ADVERTISEMENT

നിന്നെക്കൊണ്ട് ഇതൊന്നും നടക്കില്ലെന്നേ... വെറുതേ സമയം കളയാമെന്നല്ലാതെ... ഓരോ പ്രാവശ്യവും ശരീരഭാരം കുറയ്ക്കാൻ ഇറങ്ങുമ്പോൾ കാസർഗോഡ് സ്വദേശിയായ വിജി കേട്ടിരുന്ന വാക്കുകളാണിത്. എങ്ങനെ അവർ പറയാതിരിക്കും ഞാൻ അത്രയ്ക്കും പരീക്ഷണങ്ങൾ നടത്തിയിട്ടില്ലേ.. ഒന്നും ഫലം കണ്ടിട്ടുമില്ല. അതുകൊണ്ട് അവരെ ആരെയും കുറ്റം പറയാൻ പറ്റില്ലല്ലോ. പക്ഷേ ഇത്തവണ അവർ ശരിക്കും ഞെട്ടിപ്പോയി കേട്ടോ. എങ്ങനെയാ ഞെട്ടിച്ചതെന്നല്ലേ, പറയാം

ഇത് വല്ലാത്തൊരു തടി ആയിപ്പോയി

വിവാഹത്തിനു മുൻപു വരെ എന്റെ ശരീരഭാരം 60 കിലോയായിരുന്നു. അതിനപ്പുറം കടന്നിട്ടേ ഇല്ല. വിവാഹശേഷം മൂന്നു വർഷം കഴിഞ്ഞാണ് ഗർഭിണി ആകുന്നത്. മൂന്നു നാലു മാസം മുതലേ വിശ്രമം ആയിരുന്നു. താമസിച്ച് ഗർഭിണി ആയതിനാൽത്തന്നെ ആവശ്യത്തിലുമധികം പരിലാളനകളും കിട്ടി. ഇതെല്ലാ പ്രതിഫലിച്ചത് എന്റെ ശരീരത്തിലായിരുന്നു. 60–ൽ നിന്ന് ഒറ്റയടിക്ക് എത്തിയത് 89 കിലോയിലേക്കായിരുന്നു. പിന്നെ എത്രയൊക്കെ ശ്രമിച്ചിട്ടും അതു കുറയ്ക്കാൻ സാധിക്കുന്നില്ലെന്നതായിരുന്നു സത്യം.

അദ്ഭുത നാരങ്ങാവെള്ളം തുടങ്ങി യുട്യൂബിലെ സകല വെയ്റ്റ്‌ലോസ് വിഡിയോകളും ഞാന്‍ പരീക്ഷിച്ചു. എവിടുന്ന് ഈ തടി വിട്ടുപോകാൻ. ഓരോ പരീക്ഷണങ്ങളും കഴിയുമ്പോൾ  എല്ലാവരും എന്നെ കളിയാക്കി ചിരിക്കും. ഞാൻതന്നെ തോൽവി സമ്മതിക്കും. നടുവേദന പോലുള്ള പ്രശ്നങ്ങൾ കണ്ടപ്പോൾ അമ്മായി അമ്മ വിചാരിച്ചു ഈ തടി കൂടിയിട്ടാകുംന്ന്. അതിനാൽ അമ്മ തന്നെ യോഗ ക്ലാസ്സിനു  പോകാൻ നിർദ്ദേശിച്ചു. നാലഞ്ചു വർഷമായി ഉറച്ചുപോയ തടിയല്ലേ, അത്ര പെട്ടെന്നൊന്നും അതു കുറയില്ലല്ലോ. പെട്ടെന്ന് തടി കുറയുമെന്ന വിചാരിച്ച ഞാൻ യോഗ എനിക്കു സാധിക്കില്ലെന്നു കണ്ടു നിർത്തി. അവസാനം എല്ലാവരും പറഞ്ഞു, നിനക്ക് ഇനി തടി കുറയാൻ പോകുന്നില്ല, നീ എന്നും തടിച്ചിതന്നെ ആയിരിക്കുംന്ന് പറഞ്ഞ് തഴഞ്ഞ് ഇട്ടിരിക്കുവാരുന്നു. വല്ലപ്പോഴും കാണുമ്പോൾ ബന്ധുക്കൾക്കുമൊക്കെ പറയാനുണ്ടായിരുന്നു നീ വല്ലാണ്ടങ്ങ് തടിച്ചല്ലോ എന്നായിരുന്നു.

തോൽവി സമ്മതിക്കാതെ ഞാൻ

പക്ഷേ അങ്ങനെയങ്ങ് തോറ്റു കൊടുക്കാൻ ഞാൻ തയാറായിരുന്നില്ല. ഇവരെക്കൊണ്ടെല്ലാം മാറ്റി പറയിച്ചിട്ടേ ഇനി കാര്യമുള്ളു എന്നു ചിന്തിച്ച് വീണ്ടും വെയ്റ്റ്‌ലോസ് ടിപ്സിനു പിറകേ പോയി. അങ്ങനെയുള്ള അന്വേഷണത്തിനിടയിലാണ് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്കിലൂടെ ഹബീബിന്റെ വെയ്റ്റ്‌ലോസ് ചാലഞ്ച് കാണുന്നത്. ആ ഗ്രൂപ്പിന്റെ ഭാഗമായതോടെ ഇവിടെ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ക്രെഡിറ്റ് ഗോസ് ടു ദാറ്റ് ഗ്രൂപ്പ്, പകുതി എനിക്കും

ഗ്രൂപ്പിന്റെ ഭാഗമായതോടെ ബാക്കിയുള്ള അംഗങ്ങളെല്ലാം പരസ്പരം മോട്ടിവേറ്റ് ചെയ്യാൻ തുടങ്ങി. ഗ്രൂപ്പിൽ പറയുന്ന നിർദ്ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതി കഴിഞ്ഞ ഫലം അറിയാൻ ഞാൻ കാത്തിരുന്നതിനെക്കാൾ ആവേശത്തോടെയായിരുന്നു ഓരോ മാസവും വെയ്റ്റ് മെഷീനിൽ ഭാരം നോക്കാൻ കാത്തിരുന്നത്. ആദ്യമൊക്കെ കുറയാൻ അൽപ്പം ബുദ്ധിമുട്ടായിരുന്നു. എല്ലാവരും പറഞ്ഞതു പോലെ വലിയ വ്യത്യാസങ്ങളൊന്നും എനിക്ക് പറയാനുണ്ടായില്ല. അപ്പോഴും ഗ്രൂപ്പിലുള്ളവർ നൽകിയ പിന്തുണയും ആശ്വാസവാക്കുകളും ചില്ലറയൊന്നുമല്ല എനിക്കുതന്ന പ്രോത്സാഹനം.

ഇതായിരുന്നു ആ ഡയറ്റ്

കാർബോഹൈഡ്രേറ്റിന്റെയും ഫാറ്റിന്റെയും അളവ് കുറച്ച്, പ്രോട്ടീന്റെ അളവ് കൂട്ടിയുള്ള ഡയറ്റാണ് പിന്തുടർന്നത്. ഹിപ്പിലൊക്കെ നല്ല ഫാറ്റ് ഡിപ്പോസിഷൻ ഉണ്ടായിരുന്നു. അതുകൊണ്ട് ഹബീബ് പറഞ്ഞതിലും ഫാറ്റ് കുറച്ചു. കൂടുതൽ ഭാഗം പ്രോട്ടീനും പച്ചക്കറികളുമാക്കി. കഴിക്കാൻ ഏറ്റവും ഇഷ്ടം ചോറ് ആയിരുന്നു. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോറിന്റെ അപകടം ഈ പോസ്റ്റ് വഴിയായിരുന്നു മനസ്സിലായത്. ഉച്ചയ്ക്ക് മാത്രം വളരെക്കുറച്ച്, ഒരു ചെറിയ ടീ കപ്പ് എന്നു പറയാം അത്ര അളവിൽ മാത്രമാക്കി ചോറ്. ചോറ് കുറച്ചപ്പോൾതന്നെ വലിയൊരു ആശ്വാസമായിരുന്നു. കൂടാതെ ഗ്രൂപ്പിൽ പറയുന്ന വർക്ക്ഔട്ടുകളെല്ലാം ചെയ്യുന്നുണ്ടായിരുന്നു.

ഒടുവിലെത്തി... ഭർത്താവിന്റെ ആ വിളി

പതിയെ പതിയെ ശരീരത്തിൽ നിന്നു ഭാരം നഷ്ടമാകുന്നത് അനുഭവിച്ചറിയാൻ തുടങ്ങി. ഓഗസ്റ്റ് പകുതിയിൽ 89 കിലോയിൽ ആരംഭിച്ചതാണ്. വെള്ളപ്പൊക്കം വന്ന ആ കുറച്ചു നാളുകൾ മാത്രമേ ഡയറ്റും വർക്ക്ഔട്ടുമൊക്കെ മുടങ്ങിയുള്ളു. ബാക്കി സയയത്തെല്ലാം വളരെ കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു. ഏഴു മാസം പിന്നിട്ടപ്പോഴേക്കും 15 കിലോ കുറച്ചു. എന്റെ കാര്യത്തിൽ എന്തോ വലിയ 'മിറാക്കിൾ' സംഭവിച്ചതാന്ന് തോന്നും. എന്നെ 'തടിച്ചി' അല്ലാതാക്കാൻ ശ്രമിച്ച അമ്മായി അമ്മയ്ക്കും അനിയന്റെ ഭാര്യയ്ക്കും ഏറെ സന്തോഷമായി. എനിക്കു കിട്ടിയ ഏറ്റവും വലിയ സർപ്രൈസും ഗിഫ്റ്റും സന്തോഷവുമൊക്കെ എന്താന്നുവച്ചാൽ വർഷങ്ങൾക്കു ശേഷം 'സുന്ദരീ...' എന്ന ഭർത്താവിന്റെ വിളി എന്നെത്തേടിയെത്തി എന്നതാണ്. ഭർത്താവ് ഗൾഫിൽ ആയതിനാൽ ഇടയ്ക്കിടെ ഫോട്ടോസിലൂടെയും വിഡിയോ കോളിലൂടെയുമാണ് കാണുന്നത്. അദ്ദേഹത്തിനും ഇതൊരു വലിയ സർപ്രൈസ് ആയിപ്പോയി. ഇത്രയും മാറ്റം ഉണ്ടാകുമെന്ന് അദ്ദേഹവും ചിന്തിച്ചിരുന്നില്ല. 

എല്ലാവരെയും അമ്പരപ്പിച്ച് ഈ ഞാൻ

ബന്ധുക്കളൊക്കെ തടി കൂടിയെന്നു പറയുമ്പോൾ വലിയ സങ്കടമായിരുന്നു. അന്നേരം രണ്ടു ദിവസം ഭക്ഷണമൊക്കെ തീരെ കുറച്ച് ഡയറ്റ് ചെയ്യും. വീണ്ടും പഴയപടി തന്നെ പോകും. പിന്നെ, ഫാമിലിയൊക്കെ ആയില്ലേ, ഇനി തടി കുറച്ചിട്ട് ആരെ കാണിക്കാനാ എന്നു കരുതി സ്വയമങ്ങ് ആശ്വസിക്കും. ഇപ്പോൾ 74 കിലോയിലെത്തിയെങ്കിലും എന്റെ ടാർജറ്റ് 65 കിലോയാണ്. രണ്ടു മൂന്നു മാസങ്ങൾ കൊണ്ട് അത്രയും എത്തുമെന്ന പ്രതീക്ഷയുണ്ട്. കളിയാക്കിയിരുന്ന ബന്ധുക്കൾക്കൊക്കെ ഏറെ സന്തോഷം. പെട്ടെന്ന് നീയങ്ങ് 'അമ്മച്ചി' ലുക്കിൽ ആയിപ്പോയാരുന്നു. ഇപ്പോൾ പഴയ വിജിയായി എന്നൊക്കെ അവർ പറയുന്നുണ്ട്. പഴയ കൂട്ടുകാരൊക്കെ ചോദിക്കുന്നുണ്ട് എങ്ങനെയാ ഇങ്ങനെ മാറിയതെന്നൊക്കെ. ഇനി തടി കൂടാതെ നോക്കണമെന്ന നിർദ്ദേശം അമ്മയും തന്നിട്ടുണ്ട്. അങ്ങനെയൊന്നും ഒരു കാര്യത്തിലും അഭിപ്രായം പറയാത്ത അളാണ് അച്ഛൻ. എല്ലാരും തടി കുറഞ്ഞെന്നൊക്കെ പറഞ്ഞപ്പോൾ, എന്നെ നോക്കിയിട്ട് ആ തടിയൊക്കെ കുറഞ്ഞല്ലോ എന്നൊരു സർപ്രൈസ് കമന്റ് അച്ഛനിൽ നിന്നും കിട്ടി. ഇനി 65 ആകുമ്പോൾ ഇതിലും വലിയ എന്തൊക്കെയോ സർപ്രൈസുകൾ കിട്ടുമെന്ന പ്രതീക്ഷയിലാ ഞാൻ. (ഭർത്താവ്, അച്ഛൻ, അമ്മ, അമ്മായി അമ്മ, കളിയാക്കി പിന്നെ നല്ല വാക്കു പറഞ്ഞ ബന്ധുക്കൾ എല്ലാവരും ശ്രദ്ധിക്കുമല്ലോ!) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com