ഫോമ സെൻട്രൽ റീജൻ ആർവിപി സ്ഥാനാർഥിയായി ജോഷി വള്ളിക്കളം മത്സരിക്കുന്നു
Mail This Article
ഷിക്കാഗോ ∙ ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോഷി വള്ളിക്കളം ഫോമ സെൻട്രൽ റീജൻ 2024-26 കാലയളവിലേക്കുള്ള റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫോമയുടെ ദേശീയ സമ്മേളനം ഈ വരുന്ന ഓഗസ്റ്റ് 8 മുതൽ 11 വരെ പുന്‍റാകാനായിലാണ് നടക്കുക. ഈ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ജോഷി വള്ളിക്കളം. പ്രതിസന്ധികളെ മനോധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും നേരിടാനും ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിർവഹിക്കാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. സംഘടനകളുടെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ ജോഷി വള്ളിക്കളം വിദഗ്ധനാണ്. ഫോമ സെൻട്രൽ റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഈ മേഖലയിലെ ഫോമയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ (സിഎംഎ) പ്രസിഡന്‍റായിരുന്ന സമയത്ത് അസോസിയേഷന്‍റെ 50–ാം വാർഷികം ഗംഭീരമായി നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഫോമയുടെയും ഫൊക്കാനയുടെയും നേതാക്കളെ ഉൾപ്പെടുത്തി കൊണ്ട് സംഘടിപ്പിച്ച ഗോൾഡൻ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നതിലും നിർണായ പങ്കുവഹിച്ചിട്ടുണ്ട്.
1991 ൽ ഷിക്കാഗോയിൽ എത്തിയതു മുതൽ സിഎംഎയിൽ സജീവമായ പങ്ക് വഹിച്ചിട്ടുള്ള ജോഷി വള്ളിക്കളം വിവിധ ഭാരവാഹികൾ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2021-2023 കാലയളവിൽ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച അദ്ദേഹം സിഎംഎയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു. എസ്ബി അസംപ്‌ഷൻ അലുമ്നി ഷിക്കാഗോ ചാപ്റ്റർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഷിക്കാഗോ), സിറോ മലബാർ കാത്തലിക് കോൺഗ്രസ് തുടങ്ങിയ സംഘടനകളിലും അദ്ദേഹം നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. സമൂഹത്തിലെ ആവശ്യങ്ങൾക്ക് കാതോർക്കുന്ന ജോഷി വള്ളിക്കളം എസ്എംസിസി പ്രസിഡന്‍റായിരിക്കെ 450 ലധികം പേർക്ക് ഒസിഐ കാർഡ് ഡ്രൈവ് നടത്തി.
ജോഷി വള്ളിക്കളം എന്ന നേതാവിന്‍റെ രാഷ്ട്രീയ ജീവിതവും സാമൂഹിക പ്രവർത്തനങ്ങളും ഹൈസ്കൂൾ തലം മുതൽ ആരംഭിച്ചതാണ്. ചങ്ങനാശ്ശേരി എൻഎസ്എസ് ഹൈസ്കൂളിൽ സ്കൂൾ ലീഡറായും, ചങ്ങനാശ്ശേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായും, എസ്ബി കോളേജ് യൂണിറ്റ് പ്രതിനിധിയായും, വൈസ് ചെയർമാനായും അദ്ദേഹം തന്‍റെ കഴിവ് തെളിയിച്ചു. 1991 ൽ എസ്ബി കോളേജ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് കോളേജിന്‍റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു.
എസ്ബി കോളേജ് തിരഞ്ഞെടുപ്പിൽ വിദ്യാർഥി കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ 95% വോട്ടോടെ വിജയിച്ച് കോളേജ് യൂണിയൻ ചെയർമാനായത് ഒരു അപൂർവ്വ നേട്ടമാണ്. ജോഷി വള്ളിക്കളത്തിന്‍റെ സ്ഥാനാർഥിത്വത്തെ ഫോമ സെൻട്രൽ റീജിയന്‍റെ ഇപ്പോഴത്തെ ആർവിപി ടോമി എടത്തിൽ സ്വാഗതം ചെയ്തു. സെൻട്രൽ റീജനനിലെ മറ്റ് മെംമ്പർ അസോസിയേഷനുകളും തങ്ങളുടെ പിന്തുണ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.