ജനനം മുതൽ യുഎസിൽ; 61-ാം വയസ്സിൽ ഡോക്ടറുടെ പൗരത്വം നഷ്ടമായി
Mail This Article
നോർത്ത് വെർജീനിയ∙ ജനനം മുതൽ യുഎസിൽ താമസിക്കുന്ന നോർത്ത് വെർജീനിയയിലെ ഡോക്ടറായ സിവാഷ് ശോഭാനിക്ക് 61-ാം വയസ്സിൽ പൗരത്വം നഷ്ടപ്പെട്ടു. ഫെബ്രുവരിയിൽ പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചതിനെ തുടർന്ന് ലഭിച്ച കത്തിലാണ് ഡോക്ടറുടെ പിതാവ് ഇറാനിയൻ എംബസിയിലെ നയതന്ത്രജ്ഞനായതിനാൽ ജനനസമയത്ത് ലഭിക്കുന്ന പൗരത്വം ലഭിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചത്. നയതന്ത്ര പരിരക്ഷയുള്ള മാതാപിതാക്കൾക്ക് യുഎസിൽ ജനിച്ചവർ ജനനസമയത്ത് അമേരിക്കൻ പൗരത്വം നേടുന്നില്ല. സിവാഷ് ശോഭാനി ജനിച്ച സമയത്ത് അമേരിക്കയുടെ അധികാരപരിധിയിൽ നയതന്ത്ര പരിരക്ഷ അനുഭവിച്ചിട്ടുണ്ട്. അതു കൊണ്ട് അദ്ദേഹത്തിന് പൗരത്വത്തിന് അർഹതയല്ലെന്ന് കത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
അതേസമയം, 30 വർഷത്തിലേറെയായി യുഎസിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന സിവാഷ് ശോഭാനിക്ക് ഇത് ആദ്യമായിട്ടാണ് ഇത്തരം അനുഭവമുണ്ടാകുന്നത്. ഇക്കാലമത്രയും പാസ്‌പോർട്ട് പുതുക്കുമ്പോഴെല്ലാം അദ്ദേഹം ഒരു അമേരിക്കൻ പൗരനാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചിരുന്നു. ഇനി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും നിയമാനുസൃത സ്ഥിരതാമസത്തിന് അപേക്ഷിക്കുകയും വേണമെന്ന പ്രശ്നവും സിവാഷ് ശോഭാനി നേരിടുകയാണ്.
സർക്കാരിനെതിരെ സംസാരിച്ചതിനാൽ ഇറാനിൽ സുരക്ഷിതമായി ജീവിക്കാൻ കഴിയാത്തതിനാൽ സിവാഷ് ശോഭാനിക്ക് ഭാവി അവ്യക്തമാണ്. അടുത്ത വർഷം പോർച്ചുഗലിൽ നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തക്ക സമയത്ത് പാസ്‌പോർട്ട് ലഭിക്കുമോ എന്ന കാര്യത്തിലും അദ്ദേഹത്തിന് ഉറപ്പില്ല. ലെബനനിൽ താമസിക്കുന്ന ഗുരുതരാവസ്ഥയിലുള്ള ഭാര്യാപിതാവിനെ സന്ദർശിക്കാനും ഡോക്ടർക്ക് കഴിയുന്നില്ല.
നിലവിൽ 40,000 ഡോളറിലധികം ലീഗൽ ഫീസിനായി ചിലവഴിച്ചിട്ടുണ്ടെന്നും തന്റെ കേസ് എപ്പോൾ പരിഹരിക്കപ്പെടുമെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിദേശയാത്രകൾ നടത്തുന്നതിനും സാധിക്കുന്നില്ല. ആറ് മാസത്തിനുള്ളിൽ തന്റെ പൗരത്വം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.