ആളുകൾ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവർത്തിച്ച് ഇസ്രയേൽ സൈന്യം
Mail This Article
വാഷിങ്‌ടൻ/ഗാസ∙ ആക്രമണം വ്യാപമാക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തിൽ ഗാസയിൽ നിന്നും എത്രയും വേഗം ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ അറിയിച്ചു. ഇതോടെ വൻ തോതിലാണ് ജനങ്ങൾ നാടുവിടുന്നത്. അതേസമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് ചുറ്റുമുള്ള പ്രദേശത്ത് ഇസ്രയേൽ യുദ്ധവിമാനങ്ങൾ കനത്ത ബോംബാക്രമണം നടത്തി.
സിവിലിയൻ മരണങ്ങൾ ഒഴിവാക്കുന്നതിനും കൂടുതൽ കുടിയൊഴിപ്പിക്കലുകളും തടയുന്നതിനായി യുഎസ് ഇസ്രയേലിനോട് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഗാസയിൽ നിന്നോ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നോ പലസ്തീനികളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നതോ ഗാസയുടെ അതിർത്തികൾ പുനർനിർണയിക്കുന്നതോ യുഎസ് അനുവദിക്കില്ലെന്നും വൈസ് പ്രസിഡന്റ് കമല ഹാരിസ് നേരത്തെ പറഞ്ഞിരുന്നു
വൻ തോതിലാണ് കുടിയൊഴിപ്പിക്കൽ നടക്കുന്നത്. ഇവിടെ സ്ഥിതി വഷളാകുകയാണെന്ന് പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ ഗാസയിലെ മേധാവി തോമസ് വൈറ്റ് പറഞ്ഞു. ഗാസയിലെ ഫോൺ, ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ തകർന്നതായി റിപ്പോർട്ടുകളുണ്ട്. യുദ്ധത്തനിടെ പലപ്പോഴും ഇത്തരത്തിൽ നെറ്റ്‌വർക്കുകൾ തകരുന്നുണ്ട്. ഇവ പുനസ്ഥാപിക്കുന്നതിന് മണിക്കൂറുകളോ ചിലപ്പോൾ നിരവധി ദിവസങ്ങളോ എടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.