'മധുരഗീതം' സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി അനീഷയും ജനനിയും
Mail This Article
ടൊറന്‍റോ ∙ സൗന്ദര്യസങ്കൽപങ്ങൾക്ക് മലയാളിത്തനിമയും പുതുമയും സമ്മാനിച്ച മധുരഗീതം മിസ് ആൻഡ് മിസിസ് മലയാളി കാനഡ സൗന്ദര്യമത്സരത്തിൽ അനീഷ ജോർജും ജനനി മരിയ ആന്‍റണിയും വിജയ കിരീടം ചൂടി. ഇരുവരും മിസ് ആൻഡ് മിസിസ് കാനഡ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയും നേടി.
കാനഡയിലെ മലയാളം എഫ്എം റേഡിയോയായ മധുരഗീതം ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ മൽസരത്തിൽ രണ്ടു വിഭാഗങ്ങളിലായി 29 പേരാണ് പങ്കെടുത്തത്. സെലബ്രിറ്റി ജഡ്ജ് ആയി എത്തിയത് നടി പൂർണിമ ഇന്ദ്രജിത്തായിരുന്നു.
മിസ് കാറ്റഗറിയിൽ അനീഷ ജോർജിന് പിന്നിലായി ഹുനൈന നവാസ് ഫസ്റ്റ് റണ്ണറപ്പും ഗിഫ്റ്റി ഷാജു സെക്കൻഡ് റണ്ണറപ്പും ആയപ്പോൾ, മിസിസ് കാറ്റഗറിയിൽ ജനനി മരിയ ആന്‍റണിക്ക് പിന്നിലായി മിലി ഭാസ്കർ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനവും വീണ ബേബി സെക്കൻഡ് റണ്ണറപ്പുമായി. വേഷങ്ങളിൽ മാത്രമല്ല, സ്വയം പരിചയപ്പെടുത്തലിലും ചോദ്യോത്തര സെഷനിലുമെല്ലാം മൽസരാർഥികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ചവരായിരുന്നു മത്സരാർഥികളിലേറെയും. ഫിലിം പ്രൊഡ്യൂസറും നടനുമായ ടോം ജോർജ് കോലത്ത്, മിസ് ആൻഡ് മിസിസ് കാനഡ സിഇഒയും ഫൗണ്ടറുമായ ആനി മാഞ്ഞൂരാൻ എന്നിവരും പൂർണിമ ഇന്ദ്രജിത്തിനൊപ്പം വിധികർത്താക്കളായി.
കാനഡയിലെ മലയാളി വനിതാസമൂഹത്തിന് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു സൗന്ദര്യമത്സരത്തിലൂടെ ലക്ഷ്യമിട്ടതെന്ന് മധുരഗീതം സിഇഒയും പ്രൊഡ്യൂസറുമായ വിജയ് സേതുമാധവനും ക്രിയേറ്റീവ് ഡയറക്ടർ മൃദുല മേനോനും അറിയിച്ചു. ചലച്ചിത്രതാരം ബെൻസി മാത്യൂസ്, മുഖ്യ സ്പോൺസർമാരായ മനോജ് കരാത്ത (കനേഡിയൻ ഹോം), ബോബൻ ജയിംസ് (ട്രിനിറ്റി ഗ്രൂപ്പ്) തുടങ്ങിയവർ പങ്കെടുത്തു. ആർജെമാരായ വിദ്യാശങ്കർ, ബിന്ദു മേക്കുന്നേൽ, ലാലു, മാളു തുടങ്ങിയവർ അവതാരകരായിരുന്നു.
മിസ് കാനഡ വിഭാഗത്തിൽ ആഷ്ലി ജയിംസ്, അപർണ രാജേഷ് നായർ, ഷാരൺ ഡോൺ, രംഗി രഘുനന്ദനൻ, ആതിര മേനോൻ, അഥർവ വെള്ളപ്പറമ്പിൽ, മാളവിക ഷീജ ഷിമ്മി, അനീഷ ജോർജ്, ചിത്ര കെ. മേനോൻ, ദിവ്യ ജോർജ് പനയ്ക്കൽ, ഷൈമ ചിറയ്ക്കൽ, ജെമിമ മേരി അനിൽ എന്നിവരും മിസിസ് വിഭാഗത്തിൽ, അർഷിദ അനിമേഷ്, നിഷ തോമസ്, ലക്ഷ്മി മോഹൻദാസ്, റെനി രഘുനാഥ്, വിദ്യ ഹരിസ ദീപ്തി ദാസ്, നീതു നൈനാൻ, അനുപമ ഗണേശൻ, കിത്തു വർഗീസ്, ഡൈന ക്രിസ്റ്റഫർ, അനു ഫിലിപ്പ് എന്നിവരും ഫൈനലിസ്റ്റുകളായി മൽസരവേദിയിലെത്തി.