അമേരിക്കയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി മരിച്ച നിലയിൽ ; ഒന്നര മാസത്തിനിടെ അഞ്ചാം സംഭവം
Mail This Article
ന്യൂഡൽഹി∙ യുഎസിൽ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നര മാസത്തിനിടെ അമേരിക്കയിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ സംഭവമാണിത്. ഇൻഡ്യാനയിലെ പർഡ്യൂ സർവകലാശാലയിൽ ഗവേഷണം നടത്തിയിരുന്ന സമീർ കാമത്തിനെയാണ് (23) തിങ്കളാഴ്ച വൈകുന്നേരം പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വാറൻ കൗണ്ടി കൊറോണർ ഓഫിസ് സ്ഥിരീകരിച്ചു. 2023 ഓഗസ്റ്റിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സമീർ യുഎസ് പൗരത്വവും നേടിയിട്ടുണ്ടെന്നും വാറൻ കൗണ്ടി കൊറോണർ ഓഫിസ് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് അധികൃതർ അറിയിച്ചു.
പർഡ്യൂ സർവകലാശാലയിൽ പഠിക്കുന്ന മറ്റൊരു ഇന്ത്യൻ വംശജനായ വിദ്യാർഥി നീൽ ആചാര്യയെ മരിച്ച നിലയിൽ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ജോൺ മാർട്ടിൻസൺ ഹോണേഴ്‌സ് കോളേജ് ഓഫ് പർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ കംപ്യൂട്ടർ സയൻസിലും ഡാറ്റാ സയൻസിലും ഡബിൾ മേജറായ ആചാര്യയെ കാണാതായതായ സംഭവത്തിൽ അമ്മ പരാതി നൽകിയതിന് പിന്നാലെയാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച ഒഹായോയിൽ 19 വയസ്സുകാരനായ ശ്രേയസ് റെഡ്ഡിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജോർജിയയിലെ ലിത്തോണിയയിൽ എംബിഎ പഠിക്കുന്ന വിവേക് സൈനി കഴിഞ്ഞ മാസം 16 ന് ഭവനരഹിതനായ ഒരാളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. ഭവനരഹിതനായ വ്യക്തിക്ക് സൗജന്യമായി ഭക്ഷണം നൽകാൻ വിസമ്മതിച്ചപ്പോഴാണ് സൈനി ആക്രമിക്കപ്പെട്ടത്.