ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തി.

നാഷനൽ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് ഷോളി കുമ്പിളുവേലി, ന്യൂയോർക്ക് ചാപ്റ്റർ പ്രതിനിധികളായ സജി എബ്രഹാം, ജിനേഷ് തമ്പി, കൂടാതെ പ്രസ് ക്ലബ് പ്രതിനിധിയും ഫൊക്കാന നാഷനൽ ട്രഷററുമായ ബിജു കൊട്ടാരക്കര തുടങ്ങിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. 21 വർഷത്തെ ഇന്ത്യ പ്രസ് ക്ലബ്ബിന്‍റെ ചരിത്രവും പ്രവർത്തങ്ങളും പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ കോൺസൽ ജനറലിനെ അറിയിക്കുകയും, പ്രവർത്തനോദ്‌ഘാടനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. 

ഏകദേശം ഒരു മണിക്കൂറോളം പ്രസ് ക്ലബ് പ്രതിനിധികളുമായി സംവദിച്ച അദ്ദേഹം പ്രവാസികളായ എല്ലാ ഇന്ത്യക്കാരുടെയും നന്മക്കായി 24 മണിക്കൂറും ഉണർന്നു പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കോൺസുലേറ്റ് ആണ് ഇവിടെ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പ്രതിനിധികൾ മാധ്യമങ്ങളുടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.  അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ മരിച്ച ആറ് വിദ്യാർഥികളെ കുറിച്ചും ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയെകുറിച്ചുമുള്ള പ്രസ് ക്ലബ് പ്രതിനിധി ജിനേഷ് തമ്പിയുടെ ചോദ്യങ്ങൾ കൊണ്ട് ചർച്ചകക്ക് തുടക്കം കുറിച്ചു.  ഇന്ത്യൻ വിദ്യാർഥികൾ എല്ലാരും തന്നെ സുരക്ഷിതരാണെന്നും, ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് ഈ അടുത്ത സമയത്തു നടന്നതെന്നും അതിൽ രണ്ട്  പേരുടെ മൃതദേഹം ഇന്ത്യൻ  കോൺസുലേറ്റിന്‍റെ പണം ഉപയോഗിച്ച്  നാട്ടിലേക്ക് അയച്ചുവെന്നും കോൺസൽ ജനറൽ പറഞ്ഞു.

ചൈനീസ് വിദ്യാർഥികൾ യുഎസിൽ വരുമ്പോൾ തന്നെ അവരുടെ കോൺസുലേറ്റുകളിൽ സ്വയം റജിസ്റ്റർ ചെയ്യുന്നു. എന്നാൽ ഇന്ത്യൻ വിദ്യാർഥികൾ യുഎസിൽ വരുമ്പോൾ റജിസ്റ്റർ ചെയ്യാൻ വിമുഖരാണ്.   മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്‌ക്കുന്നതിന് സമൂഹം പണം ചെലവഴിക്കേണ്ടതില്ല. പണമുള്ളവർ സ്വയം കൊണ്ടുപോകും. അല്ലാത്തവരെ  കോൺസുലേറ്റ് സഹായിക്കും. അതിനുള്ള തുക കോൺസുലേറ്റുകൾക്കുണ്ടെന്നു അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. ഇതിനു ചെറിയ നിബന്ധനകൾ ഉണ്ട്. കഴിഞ്ഞയാഴ്ച 44 വ്യത്യസ്‌ത കമ്മ്യൂണിറ്റി നേതാക്കലുമായി സംസാരിച്ചു. മൃതദേഹം കൊണ്ടുപോകുന്നതിന് പകരം സംഘടനകൾ മറ്റ് ക്രിയാത്മക പ്രവർത്തനങ്ങൾക്ക് പണം ചെലവഴിക്കണമെന്ന് നിർദേശിച്ചു.

ഇന്ത്യൻ വിദ്യാർഥികളുൾടെ അറിവിലേക്കായി മൊബൈൽ ഫോണിൽ ജോലി അന്വേഷിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. അധികാരികൾ വിദ്യാർഥികളുടെ ഫോൺ അല്ലെങ്കിൽ ബ്രൗസർ ഹിസ്റ്ററി പരിശോധിക്കുന്നതു ശരിയല്ലെങ്കിലും അത് സംഭവിക്കുന്നെണ്ടെന്നു അദ്ദേഹം പറഞ്ഞു. ഒരു വിദ്യാർഥി മൊബൈലിൽ ജോലി അന്വേഷിക്കുകയാണെന്ന് അവർ കണ്ടെത്തി. അതുകൊണ്ടു മാത്രം ഒരവസരത്തിൽ  വിദ്യാർഥിയെ നാട് കടത്തിയതായറിഞ്ഞു.

ഇ-വീസയിൽ പോകുന്നവർ ഇന്ത്യയിലെ ഇമ്മിഗ്രേഷനിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്‍റ്റ് ഷോളി കുമ്പിളുവേലിയുടെ ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി 'ഐഡിയും മറ്റും ഇന്ത്യയിൽ പരിശോധിക്കണമെങ്കിൽ മതിയായ കാരണം കാണും. സാധാരണ സംഭവിക്കുന്ന കാര്യമല്ല അത്. എല്ലാ വിവരവും ഇവിടെ നൽകിയാണ് ഇ-വീസ കൊടുക്കുന്നത്. കൂടുതൽ ആളുകൾക്ക്  ഇത് സംഭവിക്കുന്നുവെങ്കിൽ, ദയവായി ഞങ്ങളെ അറിയിക്കുക. ഇ-വീസ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്.  കഴിഞ്ഞ വർഷം 70% ഇ-വീസയും 30% പേപ്പർ വീസയും ആണ് നൽകിയത്.

ആരെങ്കിലും കോൺസുലേറ്റിൽ വിളിക്കുമ്പോൾ ഫോൺ എടുക്കുന്ന ഉദ്യോഗസ്ഥൻ തന്‍റെ പേര് പറയണമെന്ന് പുതുതായി നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടുതൽ സുതാര്യത ഉറപ്പു വരുത്തും. ഈ കോൺസുലേറ്റിന്‍റെ പരിധിയിൽ മാത്രം  25 ലക്ഷം ഇന്ത്യാക്കാരുണ്ട്. എന്നാൽ അവരുമായി ബന്ധപ്പെടാൻ ചുരുക്കം ഉദ്യോഗസ്ഥരെയുള്ളു.  കോൺസുലേറ്റിന്‍റെ പ്രവർത്തനങ്ങൾക്ക് സമൂഹവും പിന്തുണ നൽകുന്നു. അത്  ഏറെ നന്ദി അർഹിക്കുന്നു. അതിനാൽ കോണ്സുലേറ്റ് ഏറെ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്നു പറയുന്നത്  ശരിയല്ല.

പ്രസ് ക്ലബ് ന്യൂയോർക്ക് പ്രതിനിധി സജി ഏബ്രഹാമിന്‍റെ ഇരട്ട പൗരത്വം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി "ഇന്ത്യൻ രാഷ്ട്രീയ   നേതാക്കളാണ്  അതേപടി സംസാരിക്കേണ്ടത്. ഇപ്പോൾ ഓസിഐ കാർഡ് രണ്ടോ മൂന്നോ കാര്യം ഒഴിച്ച് ബാക്കി എല്ലാറ്റിനും പൗരനൊപ്പമുള്ള അവകാശം നൽകുന്നു.  ഇരട്ട പൗരത്വമുള്ള രാജ്യങ്ങളിൽ ഒരിടത്തു കുറ്റകൃത്യങ്ങൾ ചെയ്തവർ  അടുത്ത രാജ്യത്തേക്ക് പോയി രക്ഷപ്പെടുന്നതും കാണുന്നുണ്ട്." പ്രസ് ക്ലബ് ന്യൂ യോർക്ക് പ്രതിനിധിയും ഫൊക്കാനയുടെ നാഷനൽ ട്രഷററുമായ ബിജു കൊട്ടാരക്കരയുടെ ചോദ്യം പ്രായമായവർക്ക്  'പവർ ഓഫ് അറ്റോർണി'  കിട്ടാൻ ഇന്ത്യൻ കോൺസുലേറ്റിൽ വരുന്നതു  ഒഴിവാക്കാൻ പറ്റുമോ എന്നതായിരുന്നു, അതിനു മറുപടിയായി അദ്ദേഹം വിശദമായി പഠിച്ചിട്ട് അറിയിക്കാം എന്ന് പറഞ്ഞു.

English Summary:

Representatives of India Press Club of North America Discussed with Consul General Binaya Pradhan in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com