ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പൗരത്വം തെളിയിക്കണം; പുതിയ നിയമനിർമാണത്തിന് നീക്കം
Mail This Article
വാഷിങ്‌ടൻ ∙ യുഎസിൽ ഫെഡറൽ തിരഞ്ഞെടുപ്പിൽ പൗരത്വം തെളിയിക്കാതെ വോട്ട് ചെയ്യുന്നത് നിരോധിക്കാൻ നീക്കം. ബുധനാഴ്ച അവതരിപ്പിക്കുന്ന ബില്ലിൽ പൗരന്മാരല്ലാത്തവർ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഹൗസ് റിപ്പബ്ലിക്കൻമാർ വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്താൻ പൗരത്വത്തിന്‍റെ തെളിവ് ആവശ്യമാണ്. നിലവിലുള്ള വോട്ടർ പട്ടികയിൽ നിന്ന് പൗരന്മാരല്ലാത്തവരെ നീക്കം ചെയ്യണമെന്ന് ബിൽ ആവശ്യപ്പെടുന്നു.
"സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി (സേവ്) ആക്ട്" അവതരിപ്പിക്കുന്നതിനായി ജനപ്രതിനിധി ചിപ്പ് റോയ് പിന്തുണ നേടിയിട്ടുണ്ട്.‘‘"2024 ലെ തിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോൾ, അമേരിക്കൻ ജനതയ്ക്ക് നമ്മുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്‍റെ സമഗ്രതയിൽ തികഞ്ഞ ഉറപ്പുണ്ടായിരിക്കണം. ഈ ബിൽ ഫെഡറൽ തിരഞ്ഞെടുപ്പുകളെ ശക്തിപ്പെടുത്തും. അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ അമേരിക്കൻ പൗരന്മാരാണ് വോട്ട് ചെയ്യേണ്ടത്’’– ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു.