ADVERTISEMENT

ലൊസാഞ്ചലസ്∙ പ്രശസ്ത അഭിനയത്രിയും മോഡലുമായ കാരാ ഡെലിവിംഗനയുടെ വീട് തീപിടിത്തിൽ കത്തിനശിച്ചു. 58 കോടി രൂപ (7 ബില്ല്യൻ ഡോളര്‍ ) വിലമതിക്കുന്ന വീടിന്‍റെ ഒരു മുറിയും മേൽക്കൂരയും പൂര്‍ണമായി കത്തിനശിച്ചു. ഒരു അഗ്നിശമന സേനാംഗത്തെയും ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരാളെയും പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ലൊസാഞ്ചലസ്  അഗ്നിശമന സേനാ വക്താവ് നിക്കോളാസ് പ്രാഞ്ച് അറിയിച്ചു. 

രണ്ട് നിലകളുള്ള വീടിന്‍റെ മേൽക്കൂരയിൽ വലിയ തോതിൽ അഗ്നിബാധയുണ്ടായുള്ള ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഹോളിവുഡിന്‍റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള സ്റ്റുഡിയോ സിറ്റിയിലെ കുന്നുകളിലാണ് ഈ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. 1970കളിൽ നിർമിച്ച ഈ വീട്ടിലെ തീ  94 അഗ്നിശമന സേനാംഗങ്ങൾ  രണ്ട് മണിക്കൂറിലേറെ പരിശ്രമിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണവിധേയമാക്കാനും മറ്റ് വീടുകളിലേക്ക് തീ പടരുന്നത് തടയാനും ശ്രമിച്ചതിനാൽ പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. നടി യുകെയിലായിരുന്ന സമയത്താണ് തീപിടിത്തമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഗ്നിശമന സേനാംഗങ്ങൾക്ക് നന്ദി പറഞ്ഞ് അഗ്നിശമന ട്രക്കുകൾ നിറഞ്ഞ തെരുവിന്‍റെ വിഡിയോ കാരാ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു."സഹായിച്ച എല്ലാ അഗ്നിശമന സേനാംഗങ്ങൾക്കും ആളുകൾക്കും എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് നന്ദി" എന്നാണ് കാരാ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയിരിക്കുന്നത്. തന്‍റെ രണ്ട് പൂച്ചക്കൂട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും അവരെ രക്ഷിച്ച അഗ്നിശമന സേനാംഗങ്ങള്‍ക്ക് നന്ദിയെന്നും കാരാ പറയുന്നുണ്ട്. 2019ലാണ് കാരാ ഈ ആഡംബര ഭവനം സ്വന്തമാക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും വീടിന്‍റെ പിറകുവശത്തെ ഒരു മുറിയിലാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

English Summary:

Cara Delevingne's LA home destroyed by fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com