ADVERTISEMENT

കൊല്ലം∙ യുഎസിലെ കലിഫോർണിയയിൽ സാൻ മറ്റേയോയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ഡോ.ജി.ഹെൻറിയുടെയും റിട്ട. അധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആൺകുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരാണു മരിച്ചത്.

മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് പിസ്റ്റൾ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേസമയം, രണ്ടു കുട്ടികൾ മരിച്ചത് എങ്ങനെയെന്നതിൽ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

മരണം വിഷവാതകം ശ്വസിച്ചാണെന്നായിരുന്നു പ്രാഥമിക നിഗമനം. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽ നിന്നുയർന്ന വാതകം ഉറക്കത്തിൽ ശ്വസിച്ചതാകാം മരണ കാരണമെന്നാണു ബന്ധുക്കൾ സംശയിച്ചിരുന്നത്. അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ–ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസിനെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയ ശേഷം ഇരുവർക്കും വാട്സാപ് മെസേജ് അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തിരിച്ചു വിളിക്കാഞ്ഞതിനെ തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു.

ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയിൽ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് സാൻ മറ്റേയോ പൊലീസ് ബന്ധുക്കളെ ആദ്യം അറിയിച്ചത്. ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ആലീസിന്റെ പ്രസവവും അവിടെ തന്നെയായിരുന്നു.ആനന്ദിന്റെ സഹോദരൻ അജിത് ഹെൻറി യുഎസിലേക്കു തിരിച്ചിട്ടുണ്ട്. സംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ അജിത് അവിടെ എത്തിയ ശേഷമേ തീരുമാനിക്കൂ.

English Summary:

Malayali Family Death in San Mateo California USA.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com