ഇല്ലിനോയിലെ ക്വാക്കർ ഓട്‌സ് പ്ലാന്‍റ് 55 വർഷത്തിന് ശേഷം അടച്ചുപൂട്ടുന്നു;510 ജീവനക്കാരെ പിരിച്ചുവിടും
Mail This Article
ഇല്ലിനോയ്, ഡാൻവില്ലെ∙ 55 വർഷത്തെ പ്രവർത്തനത്തിന് ശേഷം, ഇല്ലിനോയ് ഡാൻവില്ലെയിലെ ക്വാക്കർ ഓട്‌സ് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ചിരുന്ന പ്ലാന്‍റ് അടച്ചുപൂട്ടുകയാണ്. ഈ നടപടിയോടെ സ്ഥാപനം 510 ജീവനക്കാരെ പിരിച്ചുവിടും. ജൂൺ 8ന് പെപ്‌സികോ ഔദ്യോഗികമായി പ്ലാന്‍റ് അടച്ചുപൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന് കാരണം 2023 ഡിസംബറിലും 2024 ജനുവരിയിലും രണ്ട് പ്രധാന തിരിച്ചുവിളികളാണ്. ഈ തിരിച്ചുവിളികൾ അസംസ്കൃത ഭക്ഷണങ്ങളിലൂടെയും സമ്പർക്കം പുലർത്തുന്ന പ്രതലങ്ങളിലൂടെയും പടരാൻ സാധ്യതയുള്ള സാല്‍മൊനെല്ല ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു. ഈ പ്ലാന്‍റിൽ നിർമ്മിച്ച 60-ലധികം ഉൽപ്പന്നങ്ങളെ ഈ തിരിച്ചുവിളികൾ ബാധിച്ചു.
2023 ഡിസംബറിൽ, ക്വാക്കർ തിരഞ്ഞെടുത്ത ച്യൂയി ഗ്രാനോള ബാറുകൾ തിരിച്ചുവിളിക്കാൻ ഭക്ഷ്യസുരക്ഷാ അധികൃതർ ഉത്തരവിട്ടിരുന്നു. 2024 ജനുവരിയിൽ, ധാന്യങ്ങൾ, ധാന്യ ബാറുകൾ, പ്രോട്ടീൻ ബാറുകൾ, സ്നാക്ക് ബോക്സുകൾ, തിരഞ്ഞെടുത്ത ലഘുഭക്ഷണങ്ങൾ എന്നിവയും തിരിച്ചുവിളിക്കാനായിരുന്നു ഭക്ഷ്യസുരക്ഷാ അധികൃതർ നിർദേശിച്ചത്. ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കേണ്ടി വന്നതിനെ തുടർന്ന് ഡാൻവില്ലെ പ്ലാന്‍റിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. വിശദമായ അവലോകനത്തിന് ശേഷമാണ് പ്ലാന്‍റ് അടച്ചുപൂട്ടാൻ പെപ്‌സികോ തീരുമാനിച്ചത്.
അതേസമയം, ഇവിടെ നടത്തിയിരുന്നു ക്വാക്കർ ഓട്‌സ് ഉൽപ്പാദനം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പെപ്‌സികോ പദ്ധതിയിടുന്നുണ്ട്. 1877 മുതൽ ഉപഭോക്താക്കൾ വിശ്വസിക്കുന്ന ക്വാക്കർ ഉൽപ്പന്നങ്ങളുടെ കൃത്യസമയത്തെ വിതരണം തുടരാനാണ് ഈ നീക്കം.