്‍ ജീന്‍സ് പിയറി വ്യക്തമാക്കി. ജൂണ്‍ 21 മുതല്‍ 24 വരെ അമേരിക്ക സന്ദര്‍ശിക്കുന്ന മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. ഇതോടെ കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ രണ്ടാം തവണയും പ്രസംഗിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഖ്യാതിയും പ്രധാനമന്ത്രി മോദിക്ക് സ്വന്തമാകും.
'സന്ദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല. ഞങ്ങള്‍ കൂടുതല്‍ അടുക്കുമ്പോള്‍, തീര്‍ച്ചയായും കൂടുതല്‍ കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ കഴിയും. മോദിയുടെ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. പ്രസിഡന്റ് ബൈഡനും പ്രഥമ വനിതയും മോദിക്കായുള്ള കാത്തിരിപ്പിലാണ്' കാരന്‍ ജീന്‍സ് പിയറി വ്യക്തമാക്കി.
മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ഇരു രാജ്യങ്ങളും വാഷിങ്ടൻ ഡിസിയില്‍ തന്ത്രപരമായ വ്യാപാര സംഭാഷണം നടത്തി. കയറ്റുമതി നിയന്ത്രണ നിയമങ്ങളില്‍ അടക്കമുള്ള മാറ്റങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു എന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്രയാണ്.
ബഹിരാകാശം, ടെലികോം, ക്വാണ്ടം, എഐ, ഡിഫന്‍സ്, ബയോ ടെക് തുടങ്ങിയ മേഖലകളിലാണ് ഇന്ത്യയും - യുഎസും തമ്മിലുള്ള ചര്‍ച്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇക്കുറി മുന്‍പെങ്ങുമില്ലാത്ത പ്രാധാന്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അമേരിക്ക നല്‍കുന്നത്. ഇതിനു മുന്‍പ് 2021 സെപ്റ്റംബര്‍ 23 ന് പ്രധാനമന്ത്രി മോദി അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.
English Summary: PM Modi's visit will affirm deep and close partnership between India and US