ADVERTISEMENT

ഹൂസ്റ്റണ്‍ ∙ പ്രൈമറി ചിത്രം തെളിഞ്ഞതോടെ യുഎസില്‍ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നു തുടങ്ങി. പരസ്പരം ചെളിവാരിയെറിയുന്ന പ്രചാരണ തന്ത്രങ്ങളുമായി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും കളം നിറയുകയാണ്. കൈയും കാലും കൂട്ടിക്കെട്ടിയിരിക്കുന്ന യുഎസ് പ്രസിഡന്‍റിന്‍റെ ചിത്രം പതിപ്പിച്ച ട്രക്കിന്‍റെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണ സംഘമാണ്. ഇതിനെതിരേ അതിരൂക്ഷമായാണ് ബൈഡന്‍റെ പ്രചാരണ സംഘം രംഗത്തുവന്നിരിക്കുന്നത്. നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ' രാഷ്ട്രീയ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന്' ബൈഡന്‍റെ പ്രചാരണ സംഘം ആരോപിച്ചു.

ട്രംപിനെതിരെ 'നിന്ദ്യമായ അക്രമത്തിന്' ഡെമോക്രാറ്റുകള്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്ന് ട്രംപ് പ്രചാരണ വക്താവ് ഇതിനു മറുപടിയുമായി രംഗത്ത് വന്നു. തന്‍റെ സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് വിഡിയോ പോസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ ന്യൂയോര്‍ക്ക് സിറ്റി പ‌ൊലീസ് ഉദ്യോഗസ്ഥന്‍ ട്രാഫിക് സ്റ്റോപ്പില്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ വിഡിയോ എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

പൊലീസിന് പിന്തുണ അവകാശപ്പെടുന്ന പതാകകളും യുഎസ് പതാകകളും കൊണ്ട് പൊതിഞ്ഞ രണ്ട് ട്രക്കുകള്‍ റോഡിലൂടെ കടന്നുപോകുന്നത് വിഡിയോയില്‍ കാണിക്കുന്നു. രണ്ടാമത്തെ ട്രക്കില്‍ 'ട്രംപ് 2024' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഈ വാഹനത്തിന്‍റെ പിന്‍ഭാഗത്ത് കൈകളും കാലുകളും ബന്ധിച്ചിരിക്കുന്ന ബൈഡന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുമുണ്ട്. ട്രംപിന്‍റെ വിഡിയോയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ബൈഡന്‍ ടീമില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ചൂടേറിയ പോരാട്ട പരമ്പരയിലെ ഏറ്റവും പുതിയതാണ് ടെയില്‍ഗേറ്റ് ഇമേജിനെച്ചൊല്ലിയുള്ള തര്‍ക്കം. വൈറ്റ് ഹൗസിലേക്ക് മടങ്ങാനുള്ള ശ്രമത്തില്‍, 2021 ജനുവരി 6-ന് യുഎസ് ക്യാപ്പിറ്റളിൽ നടന്ന കലാപത്തില്‍ ശിക്ഷിക്കപ്പെട്ടവരെ 'ബന്ദികള്‍' എന്ന് പരാമര്‍ശിച്ച് ട്രംപ് കളം കൊഴുപ്പിച്ചിരിക്കുകയാണ്. താന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ 'രക്തമൊഴുക്കുമെന്ന്'  ഈ മാസമാദ്യം ഒഹായോയില്‍ മുന്നറിയിപ്പ് നല്‍കിയതിന് അദ്ദേഹം വിമര്‍ശനത്തിന് വിധേയനായിരുന്നു. ‌

English Summary:

Biden Team Against Trump's Truck Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com