നഷ്ടമായത് മനുഷ്യസ്നേഹിയായ ആത്മീയാചാര്യനെ
Mail This Article
ന്യൂയോർക്ക്∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (കെ.പി. യോഹന്നാൻ) മെത്രപ്പൊലീത്തയുടെ ആകസ്മിക വിയോഗത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ ഫോറം നേതാവ് തോമസ് റ്റി. ഉമ്മൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തികഞ്ഞ ദാർശനികനും, ദീർഘവീക്ഷണമുള്ള മനുഷ്യസ്നേഹിയുമായ ആത്മീയാചാര്യനെയാണ് സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. 2003-ൽ ബിഷപ് സ്ഥാനലഭിച്ചതിന് ശേഷം ന്യൂയോർക്ക് കെന്നഡി എയർപോർട്ടിൽ ആദ്യമായി വന്നിറങ്ങിയ മാർ അത്തനേഷ്യസ് യോഹാനെ ഇന്ത്യൻ ക്രിസ്ത്യൻ ഫോറം ഭാരവാഹികളായ തോമസ് റ്റി ഉമ്മൻ (പ്രസിഡന്‍റ്), റവ. ഡോ. ഇട്ടി എബ്രഹാം, പാസ്റ്റർ വിൽസൺ ജോസ്, ജോർജ് എബ്രഹാം, പി. വി. വർഗീസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
തിരുവല്ലായിലുള്ള ബിലീവേഴ്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, നിരവധി എൻജിനീയറിങ് കോളേജുകൾ, ഇതര പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ആരംഭിച്ചതിനു പുറമെ, സമൂഹത്തിന് പ്രയോജനകരമായ ഒട്ടേറെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ വലിയ മനുഷ്യസ്നേഹിയായിരുന്നു മെത്രാപ്പൊലീത്തയെന്ന് തോമസ് റ്റി ഉമ്മൻ പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം അനേകർക്ക് പകർന്നു നൽകിയ സുവിഷേകനായിരുന്നു അദ്ദേഹം. മെത്രാപ്പോലീത്തയുടെ കുടുംബത്തെയും, സഭാവിശ്വാസികളെയും ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ അനുശോചനം തോമസ് റ്റി. ഉമ്മൻ അറിയിച്ചു.