കെഎച്ച്എൻഎയുടെ അഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണം നടന്നു
Mail This Article
ന്യൂയോർക്ക് ∙ കെഎച്ച്എൻഎയുടെ വിമൻസ് ഫോറമായ തേജസ്വിനിയുടെ നേതൃത്വത്തിൽ നടന്ന പൊങ്കാല മഹോത്സവം പങ്കാളിത്തം കൊണ്ടും ആചാരത്തിലധിഷ്ഠിതമായ ചടങ്ങുകൾ കൊണ്ടും, സംഘടനാപാടവം കൊണ്ടും ചരിത്ര നിമിഷങ്ങളായിമാറി. അമേരിക്കയിലെ ഇത്തവണത്തെ പൊങ്കാല മഹോത്സവം വലിയ മാധ്യമ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ, പ്രാർഥനാപൂർവ്വം നടന്ന ചടങ്ങുകളിൽ നൂറുകണിക്കിന് സ്ത്രീകളാണ് ഓരോ സംസ്ഥാനത്തിലും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് . ചരിത്രത്തിൽ ആദ്യമായാണ് ഒരു സംഘടന അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേദിവസം, ഒരേസമയം പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന പൊങ്കാല മഹോത്സവത്തിൽ കെഎച്ച്എൻഎയുടെ കുടുംബാംഗങ്ങൾ മുഴുവനും അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാൻ എത്തിച്ചേർന്നു. ചില സംസ്ഥാനങ്ങളിലെ അപ്രതീക്ഷിതമായ ജനപങ്കാളിത്തം മൂലം, സംഘാടകർക്ക് ഒന്നിലധികം സ്ഥലത്തു പൊങ്കാല മഹോത്സവം നടത്തേണ്ടതായി വന്നു. "തേജസ്വിനിയുടെ" അമരക്കാരും, വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും ചുക്കാൻപിടിച്ച ഈ ചടങ്ങുകൾക്ക് ഇത്രയും ജനപങ്കാളിത്തം ലഭിച്ചതിൽ അത്ഭുതങ്ങൾ ഒന്നും തന്നെയില്ല. വനിതാകൂട്ടായ്മക്ക് പിന്തുണയായി കെഎച്ച്എൻഎയുടെ ഓരോ അംഗങ്ങളും എപ്പോഴുമുണ്ടായിരുന്നു.
കെഎച്ച്എൻഎ പ്രസിഡന്‍റ് ഡോ. നിഷ പിള്ള കേരളത്തിൽ ആറ്റുകാൽ അമ്മക്ക് മുന്നിൽ തന്നെയാണ് മുഴുവൻ കെഎച്ച്എൻഎയുടെ കുടുംബാംഗങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് പൊങ്കാല സമർപ്പണം നടത്തിയത്. ഡോ. നിഷ പിള്ളക്കൊപ്പം കെഎച്ച്എൻഎയിലെ മറ്റു കുടുംബാംഗങ്ങളും ആറ്റുകാലമ്മയ്ക്ക് മുന്നിൽ പൊങ്കാല സമർപ്പണത്തിൽ പങ്കാളികൾ ആയി. കെഎച്ച്എൻഎയുടെ വിമൻസ് ഫോറം ആയ "തേജസ്വിനിയുടെ" പ്രവർത്തനോദ്ഘാടനത്തിനോട് അബന്ധിച്ചാണ് പൊങ്കാല മഹോത്സവം നടത്തിയത്. ഇതുവഴി പൊങ്കാല സമർപ്പണത്തിന്‍റെ പുണ്യം അമേരിക്കയിലെ ഓരോ കുടുംബങ്ങളിലും എത്തിക്കാൻ സാധിച്ചു എന്ന് വിമൻസ് ഫോറം ചെയർ ബിന്ദു പണിക്കർ അഭിപ്രായപ്പെട്ടു. വനിത കൂട്ടായ്മയുടെ, നേതൃപാടവത്തിന്‍റെ നേർസാക്ഷ്യമാണ് ഇത്രയും ജനപങ്കാളിത്തമെന്നും ഇനിയും "തേജസ്വിനിയുടെ" ആഭിമുഖ്യത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ ഉണ്ടാവട്ടെയെന്നും പ്രസിഡന്‍റ് ഡോ. നിഷ പിള്ള ആശംസിച്ചു.
ബിന്ദു പണിക്കർ (ചെയർ), തങ്കം അരവിന്ദ് (ഡയറക്ടർ ഇൻ ചാർജ്), അഞ്ജന പ്രയാഗ, വിനി കർത്ത, കവിത മേനോൻ, ഹരിത ദേവീദാസ് എന്നിവർ അംഗങ്ങളായുമുള്ള തേജസ്വിനിയുടെ അമരക്കാരും, വിവിധ സംസ്ഥാനങ്ങളിലെ കെഎച്ച്എൻഎയുടെ പ്രതിനിധികളും കൈകോർത്താണ് പൊങ്കാല മഹോത്സവത്തിന് ഇത്രയും മികവും മിഴിവുമേകിയത്.
(വാർത്ത: അനഘ വാരിയർ)