ട്രംപിന് എതിരാളിയായി മിഷേല്‍ ഒബാമ മത്സര രംഗത്ത് എത്താൻ സാധ്യതയെന്ന് സൂചന
Mail This Article
ഹൂസ്റ്റണ്‍∙ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപാകും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന് കരുതപ്പെടുന്നു. മറുവശത്ത് പ്രസിഡന്റ് ജോ ബൈഡനാകും എതിരാളിയായി വരികയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പ്രായവും അഭിപ്രായ സര്‍വേയും ബൈഡന് പാരയാകുമോ എന്നാണ് ചിലരെങ്കിലും സംശയിക്കുന്നത്. അങ്ങനെ വന്നാല്‍ ട്രംപിന് എതിരാളി ആരായിരിക്കും എന്ന ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്.
ഇപ്പോഴിതാ മുന്‍ യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവേശിച്ചേക്കുമെന്നാണ് ചില യുഎസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ മിഷേലും മുന്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള മത്സരത്തിന് കളമൊരുങ്ങും. ന്യൂയോര്‍ക്ക് പോസ്റ്റിലെ കോളമിസ്റ്റ് സിണ്ടി ആഡംസിന്റെ കോളവും ദീര്‍ഘകാല ട്രംപ് ഉപദേശകനായ റോജര്‍ ജെ സ്റ്റോണ്‍ ജൂനിയറും ഇതേ പ്രവചനമാണ് നടത്തിയതും ശ്രദ്ധേയമാണ്.
'2024-ല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നോമിനിയായി മിഷേല്‍ ഒബാമയെ പ്രസിഡന്റാക്കുമെന്ന് ഞാന്‍ വര്‍ഷത്തിലേറെയായി പറയുന്നുണ്ട്.' ഡോണൾഡ് ട്രംപിന്റെ ദീര്‍ഘകാല ഉപദേഷ്ടാവ് റോജര്‍ ജെ സ്റ്റോണ്‍ ജൂനിയര്‍ അയോവയ്ക്ക് ഒരാഴ്ച മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
∙ സിനി ആഡംസ് എന്താണ് പറഞ്ഞത്
മുന്‍കൂര്‍ തയാറാക്കി നല്‍കുന്ന കുറിപ്പുകള്‍ ശരിയായി അവതരിപ്പിക്കാന്‍ പോലും ബൈഡന് കഴിയാത്തതും സംവാദങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ബൈഡന്റെ സ്ഥാനാര്‍ഥിത്വം ആഡംസ് തള്ളിക്കളയുന്നത്. 'ബൈഡന്‍ ഡിബേറ്റിന് തയാറാകില്ല. ബൈഡന് വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയുന്നത്ര വേഗത്തില്‍ മുന്‍കൂട്ടി എഴുതിയ സ്‌ക്രിപ്റ്റ് വായിക്കാന്‍ പോലും കഴിയില്ല. അതിനാല്‍, അദ്ദേഹത്തെ മറക്കുക.' - അവര്‍ പറയുന്നു.
ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട്, ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ 2024 ലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മിഷേല്‍ ഒബാമ പ്രകടിപ്പിച്ച ആശങ്കയും ആഡംസ് ചൂണ്ടിക്കാട്ടുന്നു. ഒബാമയുടെ ആശങ്കകള്‍ വെറുമൊരു പരാമര്‍ശമല്ലെന്നും തന്ത്രപരമായ നീക്കമാണെന്നും കോളമിസ്റ്റ് അഭിപ്രായപ്പെടുന്നു, തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള പിന്തുണ അളക്കുന്നതിനായി അവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ക്ക് ഒരു സര്‍വേ അയച്ചതായും പറയപ്പെടുന്നു.
ഒരു വര്‍ഷം മുമ്പ്, 2022 ലെ വേനല്‍ക്കാലത്ത്, മിഷേല്‍ ഒബാമ ന്യൂയോർക്ക് നഗരത്തിലെ പ്രമുഖ ഹെഡ്ജ് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നും പിന്തുണ നല്‍കണമെന്നും അഭ്യര്‍ഥിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് വെളിപ്പെടുത്തുന്നു. ഒബാമമാര്‍ ജോ ബൈഡനെ മാറിനില്‍ക്കാന്‍ തന്ത്രപൂര്‍വം പ്രോത്സാഹിപ്പിക്കുന്നതിന്റെ സൂചനയായാണ് ആഡംസ് ഇതിനെ വ്യാഖ്യാനിക്കുന്നത്.
മുന്‍ ഫോക്സ് ന്യൂസ് വ്യക്തിത്വവും രാഷ്ട്രീയ കമന്റേറ്ററുമായ മെഗിന്‍ കെല്ലിയും ജോ ബൈഡനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ കഴിവുകള്‍ മിഷേല്‍ ഒബാമയ്ക്കുണ്ടെന്ന വാദമാണ് ഉയര്‍ത്തുന്നത്. മുന്‍ പ്രഥമ വനിതയുടെ സാധ്യതയെക്കുറിച്ച് കെല്ലി സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഒബാമയുടെ സമീപകാല പോഡ്കാസ്റ്റ് അഭിമുഖം ഒരു സൂചനയായി അവരും ചൂണ്ടിക്കാണിക്കുന്നു. 'അവര്‍ക്ക് പ്രമോട്ട് ചെയ്യാന്‍ ഒന്നുമില്ല. അവര്‍ക്ക് പുസ്തകമില്ല. ഇവന്റുകളുമില്ല. - അവര്‍ പറയുന്നു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മിഷേല്‍ ഒബാമയുടെ തീരുമാനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അതുവരെ ഊഹാപോഹങ്ങള്‍ തുടരുക തന്നെ ചെയ്യും.