മിസ് അമേരിക്ക കിരീടത്തിനായി മത്സരിച്ച് യുഎസ് എയർഫോഴ്സ് പൈലറ്റ് മാഡിസൺ മാർഷ്
Mail This Article
കൊളറാഡോ∙ യുഎസ് എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് ബിരുദം നേടി മാസങ്ങൾക്ക് ശേഷം, മാഡിസൺ മാർഷ് മറ്റൊരു നേട്ടത്തിനിള്ള പരിശ്രമത്തിലാണ്. മിസ് അമേരിക്ക കിരീടമാണ് ഈ വ്യോമസേന ഉദ്യോഗസ്ഥയുടെ ലക്ഷ്യം. 22 കാരിയായ അർക്കൻസാസ് സ്വദേശിനി 2023 മെയ് മാസത്തിൽ മിസ് കൊളറാഡോ ആയി കിരീടമണിഞ്ഞിരുന്നു. ഇതിന് ശേഷമാണ് യുഎസ് എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് (യുഎസ്എഎഫ്എ) ബിരുദം നേടി എയർഫോഴ്‌സ് ഓഫിസറായി കമ്മീഷൻ ചെയ്യപ്പെട്ടത്. ഹാർവാർഡ് കെന്നഡി സ്‌കൂളിൽ പബ്ലിക് പോളിസിയിലെ ബിരുദാനന്തര ബിരുദ പഠനകാലത്താണ് മാഡിസൺ മാർഷ് സെക്കൻഡ് ലെഫ്റ്റനന്റായി വ്യോമസേനയിൽ ചേർന്നത്.
ഈ മാസം 13, 14 തീയതികളിൽ ഫ്ലളോറിഡയിൽ നടക്കുന്ന മിസ് അമേരിക്ക കിരീടത്തിനായി മത്സരിക്കുന്ന 50 സുന്ദരിമാരിൽ ഒരാളാണ് മാഡിസൺ മാർഷ്. മാത്രമല്ല ഈ മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ സജീവ-ഡ്യൂട്ടിയിലുള്ള എയർഫോഴ്സ് ഓഫിസർ എന്ന നേട്ടവും ഇതോടെ മാഡിസൺ സ്വന്തമാക്കും. ' ജീവിതത്തിലെ പ്രിയപ്പെട്ട ഭാഗങ്ങളുടെ ഇരുവശങ്ങളും ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കുന്നത് മികച്ച അനുഭവമാണ്, നിങ്ങൾ സ്വയം പരിമിതപ്പെടുത്തേണ്ടതില്ലെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' മാഡിസൺ മാർഷിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പിനിടെ സൈന്യത്തിനായുള്ള ശാരീരിക പരിശീലനം ഉപയോഗപ്രദമായിരുന്നുവെന്ന് മാർഷ് പറയുന്നു.ചെറുപ്പം മുതലേ പൈലറ്റാകണമെന്നായിരുന്നു മാർഷിന്റെ ആഗ്രഹം. 13 വയസ്സുള്ളപ്പോൾ മാർഷിന്റെ മാതാപിതാക്കൾ കുട്ടിയെ ബഹിരാകാശ പഠനം നടത്തുന്ന ഒരു ക്യാംപിലേക്ക് അയച്ചു. അവിടെ ബഹിരാകാശയാത്രികരെയും യുദ്ധവിമാന പൈലറ്റുമാരെയും മാർഷ് കണ്ടുമുട്ടി.15-ാം വയസ്സിൽ, മാർഷ് വിമാന പറത്തുന്നതിനുള്ള പാഠങ്ങൾ പഠിക്കാൻ തുടങ്ങി, രണ്ട് വർഷത്തിന് ശേഷം അവൾ പൈലറ്റ് ലൈസൻസ് നേടി. സൗന്ദര്യമത്സരങ്ങൾ കൂടാതെ, മാഡിസൺ മാർഷ് ഭാവിയിലെ 'ടോപ്പ് ഗൺ' യുദ്ധവിമാന പൈലറ്റായി മാറുന്നതും സ്വപ്നം കാണുന്നു.